ചുഴലിക്കാറ്റിൽ വൻ നാശനഷ്ടം; ന്യുസീലൻഡിൽ ദേശീയ അടിയന്തരാവസ്ഥ

ചുഴലിക്കാറ്റിൽ വൻ നാശനഷ്ടം; ന്യുസീലൻഡിൽ ദേശീയ അടിയന്തരാവസ്ഥ

ഇത് മൂന്നാംതവണയാണ് രാജ്യത്ത് അഠിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്.
Updated on
1 min read

ശക്തമായ ചുഴലിക്കാറ്റിനെതുടര്‍ന്ന് ന്യുസീലന്‍ഡില്‍ വന്‍ നാശനഷ്ടം. ശക്തമായ കാറ്റും വെള്ളപ്പൊക്കവും ദുരന്തം വിതയ്ക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് അടിന്തരാവസ്ഥ പ്രഖ്യാപിച്ചു. വൈദ്യുതി ബന്ധം താറുമാറായതോടെ ജനങ്ങള്‍ ബുദ്ധിമുട്ടിലാണ്. ഇത് മൂന്നാം തവണയാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. ക്രൈസ്റ്റ്ചര്‍ച്ച് ഭീകരാക്രമണത്തിന്‌റെ പശ്ചാത്തലത്തില്‍ 2019 ലും കോവിഡ് കാലത്തുമായിരുന്നു നേരത്തെ സമാനമായ പ്രഖ്യാപനം വന്നത്.

ന്യുസീലന്‍ഡില്‍ നിന്ന് ഇതുവരെ കണ്ടിട്ടില്ലാത്ത ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. ചരിത്രത്തിലുണ്ടായിട്ടില്ലാത്ത പ്രകൃതി ദുരന്തമാണ് രാജ്യം നേരിടുന്നതെന്ന് ദുരന്ത നിവാരണ വകുപ്പ് മന്ത്രി കെയ്‌റന്‍ മക്അനള്‍ട്ടി പ്രതികരിച്ചു. ഗബ്രിയല്ലെ ചുഴലിക്കാറ്റിന്‌റെ സ്വാധീനത്തില്‍ രാജ്യത്ത് ആകെ കനത്തമഴയും കാറ്റുമാണ് ഉണ്ടാകുന്നത്. ഞായറാഴ്ച തുടങ്ങിയ പേമാരി തുടര്‍ന്നതോടെ പലയിടങ്ങളും വെള്ളത്തിനടിയിലായി. ചെവ്വാഴ്ച വൈകീട്ടോടെ സ്ഥിതി നിയന്ത്രണ വിധേയമാകുമെന്നാണ് വിലയിരുത്തല്‍.

ജനുവരി അവസാനം ഓക്ലാന്‍ഡ് മേഖലയിൽ അപ്രതീക്ഷിതമായ ശക്തമായി മഴപെയ്തത് വെള്ളപ്പൊക്കത്തിന് ഇടയാക്കിയിരുന്നു. നാല് പേരാണ് കനത്തമഴയില്‍ അന്ന് കൊല്ലപ്പെട്ടത്. ഇതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ ചുഴലിക്കാറ്റ് നാശം വിതയ്ക്കുന്നത്. കടല്‍ പലയിടങ്ങളിലും കരകയറി, ഉയര്‍ന്ന പ്രദേശങ്ങളില്‍ മണ്ണിടിച്ചിലും രൂക്ഷമാണ്. ചുഴലിക്കാറ്റിന്‌റെ പശ്ചാത്തലത്തില്‍ ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. 46,000ത്തോളം വീടുകളില്‍ വൈദ്യുതബന്ധം വിച്ഛേദിക്കപ്പെട്ടു. പൊതുഗതാഗതമടക്കം തടസപ്പെട്ടു. എയര്‍ ന്യുസീലന്‍ഡ് അഞ്ഞൂറിലധികം വിമാന സര്‍വീസുകള്‍ റദ്ദാക്കി.

logo
The Fourth
www.thefourthnews.in