എല്ലാ സഖ്യകക്ഷികളെയും പ്രതിരോധിക്കാന്‍ തയാര്‍; ട്രംപിന്റെ വിവാദ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി നാറ്റോ
നാറ്റോ സഖ്യകക്ഷികള്‍ അവരുടെ സാമ്പത്തിക ബാധ്യതകള്‍ നിറവേറ്റിയില്ലെങ്കില്‍ റഷ്യയോട് ആക്രമിക്കാന്‍ പറയുമെന്ന മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ നാറ്റോ അധ്യക്ഷന്‍ ജെന്‍സ് സ്‌റ്റോള്‍ട്ടണ്‍ബര്‍ഗ്. പാശ്ചാത്യ സൈനിക സഖ്യങ്ങള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ ഐക്യത്തിലൂടെയും ശക്തമായ പ്രതികരണങ്ങളിലൂടെയും നേരിടുമെന്ന് അദ്ദേഹം പറഞ്ഞു. സഖ്യകക്ഷികള്‍ പരസ്പരം പ്രതിരോധിക്കില്ലെന്ന നിര്‍ദേശങ്ങള്‍ അമേരിക്കയടക്കമുള്ള രാജ്യങ്ങളുടെ സുരക്ഷയെ ദുര്‍ബലപ്പെടുത്തുമെന്നും ഇത് അമേരിക്കയുടെയും യൂറോപ്പി ന്റെയും സൈനികരെ കൂടുതല്‍ അപകടത്തിലാക്കുമെന്നും സ്‌റ്റോള്‍ട്ടണ്‍ബര്‍ഗ് പ്രസ്താവനയില്‍ പറയുന്നു.
ആര് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാലും അമേരിക്ക ശക്തവും പ്രതിബദ്ധവുമായ നാറ്റോ സഖ്യ കക്ഷിയായിരിക്കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാ സഖ്യ കക്ഷികളെയും പ്രതിരോധിക്കാന്‍ നാറ്റോ തയ്യാറാണെന്നും സ്‌റ്റോള്‍ട്ടണ്‍ബര്‍ഗ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം തെക്കേ കരോലിനയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ വെച്ചായിരുന്നു ന്യായമായ വിഹിതം നല്‍കുന്നില്ലെന്ന് തോന്നുന്ന അമേരിക്കയുടെ നാറ്റോ സഖ്യ കക്ഷിയായ ഏത് രാജ്യത്തെയും ആക്രമിക്കാന്‍ റഷ്യയോട് ട്രംപ് ആഹ്വാനം ചെയ്തത്.
എന്നാല്‍ ട്രംപിന്റെ പരാമര്‍ശം ഞെട്ടിക്കുന്നതും അനിയന്ത്രിതവുമാണെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. 'നാം ഒന്ന്, നമുക്ക് വേണ്ടി' (one for all, all for one) എന്നതാണ് നാറ്റോയുടെ മുദ്രാവാക്യമെന്ന് പോളിഷ് പ്രതിരോധ മന്ത്രി വ്‌ളാഡിസ്ലോ കോസിനിയാക്-കമിസ് സമൂഹ മാധ്യമമായ എക്‌സിലൂടെ പ്രതികരിച്ചു. ''സഖ്യ കക്ഷിയായ രാജ്യങ്ങളുടെ വിശ്വാസ്യത ദുര്‍ബലപ്പെടുന്നത് നാറ്റോയെ മൊത്തത്തില്‍ ദുര്‍ബലമാക്കും. സഖ്യകക്ഷിയുടെ സുരക്ഷയെ മുന്‍നിര്‍ത്തി കളിക്കുന്നത് തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കണക്കാക്കാന്‍ സാധിക്കില്ല'', അദ്ദേഹം പറഞ്ഞു.
നാറ്റോയുടെ സുരക്ഷയെക്കുറിച്ച് വീണ്ടുവിചാരമില്ലാത്ത പ്രസ്താവനയാണ് ട്രംപ് നടത്തിയതെന്ന് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ചാള്‍സ് മൈക്കിളും എക്‌സില്‍ കുറിച്ചു. പരാമര്‍ശം റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ താല്‍പര്യങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം യുക്രെയ്‌ന് നല്‍കുന്ന സാമ്പത്തിക സഹായത്തേയും നാറ്റോയുടെ നിലനില്പിനെയും ട്രംപ് ചോദ്യം ചെയ്തിരുന്നു. റഷ്യയെ പ്രതിരോധിക്കാന്‍ വലിയ തുക ചെലവഴിക്കുന്നതില്‍ ട്രംപ് ആശങ്കയും പ്രകടിപ്പിച്ചിരുന്നു. നാറ്റോയില്‍ അംഗങ്ങളായ രാജ്യങ്ങള്‍ നല്‍കേണ്ട പണം നല്‍കാത്തവരെ റഷ്യ ആക്രമിച്ചാല്‍ സഹായിക്കാന്‍ അമേരിക്ക ഉണ്ടാകില്ലെന്ന് താന്‍ സഖ്യത്തിന്റെ ചര്‍ച്ചയില്‍ പറഞ്ഞിട്ടുണ്ടെന്നും ട്രംപ് സൗത്ത് കരോലിനയിലെ പ്രസംഗത്തിനിടെ പറഞ്ഞു. നാറ്റോയുടെ ഏത് ചര്‍ച്ചയിലാണ് ഇക്കാര്യം പറഞ്ഞതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. നാറ്റോ ഉടമ്പടിയില്‍ അംഗരാജ്യങ്ങള്‍ ആക്രമിക്കപ്പട്ടാല്‍ പരസ്പരം പ്രതിരോധിക്കുമെന്ന വ്യവസ്ഥ അടങ്ങിയിട്ടുണ്ട്.