'ആരോടും പ്രതികാരമില്ല'; മകൾ രാഷ്ട്രീയ പിൻഗാമിയായേക്കുമെന്ന സൂചനയുമായി നവാസ് ഷെരീഫ്
സഹോദരനും മുൻ പ്രധാനമന്ത്രിയുമായ ഷഹ്ബാസ് ഷെരീഫിന് പകരം മകളും പാകിസ്താൻ മുസ്ലിം ലീഗ് (എൻ) പാർട്ടിയുടെ സീനിയർ വൈസ് പ്രസിഡന്റുമായ മറിയമായിരിക്കും തന്റെ രാഷ്ട്രീയ പിൻഗാമിയെന്ന് സൂചന നൽകി നവാസ് ഷെരിഫ്. കഴിഞ്ഞ ദിവസം മിനാർ ഇ പാകിസ്താനിൽ വൻ ജനാവലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു പാകിസ്താൻ മുൻ പ്രധാനമന്ത്രിയുടെ പരോക്ഷ പ്രഖ്യാപനം. നാല് വർഷത്തിന് ശേഷം ശനിയാഴ്ചയാണ് നവാസ് ഷെരിഫ് സ്വന്തം നാട്ടിലേക്ക് മടങ്ങിയെത്തുന്നത്. അതിന്റെ ഭാഗമായി നടത്തിയ റാലിയിൽ 'താൻ മണ്ണിന്റെ മകനാണ്, മറിയം മണ്ണിന്റെ മകളും' എന്ന് നവാസ് ഷെരിഫ് പറഞ്ഞിരുന്നു.
മൂന്ന് തവണ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരിഫ് അഴിമതി കേസിൽ ഏഴ് വർഷം ശിക്ഷിക്കപ്പെട്ട് ലാഹോർ ജയിലിൽ കഴിയവെയാണ് ചികിത്സയ്ക്കായി 2019ൽ ലണ്ടനിലേക്ക് പോകുന്നത്. ജനുവരി അവസാനത്തോടെ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായാണ് നവാസ് ഷെരീഫിന്റെ മടങ്ങിവരവ്. ദുബൈയില്‍ നിന്ന് പ്രത്യേകം ചാർട്ട് ചെയ്ത വിമാനത്തിലായിരുന്നു കഴിഞ്ഞ ദിവസം ലാഹോറിലെത്തിയത്.
തന്നെ അധികാരത്തിൽനിന്ന് പുറത്താക്കിയവരോട് പ്രതികാരം ചോദിക്കാനല്ല വന്നതെന്ന് റാലിയിൽ നവാസ് ഷെരിഫ് പറഞ്ഞു. രാജ്യത്തിന്റെ ഭരണഘടനയെ ശക്തിപ്പെടുത്താൻ എല്ലാവരും ഒരുമിച്ച് നിൽക്കണം. അയൽരാജ്യങ്ങളുമായി പോരടിച്ചുകൊണ്ട് പുരോഗതിനേടാൻ കഴിയില്ല. മികച്ച വിദേശനയം രൂപീകരിക്കുകയും അയൽരാജ്യങ്ങളുമായി നല്ല ബന്ധം സ്ഥാപിക്കുകയും വേണമെന്നും ഇന്ത്യയെ പേരെടുത്ത് പറയാതെ അദ്ദേഹം പറഞ്ഞു. പക്ഷേ വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിനെക്കുറിച്ച് ഒന്നും പറയാൻ അദ്ദേഹം തയാറായില്ല.
മൂന്ന് തവണ പാകിസ്താൻ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരിഫ് അഴിമതി കേസിൽ ശിക്ഷിക്കപ്പെട്ടിട്ടുള്ളതിനാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാനോ പ്രധാനമന്ത്രി പദം അലങ്കരിക്കാനോ സാധിക്കില്ല. എന്നാൽ കേസിൽ പുതിയ അപ്പീൽ നൽകാൻ പദ്ധതിയിടുന്നതായി അദ്ദേഹത്തിന്റെ അഭിഭാഷക സംഘം അറിയിച്ചിരുന്നു. അറസ്റ്റിൽനിന്ന് സംരക്ഷണം നൽകികൊണ്ടുള്ള കോടതി ഉത്തരവ് ഈ മാസം 24ന് അവസാനിക്കും.
നവാസ് ഷെരീഫ് മടങ്ങിയെത്തിയപ്പോൾ നൽകിയ വിവിഐപി സുരക്ഷയെ എതിർകക്ഷിയായ ഇമ്രാൻ ഖാന്റെ പാകിസ്താൻ തെഹ്‌രീക്-ഇ-ഇൻസാഫ് ശക്തമായി വിമർശിച്ചിരുന്നു. ഒളിച്ചോടിയ ഒരു കുറ്റവാളി തിരിച്ചെത്തിയപ്പോൾ പഞ്ചാബ് സർക്കാരിന്റെയും ഫെഡറൽ ഏജൻസികളുടെയും സർവ സംവിധാനങ്ങളും ഉപയോഗിച്ചുവെന്നും പിടിഐ ആരോപിച്ചിരുന്നു.