'ഹമാസിന് കീഴടങ്ങുന്നതിന് തുല്യം'; വെടിനിർത്തൽ ആഹ്വാനം തള്ളി നെതന്യാഹു
ഇസ്രായേൽ - ഹമാസ് സംഘർഷത്തിൽ വെടിനിർത്തൽ ആഹ്വാനം തള്ളി ഇസ്രായേൽ പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹു. വെടിനിർത്തൽ ഹമാസിന് കീഴടങ്ങുന്നതിന് തുല്യമാണെന്ന് പറഞ്ഞ നെതന്യാഹു 'ഇത് യുദ്ധത്തിനുള്ള സമയമാണ്' എന്ന് ബൈബിളിനെ ഉദ്ധരിക്കുകയും ചെയ്തു. യുദ്ധം ജയിക്കുന്നതുവരെ ഇസ്രായേൽ പോരാടുമെന്നും നെതന്യാഹു പറഞ്ഞു.
വെടിനിർത്തൽ ആഹ്വാനത്തെ അമേരിക്കയും എതിർത്തിരുന്നു. വെടിനിർത്തുന്നതാണ് ശരിയായ തീരുമാനമെന്ന് കരുതുന്നില്ലെന്നും എന്നാൽ ഗാസയിലേക്ക് സഹായം ലഭിക്കുന്നതിന് താൽക്കാലികമായി വെടിനിർത്തൽ പരിഗണിക്കണമെന്നും അമേരിക്കൻ ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് ജോൺ കിർബി പറഞ്ഞു.
ഇസ്രയേലിന്റെ ആക്രമണം കടുപ്പിച്ചതോടെ ഗാസയില്‍ ജനജീവിതം കൂടുതല്‍ ദുരിതത്തിലായിരിക്കുകയാണ്. 8,300 ഓളം പേര്‍ ഇസ്രായേല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്നാണ പലസീന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചത്. കൊല്ലപ്പെട്ടവരില്‍ 3400 കുഞ്ഞുങ്ങളാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.
തിങ്കളാഴ്ച ഗാസയില്‍ അല്‍ ഖുദ്‌സ് ആശുപത്രിക്ക് സമീപമുണ്ടായ മിസൈലാക്രമണം നാശനഷ്ടമുണ്ടാക്കിയതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. വിവിധ ഇടങ്ങളില്‍ ഇപ്പോഴും ഇസ്രയേല്‍ സൈന്യവും ഹമാസും ഏറ്റുമുട്ടുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
അതേസമയം യുഎൻ സുരക്ഷാ കൗൺസിൽ അടിയന്തര യോഗത്തിൽ മാനുഷിക വെടിനിർത്തലിനുള്ള ആഹ്വാനങ്ങൾ യുഎൻ സഹായ ഏജൻസികൾ ആവർത്തിച്ചു. ഗാസയിലെ സ്ഥിതി മണിക്കൂറുകൾ കഴിയുന്തോറും കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണെന്ന് യുനിസെഫ് പറഞ്ഞു. നേരത്തെ ഗാസയിൽ വെടിനിർത്തണമെന്ന് ഐക്യരാഷ്ട്ര സഭ മേധാവി അന്റോണിയോ ഗുട്ടെറസ് ഇസ്രയേലിനോട് വീണ്ടും അഭ്യർത്ഥിച്ചിരുന്നു. ഗാസയിലെ സ്ഥിതി വളരെ രൂക്ഷമാണെന്നും വെടിനിർത്തലിലൂടെ രക്തച്ചൊരിച്ചിലിന്റെ പേടി സ്വപ്നം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെപ്പെട്ടിരുന്നു.
ഗാസ മുനമ്പിൽ കൂടുതൽ മരണങ്ങൾ തടയാനും ആവശ്യമായ മാനുഷിക സാധനങ്ങൾ അനുവദിക്കുന്നതിനും വേണ്ടി ഡോക്ടേർസ് വിത്തൗട്ട് ബോർഡേർസും വെടിനിർത്തൽ ആഹ്വാനം ചെയ്തിട്ടുണ്ട്. ലോക നേതാക്കളുടെ ഇടപെടൽ മന്ദഗതിയിലാണെന്ന് സംഘടന പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ''ആശുപത്രികൾ രോഗികളാൽ നിറഞ്ഞിരിക്കുന്നു. കൃത്യമായ അനസ്തേഷ്യയില്ലാതെയാണ് ശസ്ത്രക്രിയകൾ നടത്തുന്നത്. മോർച്ചറികളിലും മൃതദേഹങ്ങൾ നിറയുകയാണ്''- ഡോക്ടേർസ് വിത്തൗട്ട് ബോർഡേർസ് പറയുന്നു.
അതേസമയം ഒക്ടോബർ 7ന് നടന്ന ഹമാസിന്റെ മിന്നലാക്രമണത്തിന് രാജ്യസുരക്ഷാ മേധാവികളെ കുറ്റപ്പെടുത്തി നടത്തിയ പ്രസ്താവനയിൽ നെതന്യാഹു മാപ്പുപറഞ്ഞു. ഹമാസ് നടത്തിയ ആസൂത്രിത ആക്രമണത്തെക്കുറിച്ച് ഒരു ഘട്ടത്തിലും രാജ്യസുരക്ഷാ മേധാവികൾ തനിക്ക് മുന്നറിയിപ്പ് നൽകിയിരുന്നില്ല എന്നായിരുന്നു നെതന്യാഹു കുറ്റപ്പെടുത്തിയത്. നെതന്യാഹുവിന്റെ പ്രസ്താവന സഖ്യകക്ഷികളിൽ നിന്നും പ്രതിപക്ഷത്തുനിന്നും ഒരുപോലെ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് എക്‌സിലൂടെ മാപ്പുപറഞ്ഞ് നെതന്യാഹു രംഗത്ത് എത്തിയത്.