ജുഡീഷ്യറിയുടെ അധികാരം നിയന്ത്രിക്കുന്ന നിയമനിർമാണത്തിൽനിന്ന് പിന്മാറണമെന്ന് ബൈഡൻ, പറ്റില്ലെന്ന് നെതന്യാഹു
ജുഡീഷ്യൽ സംവിധാനത്തെ അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ നിർദേശം തള്ളി ഇസ്രയേൽ പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹു. വലിയ ജനകീയ പ്രക്ഷോഭത്തിലേക്ക് നയിച്ച തീരുമാനത്തിൽനിന്ന് നെതന്യാഹു സർക്കാർ പിന്മാറണമെന്നായിരുന്നു ബൈഡന്റെ നിർദേശം. അത് സാധ്യമല്ലെന്നും വിദേശസമ്മർദ്ദത്തിന് വഴങ്ങി തീരുമാനമെടുക്കില്ലെന്നും നെതന്യാഹു പ്രതികരിച്ചു.
ജുഡീഷ്യറിയുടെ അധികാരങ്ങൾക്ക് മുകളിൽ പാർലമെന്റിന് മേൽക്കൈ നൽകുന്ന നിയമം നടപ്പിലാക്കുന്നതിനെതിരെ ഇസ്രയേലിൽ 12 ആഴ്ചകളായി കനത്ത പ്രതിഷേധമാണ് അരങ്ങേറിയത്. ഇതേത്തുടർന്ന് നിയമനിർമാണം നടത്തുന്നത് മാറ്റിവയ്ക്കുന്നതായി നെതന്യാഹു തിങ്കളാഴ്ച അറിയിച്ചിരുന്നു. പിന്നാലെയാണ് നിയമം നടപ്പാക്കാനുള്ള തീരുമാനത്തിൽനിന്ന് പിന്മാറുമെന്ന് പ്രതീക്ഷിക്കുന്നതായി ചൊവ്വാഴ്ച ബൈഡൻ പറഞ്ഞത്. ഇസ്രയേലിനെ പിന്തുണയ്ക്കുന്ന പല രാജ്യങ്ങളെയും പോലെ അമേരിക്കയും വളരെ ആശങ്കാകുലരാണ്. ഇങ്ങനെ തുടരാൻ അവർക്ക് കഴിയില്ല. ചില വിട്ടുവീഴ്ചകൾക്ക് നെതന്യാഹു തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ബൈഡൻ നോർത്ത് കരോലിന സന്ദർശനത്തിനിടെ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
എന്നാൽ ജനങ്ങളുടെ ഇഷ്ടപ്രകാരം തീരുമാനമെടുക്കുന്ന പരമാധികാര രാജ്യമാണ് ഇസ്രയേലെന്ന് ബൈഡന്റെ പ്രസ്താവന പുറത്തുവന്ന ഉടൻ നെതന്യാഹു പ്രതികരിച്ചു. ഏറ്റവും അടുത്ത സുഹൃത്തുക്കൾ ഉള്‍പ്പെടെയുള്ള വിദേശ സമ്മർദ്ദങ്ങള്‍ക്ക് വഴങ്ങിയല്ല തീരുമാനങ്ങളെടുക്കുന്നത്. 40 വർഷത്തിലേറെയായി ബൈഡനെ അറിയാം, ഇസ്രയേലിനോടുള്ള അദ്ദേഹത്തിന്റെ ദീർഘകാല പ്രതിബദ്ധതയെ അഭിനന്ദിക്കുന്നു. ഇസ്രയേൽ-യുഎസ് ബന്ധം അഭേദ്യമാണെന്നും ഇടയ്ക്കിടെ ഉണ്ടാകുന്ന അഭിപ്രായവ്യത്യാസങ്ങളെ എപ്പോഴും മറികടക്കുമെന്നും നെതന്യാഹു പറഞ്ഞു.
"സർക്കാരിന്റെ മൂന്ന് ശാഖകൾ തമ്മിലുള്ള ശരിയായ സന്തുലിതാവസ്ഥ പുനഃസ്ഥാപിച്ചുകൊണ്ട് ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിന് എന്റെ ഭരണകൂടം പ്രതിജ്ഞാബദ്ധമാണ്. വിശാലമായ ഒരു സമവായത്തിലൂടെ അത് സാധ്യമാക്കാൻ ഞങ്ങൾ ശ്രമിക്കുന്നു" നെതന്യാഹു പറഞ്ഞു.
നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള തീവ്രവലതുപക്ഷ സർക്കാരും പ്രതിപക്ഷവും ചൊവ്വാഴ്ച വൈകുന്നേരം ചർച്ച നടത്തിയിരുന്നു. യോഗം വളരെ പോസിറ്റീവ് ആയിട്ടാണ് അവസാനിച്ചതെന്ന് പ്രസിഡന്റ് ഇസാക്ക് ഹെർസോഗ് പറഞ്ഞു. ഇന്നും ചർച്ചകൾ തുടരുമെന്ന് അദ്ദേഹം അറിയിച്ചു.
നിയമനിർമാണം നിർത്താൻ പരസ്യമായി ആഹ്വാനം ചെയ്ത പ്രതിരോധ മന്ത്രി ഗാലന്റിനെ നെതന്യാഹു പുറത്താക്കിയിരുന്നു. എന്നാൽ രാജിവയ്ക്കില്ലെന്നും തൽസ്ഥാനത്ത് തുടരുമെന്നുമാണ് ഗാലന്റിന്റെ അനുയായികളുടെ വാദം. പ്രതിഷേധങ്ങൾ വൻതോതിൽ ഉയർന്ന സാഹചര്യത്തിൽ രാഷ്ട്രീയ എതിരാളികളുമായി ഒത്തുതീർപ്പിന് സമയം വേണമെന്ന് നെതന്യാഹു അറിയിച്ചിരുന്നു. ഈ പ്രഖ്യാപനത്തിന് ശേഷമാണ് രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളി യൂണിയൻ പണിമുടക്ക് പിൻവലിച്ചത്.