'സെറിലാക്കും നിഡോയും സേഫല്ല'; കുട്ടികള്‍ക്കുള്ള നെസ്‌ലെ ഉത്പന്നങ്ങളില്‍ പഞ്ചസാരയുടെ അളവ് കൂടുതലെന്ന് പഠനം

'സെറിലാക്കും നിഡോയും സേഫല്ല'; കുട്ടികള്‍ക്കുള്ള നെസ്‌ലെ ഉത്പന്നങ്ങളില്‍ പഞ്ചസാരയുടെ അളവ് കൂടുതലെന്ന് പഠനം

വികസ്വര- അവികസിത രാജ്യങ്ങളിൽ പുറത്തിറക്കുന്ന ഉത്‌പന്നങ്ങളിൽ മാത്രമാണ് നെസ്‌ലെ ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുന്നത് എന്നത് വിഷങ്ങളുടെ ഗൗരവം വർധിപ്പിക്കുന്നു
Updated on
2 min read

ലോകത്തെ ഏറ്റവും വലിയ ഉപഭോക്തൃ - ഉത്പന്ന ബ്രാൻഡായ നെസ്‌ലെയുടെ നവജാത ശിശുക്കൾക്കായി പുറത്തിറക്കുന്ന പാൽ ഉത്പന്നങ്ങളിൽ പഞ്ചസാരയുടെ അളവ് കൂടുതലെന്ന് കണ്ടെത്തൽ. സ്വിറ്റ്സർലാന്റ് ആസ്ഥാനമായുള്ള പബ്ലിക് ഐ എന്ന അന്വേഷണ ഏജൻസിയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. അമിതവണ്ണം, മറ്റ് ഗുരുതര രോഗങ്ങൾ എന്നിവ തടയാനായുള്ള അന്താരാഷ്ട്ര മാർഗനിർദേശങ്ങളുടെ നഗ്നമായ ലംഘനമാണ് നെസ്‌ലെയുടെ പ്രവൃത്തിയെന്നാണ് ആക്ഷേപം.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന നെസ്‌ലെയുടെ രണ്ട് ബേബി-ഫുഡ് ബ്രാൻഡകളാണ് നിഡോയും സെറിലാക്കും

അതേസമയം, വികസിത രാജ്യങ്ങളിലും വികസ്വര രാജ്യങ്ങളിലെയും വിപണികളില്‍ എത്തിക്കുന്ന ഉത്പന്നങ്ങളിളുടെ ചേവുകളിലും അളവിലെ വ്യത്യാസം പ്രകടമാണെന്നും പബ്ലിക് ഐ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മൂന്നാം ലോക രാജ്യങ്ങളിൽ വിതരണം ചെയ്യുന്ന ഉത്പന്നങ്ങളിൽ മാത്രമാണ് പഞ്ചസാരയുടെ അളവ് അധികമായി ചേർക്കുന്നതെന്നാണ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനം.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന നെസ്‌ലെയുടെ രണ്ട് ബേബി-ഫുഡ് ബ്രാൻഡകളാണ് നിഡോയും സെറിലാക്കും. ആറുമാസം മുതൽ രണ്ടുവയസുവരെയുള്ള കുട്ടികൾക്ക് നല്‍കുന്ന ഈ ഉത്പന്നങ്ങളിലാണ് ഉയർന്ന അളവിൽ പഞ്ചസാര അടങ്ങിയിട്ടുള്ളതായി കണ്ടെത്തിയത്. ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിലുള്ള രാജ്യങ്ങളിൽ വിതരണം ചെയ്യുന്ന ഉത്പന്നങ്ങളിൽ മാത്രമേ ഇത് കണ്ടെത്തിയിട്ടുള്ളു. അതേസമയം, യുകെ, ജർമനി, സ്വിറ്റ്സർലാൻഡ് പോലെയുള്ള വികസിത രാജ്യങ്ങളിൽ പഞ്ചസാര -രഹിത ഉത്പന്നമാണ് നെസ്‌ലെ ലഭ്യമാക്കുന്നത്.

ശിശുക്കൾക്കായുള്ള ഉത്പന്നങ്ങളിൽ പഞ്ചസാര ചേർക്കുന്നത് അപകടകരവും ആസക്തി ഉണ്ടാക്കുന്നതുമാണെന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്

ഇന്ത്യയിൽ ലഭ്യമായ സെറിലാക്കിന്റെ പതിനഞ്ച് ഉത്പന്നങ്ങളിലും ഒരു സെർവിംഗിൽ ശരാശരി 2.7 ഗ്രാം പഞ്ചസാര അടങ്ങിയിട്ടുണ്ടെന്ന് പബ്ലിക് ഐ റിപ്പോർട്ടിൽ പറയുന്നു. എത്യോപിയയിലും തായ്‌ലൻഡിലും ഇത് ആറ് ഗ്രാം വരെയാണ്. അതിനെല്ലാം പുറമെ, ഉത്പന്നങ്ങളിൽ അടങ്ങിയിട്ടുള്ള ധാതുക്കളുടെ വിവരപ്പട്ടികയിൽ പഞ്ചസാരയുടെ അളവ് സംബന്ധിച്ച വിവരങ്ങൾ പലപ്പോഴും നൽകാറില്ലെന്നും അന്വേഷണ സംഘം ആരോപിക്കുന്നു.

വികസ്വര- അവികസിത രാജ്യങ്ങളിൽ പുറത്തിറക്കുന്ന ഉത്‌പന്നങ്ങളിൽ മാത്രമാണ് നെസ്‌ലെ ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുന്നത് എന്നത് കാര്യങ്ങളുടെ ഗൗരവം വർധിപ്പിക്കുന്നുണ്ട്.

ശിശുക്കൾക്കായുള്ള ഉത്പന്നങ്ങളിൽ പഞ്ചസാര ചേർക്കുന്നത് അപകടകരവും ആസക്തി ഉണ്ടാക്കുന്നതുമാണെന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്. അങ്ങനെ ശിശുക്കളിൽ ഉണ്ടാകുന്ന പഞ്ചസാരയോടുള്ള ആസക്തി അവരെ അമിത വണ്ണത്തിലേക്കും ഗുരുതര ആരോഗ്യ പ്രശ്നങ്ങളിലേക്കും തള്ളിവിടും. അതേസമയം, കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നെസ്‌ലെ ഇന്ത്യ പുറത്തിറക്കുന്ന ഉത്പന്നങ്ങളിൽ ചേർക്കുന്ന പഞ്ചസാരയുടെ അളവ് 30 ശതമാനം വരെ കുറച്ചതായി കമ്പനി വക്താവ് പ്രതികരിച്ചു.

'സെറിലാക്കും നിഡോയും സേഫല്ല'; കുട്ടികള്‍ക്കുള്ള നെസ്‌ലെ ഉത്പന്നങ്ങളില്‍ പഞ്ചസാരയുടെ അളവ് കൂടുതലെന്ന് പഠനം
അനുവദനീയമായതിലും കൂടുതൽ പഞ്ചസാര; ബോൺവിറ്റ 'ഹെൽത്ത് ഡ്രിങ്ക്' അല്ല, പാനീയങ്ങൾക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നടപടി

കുറഞ്ഞ, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിൽ അമിതവണ്ണം കൂടുതലായി കണ്ടുവരുന്നുണ്ട്. ലോകാരോഗ്യ സംഘടനയുടെ 2000 മുതലുള്ള കണക്കനുസരിച്ച്, ആഫ്രിക്കയിൽ അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിൽ അമിതഭാരമുളവരുടെ എണ്ണം ഏകദേശം 23 ശതമാനം വർധിച്ചത്. ആഗോളതലത്തിൽ 100 കോടിയിലധികം ആളുകൾക്ക് അമിതവണ്ണമുള്ളതായി കണ്ടെത്തിയിട്ടുണ്ട്.

logo
The Fourth
www.thefourthnews.in