'സ്വർഗം കിട്ടാന്‍ പട്ടിണി'; മരണം 90, ഞെട്ടൽ മാറാതെ കെനിയ

'സ്വർഗം കിട്ടാന്‍ പട്ടിണി'; മരണം 90, ഞെട്ടൽ മാറാതെ കെനിയ

17 മൃതദേഹങ്ങളാണ് ഷക്കഹോല വനത്തിൽ നിന്ന് ചൊവ്വാഴ്ച പോലീസ് കണ്ടെത്തിയത്. സ്വർഗത്തിലെത്താൻ പട്ടിണി കിടന്ന് മരിക്കുന്നവരുടെ എണ്ണം ഇനിയും വർധിച്ചേക്കാമെന്നും പോലീസ് പറയുന്നു.
Published on

പട്ടിണി കിടന്ന് മരിച്ചാൽ സ്വർഗത്തിലെത്താൻ സാധിക്കുമെന്ന സുവിശേഷ പ്രാസംഗികന്റെ വിചിത്ര ഉപദേശം പാലിച്ച് കെനിയയില്‍ മരിച്ചവരുടെ എണ്ണം തൊണ്ണൂറായി. യേശുവിന്റെ അടുത്തെത്താൻ പട്ടിണി കിടന്ന് മരിക്കണമെന്ന പോൽ മക്കെൻസി നെൻഗെയുടെ ആഹ്വാനത്തിന് ലഭിച്ച സ്വീകാര്യതയാണ് കെനിയയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുന്നത്. ഗുഡ് ന്യൂസ് ഇന്റർനാഷണൽ ചർച്ചിന്റെ തലവനാണ് ടെലിവിഷൻ-സാമൂഹിക മാധ്യമങ്ങൾ എന്നിവയിലൂടെ സുവിശേഷപ്രസംഗം നടത്തുന്ന നെൻഗെ.

ഒരു കുഴിമാടത്തിൽ നിന്ന് ആറ് പേരെ വരെ കണ്ടെത്തിയിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു

പട്ടിണി കിടന്ന് മരിച്ചവരിൽ ഭൂരിഭാഗവും കുട്ടികളാണ്. തീരദേശ നഗരമായ മാലിന്ദിക്ക് സമീപമുള്ള ഷക്കഹോല വനത്തിൽ കൂട്ടക്കുഴിമാടങ്ങൾ പോലീസ് കണ്ടെത്തിയിരുന്നു. നെൻഗെയുടെ ആഹ്വാനം പുതിയൊരു കൾട്ടിനാണ് കെനിയയിൽ രൂപം കൊടുത്തിരിക്കുന്നത്. 17 മൃതദേഹങ്ങളാണ് ഷക്കഹോല വനത്തിൽ നിന്ന് ചൊവ്വാഴ്ച പോലീസ് കണ്ടെത്തിയത്. സ്വർഗത്തിലെത്താൻ പട്ടിണി കിടന്ന് മരിക്കുന്നവരുടെ എണ്ണം ഇനിയും വർധിച്ചേക്കാമെന്നും പോലീസ് പറയുന്നു.

ഇതുവരെ കണ്ടെടുത്ത മൃതദേഹങ്ങളിൽ 50-60 ശതമാനവും കുട്ടികളുടേതാണ്. കോട്ടൺ തുണിയിൽ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങൾ. ഒരു കുഴിമാടത്തിൽ നിന്ന് ആറ് പേരെ വരെ കണ്ടെത്തിയിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. അതേസമയം, മൃതദേഹങ്ങൾ സൂക്ഷിക്കാൻ മോർച്ചറിയിൽ സ്ഥലമില്ലെന്ന് മലിന്ദിയിലെ ആശുപത്രികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

800 ഏക്കർ വനപ്രദേശത്ത് നിന്ന് മാത്രം ഇതുവരെ 34 പേരെ ജീവനോടെ കണ്ടെത്തിയിരുന്നു. ഗുഡ് ന്യൂസ് ഇന്റർനാഷണൽ ചർച്ചിന്റെ ചില അനുയായികളിൽ പലരും ഷക്കഹോലയ്ക്ക് ചുറ്റുമുള്ള കാടുകളിൽ ഒളിച്ചിരിപ്പുണ്ടെന്നും ഉടൻ കണ്ടെത്തിയില്ലെങ്കിൽ മരണത്തിന് സാധ്യതയുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

'സ്വർഗം കിട്ടാന്‍ പട്ടിണി'; മരണം 90, ഞെട്ടൽ മാറാതെ കെനിയ
'പട്ടിണി കിടന്ന് മരിച്ചാല്‍ സ്വര്‍ഗത്തിലെത്താം'; കെനിയയില്‍ പാസ്റ്ററുടെ നിർദേശപ്രകാരം കൂട്ട ആത്മഹത്യ

വിചിത്രവും അസ്വീകാര്യവുമായ പ്രത്യയശാസ്ത്രം മുന്നോട്ട് കൊണ്ടുപോകാൻ മതം ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന നെൻഗെയെപ്പോലുള്ള പാസ്റ്റർമാർക്കെതിരെ നടപടിയെടുക്കുമെന്ന് കെനിയൻ പ്രസിഡന്റ് വില്യം റൂട്ടോ അറിയിച്ചു. നെൻഗെയുടെ പ്രവർത്തനങ്ങളെ കുറിച്ച് പൊലീസിന് വിവരമുണ്ടായിട്ടും ഇങ്ങനെയൊരു കൾട്ട് എങ്ങനെ രൂപപ്പെട്ടു എന്ന ചോദ്യവും ഉയരുന്നുണ്ട്.

കുട്ടികളെ സ്കൂളിൽ അയയ്ക്കുന്നത് ബൈബിൾ അംഗീകരിക്കുന്നില്ലെന്ന് പറഞ്ഞ് പല കുടുംബങ്ങളെയും തീവ്രവത്കരിക്കാൻ ശ്രമിച്ച നെൻഗെയെ 2017ൽ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ മാസം രണ്ട് കുട്ടികൾ മാതാപിതാക്കളുടെ ഒപ്പമുണ്ടായിരിക്കെ പട്ടിണി കിടന്ന് മരിച്ചതിനെത്തുടർന്ന് നെൻഗെയെ വീണ്ടും അറസ്റ്റ് ചെയ്തിരുന്നു. പിന്നീടദ്ദേഹത്തെ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.

logo
The Fourth
www.thefourthnews.in