'മാനസികാരോഗ്യമുള്ള പ്രസിഡന്റിനെയാണ് ആവശ്യം'; ബൈഡനെ സ്ഥാനത്തുനിന്ന് നീക്കണമെന്ന് അറ്റോർണി ജനറല്‍

'മാനസികാരോഗ്യമുള്ള പ്രസിഡന്റിനെയാണ് ആവശ്യം'; ബൈഡനെ സ്ഥാനത്തുനിന്ന് നീക്കണമെന്ന് അറ്റോർണി ജനറല്‍

നിരവധി റിപ്പബ്ലിക്കന്‍ നേതാക്കള്‍ സമാന ആവശ്യം നേരത്തെ തന്നെ ഉന്നയിച്ചിരുന്നു. മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപാണ് ഈ ആവശ്യം കഴിഞ്ഞ സെപ്തംബറില്‍ ആദ്യമായി ഉന്നയിച്ചത്
Updated on
1 min read

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തുനിന്ന് ജോ ബൈഡനെ നീക്കണമെന്ന് വൈസ് പ്രസിഡന്റ് കമല ഹാരിസിനോട് ആവശ്യപ്പെട്ട് വെസ്റ്റ് വിർജീനിയ അറ്റോർണി ജനറല്‍ പാട്രിക്ക് മോറിസെ. പ്രസിഡന്റ് എന്ന നിലയില്‍ കടമകള്‍ നിർവഹിക്കാന്‍ 81കാരനായ ബൈഡന് ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് നീക്കം. ഇതിനായി യുഎസ് ഭരണഘടനയിലെ 25-ാം ഭേദഗതി ഉപയോഗിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

അടുത്തിടെ പുറത്തിറങ്ങിയ 388 പേജുള്ള പ്രത്യേക കൗണ്‍സല്‍ റിപ്പോർട്ടിന്റെ ചുവടുപിടിച്ചാണ് നീക്കം. റിപ്പോർട്ടില്‍ 'ഓർമ്മക്കുറവുള്ള വൃദ്ധന്‍' എന്നാണ് ബെഡനെ വിശേഷിപ്പിച്ചിരിക്കുന്നത്. റിപ്പോർട്ടില്‍ ചൂണ്ടിക്കാണിക്കുന്ന ബൈഡന്റെ പ്രശ്നങ്ങള്‍ക്ക് അടിയന്തര ശ്രദ്ധ ആവശ്യമാണെന്നും മാനസികാരോഗ്യമുള്ള പ്രസഡിന്റിനെയാണ് രാജ്യത്തിന് ആവശ്യമെന്നും അറ്റോർണി ജനറല്‍ പറഞ്ഞു.

ദീർഘകാലമായി ഒരു പ്രസിഡന്റിന്റെ വൈജ്ഞാനിക വീഴ്ചയ്ക്ക് അമേരിക്കയിലെ ജനത സാക്ഷ്യം വഹിക്കേണ്ടതായി വന്നിരിക്കുന്നുവെന്നും റിപ്പബ്ലിക്കന്‍ നേതാവ് കൂടിയായ പാട്രിക്ക് പറയുന്നു. പൊതുപരിപാടികളിലേയും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലേയും ബൈഡന്റെ വീഴ്ചയും പാട്രിക്ക് എടുത്തു പറയുന്നുണ്ട്.

'മാനസികാരോഗ്യമുള്ള പ്രസിഡന്റിനെയാണ് ആവശ്യം'; ബൈഡനെ സ്ഥാനത്തുനിന്ന് നീക്കണമെന്ന് അറ്റോർണി ജനറല്‍
ഇസ്രയേലിന് ഡ്രോണുകൾ ഇന്ത്യയിൽനിന്ന്; അദാനിക്ക് നിയന്ത്രണമുള്ള സ്ഥാപനം കൈമാറിയത് ഇരുപതിലധികം ഡ്രോണുകളെന്ന് റിപ്പോർട്ട്

മുന്‍ പ്രസിഡന്റ് ജോണ്‍ എഫ്‌ കെന്നഡിയുടെ കൊലപാതകത്തിനെ തുടർന്ന് പ്രസിഡന്റിന്റെ പിന്തുടർച്ച വ്യക്തമാക്കുന്നതിനായി യുണൈറ്റഡ് സ്റ്റേറ്റ്സ് കോണ്‍ഗ്രസ് 1965ലാണ് 25-ാം ഭേദഗതി പാസാക്കിയത്. പ്രസിഡന്റിന് ശാരീരിക ബുദ്ധിമുട്ടുകളുണ്ടെങ്കില്‍ സ്ഥാനത്തു നിന്ന് നീക്കാന്‍ വൈസ് പ്രസിഡന്റിനും കാബിനെറ്റിനും അധികാരം നല്‍കുന്ന വകുപ്പും ഇതില്‍ ഉള്‍പ്പെടുന്നു, പാട്രിക്ക് ചൂണ്ടിക്കാണിച്ചു.

അമേരിക്കയുടെ ചരിത്രത്തില്‍ ഇതുവരെ 25-ാം ഭേദഗതി ഉപയോഗിച്ചിട്ടില്ല. നിരവധി റിപ്പബ്ലിക്കന്‍ നേതാക്കള്‍ സമാന ആവശ്യം നേരത്തെ തന്നെ ഉന്നയിച്ചിരുന്നു. മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപാണ് ഈ ആവശ്യം കഴിഞ്ഞ സെപ്തംബറില്‍ ആദ്യമായി ഉന്നയിച്ചത്. അതേസമയം തന്റെ ശാരീരിക ക്ഷമത തെളിയിക്കാനുള്ള പരിശോധനകള്‍ക്ക് ബൈഡന്‍ തയാറാകില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചിട്ടുണ്ട്.

logo
The Fourth
www.thefourthnews.in