രണ്ടാം ലോക യുദ്ധകാലത്ത് 10,500 ലേറെ പേരെ കൊലപ്പെടുത്തി;97കാരിയായ മുൻ നാസി സെക്രട്ടറിക്ക് തടവ് ശിക്ഷ വിധിച്ച് കോടതി
രണ്ടാം ലോക മഹായുദ്ധകാലത്ത് 10,500ലധികം ആളുകളെ കൊലപ്പെടുത്തിയതിന് 97 കാരിയായ സ്ത്രീയെ രണ്ട് വർഷം തടവിന് ശിക്ഷ വിധിച്ച് ജർമ്മൻ കോടതി. നാസി കോൺസൻട്രേഷൻ ക്യാമ്പിലെ കമാൻഡറുടെ സെക്രട്ടറിയായും ടൈപ്പിസ്റ്റായും ജോലി ചെയ്തിരുന്ന ഇർംഗാർഡ് ഫർച്നർ എന്ന സ്ത്രീയെയാണ് കോടതി തടവ് ശിക്ഷക്ക് വിധിച്ചത്. കുറ്റകൃത്യങ്ങൾ നടക്കുമ്പോൾ ഫർച്നർന് 18 വയസ് മാത്രമേ പ്രായം ഉണ്ടായിരുന്നുള്ളൂ എന്നതിനാൽ ജുവനൈൽ നിയമപ്രകാരമാണ് ശിക്ഷിച്ചത്.
1943 നും 1945 നും ഇടയിലാണ് സ്റ്റട്ട്‌തോഫ് തടങ്കൽപ്പാളയത്തിൽ ഫർച്നർ ജോലി ചെയ്തത്. ക്യാമ്പ് കമാൻഡന്റ് ഓഫീസിലെ സ്റ്റെനോഗ്രാഫറായും ടൈപ്പിസ്റ്റായും ജോലി ചെയ്ത ഫർച്നർ തടവിലാക്കപ്പെട്ടവരെ ആസൂത്രിതമായി കൊലപ്പെടുത്താൻ ക്യാമ്പിന്റെ ചുമതലയുള്ളവരെ സഹായിക്കുകയായിരുന്നുവെന്നാണ് കണ്ടെത്തൽ.
പതിറ്റാണ്ടുകൾക്ക് ശേഷം നാസി കുറ്റകൃത്യങ്ങൾക്ക് വിചാരണ നേരിടുന്ന ആദ്യത്തെ വനിതയാണ് ഇർംഗാർഡ് ഫർച്നർ. ഒരു സാധാരണ തൊഴിലാളി ആയിരുന്നെങ്കിൽ കൂടി ക്യാമ്പിൽ എന്താണ് സംഭവിക്കുന്നത് എന്നതിനെ കുറിച്ച് അവർക്ക് വ്യക്തമായി ബോധ്യമുണ്ടായിരുന്നു എന്ന് ജഡ്ജി ചൂണ്ടിക്കാട്ടി. 10,505 പേരെ കൊലപ്പെടുത്താൻ സഹായിച്ചതിനും മറ്റ് അഞ്ച് പേരെ കൊലപ്പെടുത്താൻ ശ്രമിച്ചതിനും ഫർച്നർ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി.
സ്റ്റട്ട്‌തോഫ് ക്യാമ്പിലെ തടവുകാരെ ചുറ്റിപ്പറ്റിയുള്ള കത്തിടപാടുകൾ കൈകാര്യം ചെയ്തിരുന്നത് ഫർച്നർ ആയിരുന്നു. കമാൻഡറിനായി ഫർച്നർ ടൈപ്പ് ചെയ്ത ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് അവർ ശിക്ഷിക്കപ്പെട്ടത്. താൻ ഈ ഉത്തരവുകൾ ടൈപ്പ് ചെയ്തതെന്നും അവ പാലിച്ചില്ലെന്നും ഫർച്നർ കോടതിയെ അറിയിച്ചു. തന്റെ അവസാന പ്രസ്താവനയിൽ, സംഭവിച്ച കാര്യങ്ങളിൽ ദുഃഖമുണ്ടെന്നും ആ സമയത്ത് താൻ സ്റ്റട്ട്‌തോഫിൽ ഉണ്ടായിരുന്നതിൽ ഖേദിക്കുന്നുവെന്നും ഫർച്നർ പറഞ്ഞു. ഫർച്‌നറുടെ മുഖം മാധ്യമങ്ങളിൽ വ്യക്തമായി കാണിക്കരുതെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
ഇപ്പോഴത്തെ പോളിഷ് നഗരമായ ഗ്ഡാൻസ്കിന് സമീപം സ്ഥിതി ചെയ്യുന്ന സ്റ്റട്ട്തോഫിൽ തടവുകാരെ കൊലപ്പെടുത്താൻ പല ക്രൂരമായ രീതികളാണ് ഉപയോഗിച്ചിരുന്നത്. ഗ്യാസോലിനോ ഫിനോളോ നേരിട്ട് ഹൃദയത്തിലേക്ക് കുത്തിവെച്ചും വെടിവെച്ചും പട്ടിണിക്കിട്ടും ആളുകളെ കൊലപ്പെടുത്തി. മറ്റുചിലരെ ശീതകാലത്ത് വസ്ത്രം ധരിക്കാതെ പുറത്തുപോകാൻ നിർബന്ധിക്കുമായിരുന്നു. അവർ കൊടും തണുപ്പ് സഹിക്കാൻ വയ്യാതെയോ ഗ്യാസ് ചേമ്പറിൽ കൊല്ലപ്പെടുകയോ ചെയ്തു. 60,000ത്തിലധികം ആളുകളാണ് അവിടെ കൊല്ലപ്പെട്ടത്. തടവിലാക്കപ്പെട്ടവരിൽ പതിനായിരക്കണക്കിന് ജൂതന്മാരും പോളണ്ടിലെ സാധാരണ ജനങ്ങളും സോവിയറ്റ് സൈനികരും രാഷ്ട്രീയതടവുകാരും ഉൾപ്പെട്ടിരുന്നു.
അതിനിടെ 2021 സെപ്റ്റംബറിൽ വിചാരണ ആരംഭിച്ചപ്പോൾ, ഇംഗാർഡ് ഫർച്നർ തന്റെ റിട്ടയർമെന്റ് ഹോമിൽ നിന്ന് ഓടിപ്പോവുകയും ഒടുവിൽ ഹാംബർഗിലെ ഒരു തെരുവിൽ നിന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. സ്റ്റട്ട്‌തോഫ് കമാൻഡന്റ് പോൾ-വെർണർ ഹോപ്പിനെ 1955ൽ കൊലപാതകവുമായി ബന്ധപ്പെട്ട് ജയിലിലടച്ചെങ്കിലും അഞ്ച് വർഷങ്ങൾക്ക് ശേഷം വിട്ടയയ്ക്കുകയായിരുന്നു.
വിചാരണ വേളയിൽ, ജഡ്ജിയുൾപ്പെടെയുള്ള കോടതി ഉദ്യോഗസ്ഥർ സ്റ്റട്ട്തോഫിലെ തടവുകാരെ പാർപ്പിച്ചിരുന്ന സ്ഥലം സന്ദർശിച്ചിരുന്നു. അവിടെ ഫർച്നറുടെ മേശയുൾപ്പെടെ ഗ്യാസ് ചേമ്പറുകൾ, ഒരു ശ്മശാനം, തൂക്കുമരം എന്നിവ ഉണ്ടായിരുന്നുവെന്നതിന്റെ സൂചനകൾ ലഭിച്ചിരുന്നു. ക്യാമ്പിലെ ഏറ്റവും മോശം അവസ്ഥകൾ കമാൻഡന്റിന്റെ ഓഫീസിൽ നിന്ന് ഫർച്നർക്ക് കാണാൻ കഴിഞ്ഞുവെന്നും സന്ദർശനത്തിൽ നിന്ന് ജഡ്ജിമാർക്ക് വ്യക്തമായി. 1944 ജൂണിനും ഒക്‌ടോബറിനും ഇടയിൽ 48,000 ആളുകളെ വഹിച്ചുകൊണ്ടുള്ള 27 വാഹനങ്ങൾ സ്റ്റട്ട്‌തോഫിൽ എത്തിയതായി ചരിത്രകാരൻ സ്റ്റെഫാൻ ഹോർഡ്ലർ വിചാരണ വേളയിൽ പറഞ്ഞു. നാസി കാലഘട്ടത്തിലെ കുറ്റകൃത്യങ്ങളിൽ ജർമ്മനിയിൽ നടന്ന അവസാനത്തെ വിചാരണ ഫർച്നറുടെതായിരിക്കാം. എന്നാലും ചില കേസുകളിൽ ഇപ്പോഴും അന്വേഷണം നടക്കുന്നുണ്ട്.