മുഹമ്മദ് മുയിസു മാലിദ്വീപ് പ്രസിഡന്റ് പദമേറും; ആദ്യം മാറ്റുക ഇന്ത്യയോടുള്ള 'നയം'
മാലിദ്വീപ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സഖ്യസ്ഥാനാര്‍ഥിയായ മുഹമ്മദ് മുയിസു വിജയം കൊയ്തതോടെ മാലിദ്വീപിന്റെ പരമ്പരാഗത പങ്കാളിയെന്ന ഇന്ത്യയുടെ സ്ഥാനം നഷ്ടമായേക്കും. 54.06 ശതമാനം വോട്ട് നേടിയാണ് മുഹമ്മദ് മുയിസു നിലവിലെ പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹിനെ മറികടന്നത്. നവംബര്‍ 17 ന് സ്ഥാനാരോഹണം കഴിയുന്നത് വരെ മുഹമ്മദ് സോലിഹ് താല്‍ക്കാലിക പ്രസിഡന്റായി തുടരും.എന്നാല്‍ മുയിസു വിജയം കൊയ്തത് ആശങ്കയോടെയും ജാഗ്രതയോടെയുമാണ് ഇന്ത്യ നോക്കിക്കാണുന്നത്.
രാജ്യത്തേയ്ക്ക് വായ്പകളുടെ കുത്തൊഴുക്ക് നടന്ന സമയം കൂടിയായിരുന്നു ഇത്
തലസ്ഥാന നഗരമായ മാലിയിലെ മേയറായി പ്രവര്‍ത്തിച്ചിരുന്ന മുയിസുവിന്റെ ചൈനീസ് അനുകൂല നിലപാടാണ് ഇതിനു കാരണം. ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ പദ്ധതി പ്രാവര്‍ത്തികമാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചിരുന്ന വ്യക്തിയാണ് മുഹമ്മദ് മുയിസു എന്നാണ് വിലയിരുത്തല്‍. നിലവില്‍ പ്രതിപക്ഷ സഖ്യമായ പിപിഎം - പിഎന്‍സി മുന്‍പ് അധികാരത്തിലിരുന്നപ്പോള്‍ മാലിദ്വീപിലെ ചൈനീസ് ഇടപെടല്‍ സജീവമായിരുന്നു. രാജ്യത്തേയ്ക്ക് വായ്പകളുടെ കുത്തൊഴുക്ക് നടന്ന സമയം കൂടിയായിരുന്നു ഇത്.
ഗതാഗത മന്ത്രിയായിരുന്ന മൗമൂണ്‍ അബ്ദുള്‍ ഗയൂമിനെ അടുത്ത പ്രസിഡന്റായി തിരഞ്ഞെടുക്കുകയായിരുന്നു
മാലിദ്വീപും ഇന്ത്യയും തമ്മിലുള്ള ബന്ധം
മാലിദ്വീപും ഇന്ത്യയും തമ്മില്‍ പലപ്പോഴും ഒരു സമ്മിശ്ര ബന്ധമായിരുന്നു. ചില പ്രസിഡന്റുമാര്‍ ഇന്ത്യന്‍ അനുകൂല നിലപാടും ചിലര്‍ ഇന്ത്യ വിരുദ്ധ നിലപാടും സ്വീകരിച്ചിട്ടുണ്ട്. 2018 ല്‍ അധികാരത്തിലേറിയ ഇബ്രാഹിം മുഹമ്മദ് സോലിഹിന്റെ കാലഘട്ടത്തില്‍ 'ഇന്ത്യ ആദ്യം' എന്ന നയമാണ് മാലിദ്വീപ് സ്വീകരിച്ചിരുന്നത്.
1968 മുതല്‍ മാലിദ്വീപ് പ്രസിഡന്‍സി സമ്പ്രദായമാണ് തുടരുന്നത്. മാലിദ്വീപിന്റെ ആദ്യ എക്‌സിക്യൂട്ടീവ് പ്രസിഡന്റ് ഇബ്രാഹിം നസീറായിരുന്നു. 1968 മുതല്‍ 1978 വരെ അദ്ദേഹമായിരുന്നു മാലിദ്വീപിലെ പ്രസിഡന്റ്. എന്നാല്‍ 1978 ല്‍ രാജ്യത്ത് രാഷ്ട്രീയ പ്രക്ഷോഭങ്ങള്‍ പൊട്ടിപുറപ്പെട്ടതോടെ അദ്ദേഹം വീണ്ടും മത്സരിച്ചിരുന്നില്ല. അതിന് പകരമായി അന്നത്തെ ഗതാഗത മന്ത്രിയായിരുന്ന മൗമൂണ്‍ അബ്ദുള്‍ ഗയൂമിനെ അടുത്ത പ്രസിഡന്റായി തിരഞ്ഞെടുക്കുകയായിരുന്നു.
ഗയൂം 30 വര്‍ഷമാണ് രാജ്യം ഭരിച്ചത്. ആ മൂന്ന് പതിറ്റാണ്ട് കാലവും ഇന്ത്യയുമായി നല്ല ബന്ധമായിരുന്നു പുലര്‍ത്തിപോന്നത്. 1988 നടന്ന അട്ടിമറി ശ്രമത്തെ ഇന്ത്യയുടെ സഹായത്തോടെയാണ് ഗയൂം അതിജീവിച്ചത്. എന്നാല്‍ പിന്നീട് 2008 ല്‍ മുഹമ്മദ് നഷീദ് അധികാരത്തിലെത്തി. അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ അന്നത്തെ ഇന്ത്യയുടെ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി പങ്കെടുക്കുകയും ചെയ്തിരുന്നു. തുടക്കത്തില്‍ മുഹമ്മദ് നഷീദ് ഇന്ത്യയുമായി നല്ലബന്ധം പുലര്‍ത്തിയിരുന്നു. എന്നാല്‍ പിന്നീട് ചൈന അനുകൂല നിലപാടുകള്‍ സ്വീകരിക്കാന്‍ തുടങ്ങി. 2012 ല്‍ മാലദ്വീപ് വിമാനത്താവളത്തിന്റെ ജിഎംആര്‍ കരാര്‍ റദ്ദാക്കിയത് ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള ബന്ധങ്ങള്‍ക്ക് വലിയ തിരിച്ചടിയായി.
കഴിഞ്ഞ അഞ്ച് വര്‍ഷമായി വളരെ സൗഹാര്‍ദപരമായ ബന്ധമായിരുന്നു ഇരുരാജ്യങ്ങളും പുലര്‍ത്തിപോന്നിരുന്നത്
നഷീദിന്റെ പിന്‍ഗാമിയായി 2013 ല്‍ അധികാരത്തിലേറിയ യമീനും തികഞ്ഞ ചൈനീസ് അനുകൂലിയായിരുന്നു. യമീന്റെ കീഴിലാണ് മാലിദ്വീപ് ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയില്‍ ചേരുന്നത്. മാത്രമല്ല മനുഷ്യാവകാശ ലംഘനങ്ങളെ തുടര്‍ന്ന് ഇന്ത്യും മറ്റ് പാശ്ചാത്യ വായ്പാദാതാക്കളും യമീന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് വായ്പ നല്‍കാന്‍ വിസമ്മതിച്ചപ്പോള്‍ യാതൊരു ഉപാധികളുമില്ലാതെ പണം വാഗ്ദാനം നല്‍കിയ ചൈനയ്‌ക്കൊപ്പം ചേര്‍ന്നു.
ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം ശേഷം 2018 ലെ തിരഞ്ഞെടുപ്പില്‍ സോലിഹ് വിജയിച്ചപ്പോള്‍ ഇന്ത്യയ്ക്ക് ആശ്വാസമായിരുന്നു. അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടെത്തിയത് വലിയ വാര്‍ത്തയാകുകയും ചെയ്തു. കഴിഞ്ഞ അഞ്ച് വര്‍ഷമായി വളരെ സൗഹാര്‍ദപരമായ ബന്ധമായിരുന്നു ഇരുരാജ്യങ്ങളും പുലര്‍ത്തിപോന്നിരുന്നത്. കോവിഡ് വാക്‌സിനുകള്‍ നല്‍കുന്നത് മുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതില്‍ വരെ മാലിദ്വീപിനെ ഇന്ത്യ സഹായിച്ചു.
നിലവിലെ പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹിന്റെ ഇന്ത്യന്‍ അനുകൂല നിലപാടുകള്‍ ദ്വീപില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു
2004 ലെ സുനാമിയിലും 2014 ല്‍ ഡിസംബറില്‍ മാലിയിലെ ജലപ്രതിസന്ധിയിലും മാലിദ്വീപിനെ ആദ്യം സഹായിച്ചത് ഇന്ത്യയായിരുന്നു. തുറമുഖ പദ്ധതി, ക്രിക്കറ്റ് സ്റ്റേഡിയം, വിമാനത്താവള വികസന പദ്ധതികള്‍, പാലങ്ങള്‍, റോഡുകള്‍ തുടങ്ങിയവയുടെ നിര്‍മാണത്തിലുമെല്ലാം ധാരണകളുണ്ടായിരുന്നു. 2018 നും 2022 നും ഇടയില്‍ 1100 കോടി രൂപയാണ് ഇന്ത്യ മാലിദ്വീപിന് സഹായമായി നല്‍കിയത്. അതിനു മുമ്പുള്ള അഞ്ചു വര്‍ഷക്കാലത്തേക്കാള്‍ 500 കോടി അധികമാണിത്. കഴിഞ്ഞ വര്‍ഷം മാത്രം ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം 50 കോടിയായിരുന്നു.
ഇന്ത്യയും മാലിദ്വീപുമുള്ള പ്രതിരോധ ബന്ധത്തിലും ഇക്കാലയളവില്‍ വളര്‍ച്ചയുണ്ടായി. ഇന്ത്യയുടെ പടിഞ്ഞാറ് തീരത്തോട് ചേര്‍ന്നുള്ള മാലിദ്വീപും ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെ കടന്നുപോകുന്ന വാണിജ്യ കടല്‍ പാതകളും ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണായകമാണ്. മാലിദ്വീപില്‍ ചൈനയുടെ താല്‍പര്യവും ഇക്കാരണത്താലാണ്. അധികാരം പിടിച്ചാല്‍ ചൈന-മാലിദ്വീപ് ബന്ധത്തിന്റെ മറ്റൊരു അധ്യായത്തിന് തുടക്കമായിരിക്കുമെന്ന് കഴിഞ്ഞ വര്‍ഷം ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികൃതരുമായി നടന്ന ഒരു യോഗത്തില്‍ മുയിസു പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ രാജ്യത്തിന്റെ നയതന്ത്ര നയങ്ങളെ ഇന്ത്യയ്ക്ക് അനുകൂലമാക്കിയ സോലിഹിന്റെ നടപടികളെ മാറ്റി മറിക്കുന്നതായിരിക്കും തിരഞ്ഞെടുപ്പ് ഫലം എന്നാണ് റിപ്പോര്‍ട്ടുകള്‍.
നിലവിലെ പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹിന്റെ ഇന്ത്യന്‍ അനുകൂല നിലപാടുകള്‍ ദ്വീപില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. ദ്വീപില്‍ ഇന്ത്യ നേടുന്ന രാഷ്ട്രീയ സാമ്പത്തിക സ്വാധീനത്തില്‍ വലിയൊരു വിഭാഗത്തിന് എതിര്‍പ്പുണ്ടായിരുന്നു എന്നാണ് തിരഞ്ഞെടുപ്പ് ഫലം പോലും സൂചിപ്പിക്കുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനയുടെ വര്‍ദ്ധിച്ചുവരുന്ന സ്വാധീനം ഇന്ത്യയ്ക്ക് വലിയ ആശങ്ക സൃഷ്ടിക്കുന്ന ഒന്നാണ്. അമേരിക്ക, ഓസ്ട്രേലിയ, ജപ്പാന്‍ എന്നിവയ്ക്കൊപ്പം തന്ത്രപ്രധാനമായ ക്വാഡ് സഖ്യത്തില്‍ ഇന്ത്യ ഇക്കാര്യം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ മാലിദ്വീപിലെ ഭരണ മാറ്റം.