നാൻസി പെലോസി
നാൻസി പെലോസി

യുഎസ് സ്പീക്കര്‍ നാന്‍സി പെലോസി തായ്‌വാനിൽ; തീക്കളിയെന്ന് ചൈന; മേഖലയില്‍ യുദ്ധസമാന സാഹചര്യം

തായ്‌വാനിലെ 23 ദശലക്ഷം ജനങ്ങളോടുള്ള അമേരിക്കയുടെ ഐക്യദാര്‍ഢ്യം എന്നത്തേക്കാളും പ്രാധാന്യം അര്‍ഹിക്കുന്നുവെന്ന് പെലോസി
Updated on
2 min read

ചൈനയുടെ മുന്നറിയിപ്പ് അവഗണിച്ച് അമേരിക്കന്‍ പാര്‍ലമെന്റ് സ്പീക്കര്‍ നാന്‍സി പെലോസി തായ്‌വാനിലെത്തി. അതീവ സുരക്ഷയാണ് സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഒരുക്കിയിരിക്കുന്നത്. അതേസമയം കനത്ത വില നല്‍കേണ്ടി വരുമെന്ന് ചൈന ആവര്‍ത്തിച്ചു. ചൈനയും അമേരിക്കയും സൈനിക വിന്യാസം ആരംഭിച്ചതോടെ യുദ്ധ സമാനമായ സാഹചര്യത്തിലാണ് മേഖല.

'തായ്‌വാന്‍ ജനതയോടുള്ള ഐക്യദാർഢ്യം'

അമേരിക്കന്‍ വ്യോമയാന വിമാനത്തില്‍ മലേഷ്യയില്‍ നിന്ന് പുറപ്പെട്ട പെലോസി രാത്രിയാണ് തായ്‌പേയി വിമാനത്താവളത്തില്‍ എത്തിയത്. ജനാധിപത്യത്തെ പിന്തുണയ്ക്കുന്നതിനുള്ള അമേരിക്കയുടെ അചഞ്ചലമായ പ്രതിബദ്ധത ഉയര്‍ത്തിക്കാട്ടുന്നതാണ് തായ്‌വാന്‍ സന്ദര്‍ശനമെന്ന് നാന്‍സി പെലോസി പ്രതികരിച്ചു. സ്വേച്ഛാധിപത്യത്തിനും ജനാധിപത്യത്തിനും ഇടയിലുള്ള തിരഞ്ഞെടുപ്പ് അനിവാര്യമായ ഈ കാലത്ത് തായ്‌വാനിലെ 23 ദശലക്ഷം ജനങ്ങളോടുള്ള അമേരിക്കയുടെ ഐക്യദാര്‍ഢ്യം എന്നത്തേക്കാളും പ്രാധാന്യം അര്‍ഹിക്കുന്നുവെന്നും വാര്‍ത്താ കുറിപ്പിലൂടെ പെലോസി വ്യക്തമാക്കി. തായ്‌വാനില്‍ വിമാനം ഇറങ്ങിയതിന് പിന്നാലെയായിരുന്നു സ്പീക്കറുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ പ്രസ്താവന ഇറക്കിയത്.

നാൻസി പെലോസി തായ്‌വാനിൽ
നാൻസി പെലോസി തായ്‌വാനിൽ

തീക്കളിയെന്ന് ചൈന

പെലോസിയുടെ സന്ദര്‍ശനം ചൈന കടുത്ത ഭാഷയില്‍ അപലപിച്ചു. അമേരിക്കന്‍ നടപടി തീക്കളിയെന്നും തീ കൊണ്ട് കളിച്ചവരൊക്കെ നശിച്ചു പോയിട്ടേ ഉള്ളു എന്നും പ്രസ്താവനയിലൂടെ ചൈന പ്രതികരിച്ചു. ചൈനയുടെ ഏക രാജ്യ സിദ്ധാന്തത്തിന് എതിരായി നിരന്തരം നടപടി എടുക്കുകയാണ് അമേരിക്കയെന്നും ഇത് അപകടകരമെന്നും ചൈന മുന്നറിയിപ്പ് നല്‍കി.

സന്ദർശനത്തിനെതിരായ പ്രതിഷേധം
സന്ദർശനത്തിനെതിരായ പ്രതിഷേധം

യുദ്ധ ഭീതിയില്‍ ഏഷ്യ

പെലോസിയുടെ സന്ദര്‍ശനതിന് മുന്‍പ് തന്നെ അതീവ ജാഗ്രതയിലായിരുന്നു മേഖല. പെലോസിയെത്തിയതോടെ സൈനിക നടപടിക്ക് ഒരുങ്ങുകയാണ് ചൈന. ചൈനീസ് സൈന്യം തീരമേഖലയില്‍ നിലയുറപ്പിച്ചിട്ടുണ്ട്. തായ്‌വാന്‍ കടലിടുക്കിന് മുകളിലൂടെ ചൈനീസ് സേനാ വിമാനം പറന്നു. അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ ജപ്പാനില്‍ നിന്ന് തായ്‌വാനിലേക്ക് പുറപ്പെട്ടു. പെലോസിയ്ക്ക് സുരക്ഷയൊരുക്കി തായ്‌വാന്‍ സേനയുമുണ്ട്.

തായ് പോയി നഗരത്തിലെ കെട്ടിടത്തിൽ തെളിഞ്ഞ സ്വാഗത സന്ദേശം
തായ് പോയി നഗരത്തിലെ കെട്ടിടത്തിൽ തെളിഞ്ഞ സ്വാഗത സന്ദേശം

ആഹ്ലാദവും പ്രതിഷേധവും

നാന്‍സി പെലോസിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ചൈനീസ് അനുകൂലികള്‍ തായ്‌വാനില്‍ പ്രതിഷേധിച്ചു. പെലോസി താമസിക്കുന്ന ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലിന് മുന്നിലും പ്രതിഷേധക്കാര്‍ തടിച്ചുകൂടി. തായ്‌വാന്‍ പ്രസിഡന്‌റ് സായ്‌ യിങ്വെനെ പെലോസി നാളെ സന്ദര്‍ശിക്കുമെന്നും അതിനുശേഷം പാര്‍ലമെന്റിലെത്തുമെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. തായ്‌വാന്‍ അനുകൂലികള്‍ അമേരിക്കന്‍ സ്പീക്കറുടെ വരവ് ആഘോഷിക്കുകയാണ്. തായ്‌പേയിയിലെ അംബരചുംബിയായ കെട്ടിടത്തില്‍ സ്വാഗത സന്ദേശമടക്കം തെളിയിച്ചാണ് തായ്‌വാന്‍ പെലോസിയെ വരവേറ്റത്.

ഇതോടെ അമേരിക്ക- ചൈന ബന്ധം കൂടതല്‍ വഷളാവുക മാത്രമല്ല, തെക്കന്‍ ഏഷ്യ യുദ്ധ ഭീതിയിലുമായി.

തായ്‌വാന്‍ തങ്ങളുടെ അധീനതയിലുള്ള മേഖലയാണെന്നും മറ്റ് രാജ്യങ്ങളുടെ പ്രതിനിധികള്‍ മേഖലയെ സ്വതന്ത്ര രാജ്യമായി പരിഗണിക്കരുത് എന്നുമാണ് ചൈനയുടെ നിലപാട്. വിദേശ സർക്കാർ പ്രതിനിധികളുടെ സന്ദര്‍ശനം തായ്‌വാന്റെ പരമാധികാരത്തിനുള്ള അംഗീകാരമായാണ് ചൈന വിലയിരുത്തുന്നത്. അതിനാലാണ് തങ്ങളുടെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടരുതെന്നും അമേരിക്കന്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ തായ്‌വാന്‍ സന്ദര്‍ശിക്കരുതെന്നും ചൈന നിലപാടെടുക്കുന്നത്. ചൈനീസ് മുന്നറിയിപ്പുകള്‍ മറികടന്നാണ് തായ്‌വാനിലെത്താന്‍ നാന്‍സി പെലോസി തയ്യാറായത് . ഇതോടെ അമേരിക്ക- ചൈന ബന്ധം കൂടതല്‍ വഷളാവുക മാത്രമല്ല, തെക്കന്‍ ഏഷ്യ യുദ്ധ ഭീതിയിലുമായി.

എക്കാലവും ചൈനീസ് വിരുദ്ധ ചേരിയില്‍ നിലയുറപ്പിച്ച നേതാവാണ് പെലോസി

25 വര്‍ഷത്തിനിടെ തായ്‌വാന്‍ സന്ദര്‍ശിക്കുന്ന ഏറ്റവും ഉയര്‍ന്ന റാങ്കിലുള്ള അമേരിക്കന്‍ പ്രതിനിധിയാണ് നാന്‍സി പെലോസി. ഏഷ്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് ഇപ്പോള്‍ തായ്‌വാനിലെത്തിയത്. സന്ദര്‍ശനത്തില്‍ ഔദ്യോഗികമായി തായ്‌വാനെ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും കുറച്ച് ദിവസമായി അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു.

അമേരിക്കന്‍ പ്രസിഡന്‌റ് ജോ ബൈഡനുമായുള്ള സംഭഷണത്തിനിടെ ചൈനീസ് പ്രസിഡന്‌റ് ഷീ ജിന്‍ പിങ് വിഷയത്തില്‍ എതിര്‍പ്പറിയിച്ചിരുന്നു. പിന്നാലെ സൈനിക പ്രകടനങ്ങളുമായി ചൈന അമേരിക്കയ്ക്ക് മുന്നറിയിപ്പും നല്‍കി. എക്കാലവും ചൈനീസ് വിരുദ്ധ ചേരിയില്‍ നിലയുറപ്പിച്ച പെലോസിയെ പിന്‍തിരിപ്പിക്കാന്‍ ഇതൊന്നും മതിയായിരുന്നില്ല.

logo
The Fourth
www.thefourthnews.in