ഗാസ മുതൽ സാമ്പത്തിക പ്രതിസന്ധി വരെ; അമേരിക്കയിൽ 'നെവർ ബൈഡൻ' ക്യാംപയിൻ ശക്തം

ഗാസ മുതൽ സാമ്പത്തിക പ്രതിസന്ധി വരെ; അമേരിക്കയിൽ 'നെവർ ബൈഡൻ' ക്യാംപയിൻ ശക്തം

2020ലാണ് #NeverBiden ക്യാംപയിന്‍ ആരംഭിക്കുന്നത്
Updated on
3 min read

'#നെവര്‍ ട്രംപ്', 2016-ലെ അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ അലയടിച്ച ക്യാംപയിനാണിത്. ട്രംപിന് വോട്ട് ചെയ്യില്ലെന്ന മുഖ്യധാരാ റിപ്പബ്ലിക്കന്‍സിന്റെ സന്ദേശം അന്ന് ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. 2024-ല്‍ തിരഞ്ഞെടുപ്പിനെ നേരിടുന്ന അമേരിക്കയില്‍ സമാനമായ കാംപയിന്‍ വീണ്ടും ആരംഭിച്ചിരിക്കുകയാണ്, ട്രംപിനു പകരം നിലവിലെ പ്രസിഡന്റ് ജോ ബൈഡനെതിരെയാണെന്നു മാത്രം.

ഇസ്രയേല്‍ പലസ്തീനില്‍ നടത്തുന്ന അധിനിവേശത്തെ ലോകരാജ്യങ്ങള്‍ തള്ളിപ്പറഞ്ഞിട്ടും ചേര്‍ത്തുനിര്‍ത്തുകയാണ് അമേരിക്ക. കഴിഞ്ഞ ദിവസം കുട്ടികളെ അടക്കം ചുട്ടെരിച്ച, റഫായിലെ ബോംബാക്രമണത്തിലും തങ്ങള്‍ ഉദ്ദേശിച്ച പരിധി ഇസ്രായേൽ മറികടന്നില്ലെന്ന ന്യായീകരണമാണ് അമേരിക്ക നല്‍കുന്നത്. ഈ നിലപാടിനെതിരെ അമേരിക്കയില്‍ തന്നെ 'നെവര്‍ ബൈഡന്‍' ക്യാംപയിന്‍ സമൂഹമാധ്യമങ്ങളിൽ ഉയര്‍ന്നുവന്നിരിക്കുകയാണ്. എന്നാല്‍ ആദ്യമായല്ല അമേരിക്കയില്‍ നെവര്‍ ബൈഡന്‍ ക്യാംപയിന്‍ ഉണ്ടാകുന്നത്. അത് കഴിഞ്ഞ തിരഞ്ഞെടുപ്പിലും അലയടിച്ചിരുന്നു.

ഗാസ മുതൽ സാമ്പത്തിക പ്രതിസന്ധി വരെ; അമേരിക്കയിൽ 'നെവർ ബൈഡൻ' ക്യാംപയിൻ ശക്തം
'റഫായിലെ ആക്രമണം ഹൃദയഭേദകം'; പലസ്തീനെന്ന സ്വതന്ത്രരാഷ്ട്രത്തിന് പിന്തുണ ആവർത്തിച്ച് ഇന്ത്യ

നെവര്‍ ബൈഡന്‍ ക്യാംപയിന്‍

2020ലാണ് #NeverBiden ക്യാംപയിന്‍ ആരംഭിക്കുന്നത്. ജോ ബൈഡന്റെ സ്ഥാനാര്‍ത്ഥിത്വത്തെ എതിര്‍ത്ത ബെര്‍ണി സാന്‍ഡേര്‍സിന്റെ പിന്തുണക്കാരായ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പുരോഗമന വിഭാഗത്തില്‍നിന്നാണ് ആദ്യമായി ഇങ്ങനയൊരു ക്യാംപയിനിന് തുടക്കം കുറിക്കുന്നത്. എന്നാല്‍ ബൈഡന്‍ നാമനിര്‍ദേശം നേടതിയതിനുപിന്നാലെ സാന്‍ഡേര്‍സ് അദ്ദേഹത്തിനു പിന്തുണ അറിയിക്കുകയും ഈ പ്രചാരണത്തിന് ശക്തി കുറയുകയുമായിരുന്നു.

പിന്നീട് ഇസ്രയേല്‍ ഗാസയില്‍ നടത്തുന്ന അധിനിവേശത്തിലെ ബൈഡന്റെ പ്രതികരണങ്ങള്‍ വിമര്‍ശന വിധേയമാകുന്നതിനിടയിലാണ് ഇപ്പോള്‍ ഈ പ്രചാരണത്തിനു ശക്തിയേറുന്നത്. ഇസ്രേയലിനെ പിന്തുണയ്ക്കുന്നവരും പലസ്തീനെ പിന്തുണക്കുന്നവരും ബൈഡനെതിരെ രംഗത്തുവന്നുവെന്നതാണ് ശ്രദ്ധേയം.

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ജോ ബൈഡനും
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ജോ ബൈഡനും

ഇസ്രയേല്‍ പിന്തുണ മാത്രമല്ല, സാമ്പത്തികരംഗത്തെ ബൈഡന്റെ ഇടപെടലും ബൈഡന് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്

റഫായെ ആക്രമിക്കുകയാണെങ്കില്‍ ഇസ്രയേലിനുള്ള സൈനിക ആയുധങ്ങള്‍ നിര്‍ത്തിവെയ്ക്കുമെന്ന ബൈഡന്റെ ഭീഷണിക്കു പിന്നാലെയാണ് വീണ്ടും നെവര്‍ ബൈഡന്‍ ഹാഷ്ടാഗ് ക്യാംപയിൻ ആരംഭിച്ചത്. ഇസ്രയേലിന് ആയുധങ്ങള്‍ നല്‍കില്ലെന്ന ബൈഡന്റെ പ്രസ്താവനയ്ക്കുപിന്നാലെ ഹമാസിനെക്കുറിച്ച് ആലോചിക്കുന്ന മുസ്ലിം വോട്ടര്‍മാരെക്കാള്‍ ഇസ്രയേലിനെക്കുറിച്ച് ആലോചിക്കുന്ന ജൂത വോട്ടര്‍മാരാണ് കൂടുതലെന്നു മറക്കരുതെന്ന രീതിയില്‍ പ്രമുഖ ഡെമോക്രാറ്റിക് ദാതാവും മാധ്യമ ഉടമയുമായ ഹൈം സബാന്‍ വൈറ്റ് ഹൗസിനു കത്തയച്ചിരുന്നു. എന്നിരുന്നാലും കഴിഞ്ഞ ആഴ്ച ഇസ്രയേലിന് 100 കോടി ഡോളറിന്റെ സൈനിക സഹായത്തിനുള്ള കരാര്‍ ബൈഡന്‍ ഭരണകൂടം അംഗീകരിച്ചു. കഴിഞ്ഞ മാസം അമേരിക്ക അംഗീകരിച്ച 2600 കോടി ഡോളറിന്റെ ആയുധസഹായത്തിന് പുറമെയായിരുന്നു ഇത്.

ബൈഡന്റെ ഇസ്രയേലിനുള്ള തുടര്‍ച്ചയുള്ള പിന്തുണയും നെവര്‍ ബൈഡന്‍ പ്രചാരണത്തില്‍ പ്രധാനമായും ഉള്‍പ്പെടുന്നു. മാനുഷികവും രാഷ്ട്രീയവുമായ കാരണങ്ങളാല്‍ ഇസ്രയേലിനു ബൈഡന്‍ നല്‍കുന്ന ആയുധ കയറ്റുമതി താല്‍ക്കാലികമായി നിര്‍ത്തേണ്ടതുണ്ടെന്നാണ് താന്‍ കരുതുന്നതെന്നാണ് ഡെമോക്രാറ്റിക് പാര്‍ട്ടിക്കുവേണ്ടി ധനസമാഹരണം നടത്തുന്ന ജോര്‍ജ് ക്രുപ്പിന്റെ പ്രതികരണം. ഇസ്രയേല്‍ ഗാസയില്‍ നടത്തുന്ന അധിനിവേശത്തിനെതിരെ സര്‍വകലാശാല ക്യാംപസുകളിലുണ്ടായ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തിയ ബൈഡന്റെ രീതികളെ യുവാക്കളും തിരസ്‌കരിക്കുകയാണ്.

ഗാസ മുതൽ സാമ്പത്തിക പ്രതിസന്ധി വരെ; അമേരിക്കയിൽ 'നെവർ ബൈഡൻ' ക്യാംപയിൻ ശക്തം
റഫായില്‍ തെരുവുയുദ്ധം കടുപ്പിച്ച് ഇസ്രയേല്‍, ഡ്രോണ്‍ ആക്രമണവും; സുരക്ഷിത സ്ഥാനമില്ലാതെ പലസ്തീനികള്‍

ഇസ്രയേല്‍ പിന്തുണ മാത്രമല്ല, സാമ്പത്തിക രംഗത്തെ ബൈഡന്റെ ഇടപെടലും ബൈഡനു വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. അടുത്തിടെ വ്യക്തിഗതവും ഗാര്‍ഹികവുമായ സാമ്പത്തിക കാര്യത്തെ മുന്‍നിര്‍ത്തി ഗാലപ് പോളില്‍ പണപ്പെരുപ്പമാണ് ഏറ്റവും വലിയ സാമ്പത്തിക പ്രശ്‌നമെന്നാണ് 41 ശതമാനം വരുന്ന ജനങ്ങള്‍ വിലയിരുത്തിയത്. 2023ല്‍ ഇത് 35 ശതമാനവും 2022ൽ 32 ശതമാനവുമായിരുന്നു.

നെവര്‍ ട്രംപ് ക്യാംപയിന്‍

2016ലെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുമ്പ് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റനെ പരാജയപ്പെടുത്തിയതിനു പിന്നാലെ ട്രംപിന്റെ പ്രവചനാതീതമായ സ്വഭാവത്തെയും രാഷ്ട്രീയ പരിചയക്കുറവിനെയും മുന്‍നിര്‍ത്തി ട്രംപ് പ്രസിഡന്റ് സ്ഥാനത്തേക്കു യോഗ്യനല്ലെന്നു പല യാഥാസ്ഥിതിക റിപ്പബ്ലിക്കന്മാരും വ്യക്തമാക്കിയിരുന്നു. നെവര്‍ ട്രംപ് അഥവാ എഗെയ്ന്‍സ്റ്റ് ട്രംപ് പ്രചരണത്തിന് ആക്കം കൂട്ടിയതു യാഥാസ്ഥിതിക രാഷ്ട്രീയ മാസികയായ നാഷണല്‍ റിവ്യൂവില്‍ 2016 ജനുവരിയില്‍ വന്ന ലേഖനങ്ങളായിരുന്നു. ട്രംപിനെതിരെ പ്രധാനപ്പെട്ട യാഥാസ്ഥിതികരുടെ 22 ലേഖനങ്ങളായിരുന്നു അതില്‍ അച്ചടിച്ചു വന്നത്.

ട്രംപ് പ്രസിഡന്റ് സ്ഥാനത്തേക്കു വരുന്നതിനെ എതിര്‍ത്തുകൊണ്ട് നൂറിലധികം വരുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ തന്നെ നേതാക്കള്‍ ഒപ്പുവെച്ച തുറന്ന കത്തും അതേ വര്‍ഷം മാര്‍ച്ചില്‍ അവര്‍ തന്നെ പ്രസിദ്ധപ്പെടുത്തിയിരുന്നു. ബരാക് ഒബാമയുടെ റഷ്യയുമായുള്ള നയതന്ത്രശ്രമങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങളായിരുന്നു ട്രംപ് നടത്തിയത്. മുന്‍ അമേരിക്കന്‍ സെനറ്റര്‍ ജോണ്‍ മക്കെയിനിനെക്കുറിച്ചുള്ള ട്രംപിന്റെ അപകീര്‍ത്തി പരാമര്‍ശവും റിപ്പബ്ലിക്കന്‍സിനെ ചൊടിപ്പിച്ചു. അദ്ദേഹമൊരു യുദ്ധ ഹീറോയല്ലെന്നും പിടിക്കപ്പെട്ടതുകൊണ്ടാണ് അദ്ദേഹം യുദ്ധ ഹീറോയായിരുന്നതെന്നുമായിരുന്നു 2015ല്‍ ട്രംപ് പറഞ്ഞത്. നാവികസേനാ മുൻ പൈലറ്റായിരുന്ന മക്കെയിന്‍ അഞ്ചര വര്‍ഷം നോര്‍ത്ത് വിയറ്റ്‌നാമില്‍ തടവുകാരനായിരുന്നു.

ഗാസ മുതൽ സാമ്പത്തിക പ്രതിസന്ധി വരെ; അമേരിക്കയിൽ 'നെവർ ബൈഡൻ' ക്യാംപയിൻ ശക്തം
ഇസ്രയേലിൻ്റെ കൊടുക്രൂരതയിൽ കണ്ണടച്ച് അമേരിക്ക; കുട്ടികളെ അടക്കം കൊന്നൊടുക്കിയിട്ടും അപകടരേഖ മറികടന്നില്ലെന്ന് ബൈഡൻ

റിപ്പബ്ലിക്കന്മാര്‍ ട്രംപിനെ തങ്ങളുടെ നോമിനിയായി തിരഞ്ഞെടുത്താല്‍ സുരക്ഷിതവും സമൃദ്ധവുമായ ഭാവിയുടെ സാധ്യതകള്‍ വളരെ കുറയുമെന്നായിരുന്നു 2016 മാര്‍ച്ചില്‍ കടുത്ത റിപ്പബ്ലിക്കന്‍ യാഥാസ്ഥിതകനും യുഎസ് സെനറ്ററുമായ മിറ്റ്‌റോംനി പ്രതികരിച്ചത്.

നെവര്‍ ബൈഡന്‍ പ്രചാരണത്തെ നേരിടാന്‍ ബൈഡന് ആകുമോ

നെവര്‍ ട്രംപ് കാംപയിനിന് ഇടയിലും 2016ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപായിരുന്നു വിജയിച്ചത്. 2020ലെ നെവര്‍ ബൈഡന്‍ പ്രചാരണത്തില്‍ നിന്ന് ബൈഡനും രക്ഷപ്പെടാന്‍ സാധിച്ചു. ഗാസ വിഷയം മുതല്‍ സാമ്പത്തിക പ്രതിസന്ധികള്‍ വരെ നില്‍ക്കുന്നുണ്ടെങ്കിലും വ്യക്തിഗത ശ്രമങ്ങളുണ്ടാകുന്നതല്ലാതെ പ്രസിഡന്റിനെതിരെ സംഘടിതമായ പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ടോയെന്ന് റിപ്പോര്‍ട്ടുകളില്‍ വ്യക്തമല്ല.

എന്നാല്‍ പ്രധാനപ്പെട്ട പെനിസില്‍ വാനിയ, ജോര്‍ജിയ, മിഷിഗന്‍, അരിസോണ, നെവാഡ എന്നീ പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ ട്രംപാണ് മുന്നിട്ടുനില്‍ക്കുന്നതെന്നാണ് ന്യൂയോര്‍ക്ക് ടൈംസ്/സെയിന പോളില്‍ സൂചിപ്പിക്കുന്നത്. മാത്രമല്ല, യുവാക്കളുടെയും വെള്ളക്കരുടെയും പിന്തുണ ബൈഡനു ഇല്ലാതായിക്കൊണ്ടിരിക്കുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതുകൊണ്ട് ഗാസ വിഷയത്തില്‍ അയയാത്ത ബൈഡന്‍ വീണ്ടും തിരഞ്ഞെടുക്കപ്പെടുമോയെന്നത് പ്രവചനാതീതമാണ്.

logo
The Fourth
www.thefourthnews.in