മലിന ജലത്തില്‍ പോളിയോ വൈറസ്; ന്യൂയോര്‍ക്കില്‍ അടിയന്തരാവസ്ഥ
മലിനജലത്തില്‍ പോളിയോ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ന്യൂയോര്‍ക്കില്‍ അടിന്തരാവസ്ഥ പ്രഖ്യാപിച്ചു. വൈറസിന്റെ വ്യാപനം തടയുന്നതിനും രോഗപ്രതിരോധ വാക്‌സിനേഷന്‍ സജീവമാക്കുന്നതിനുമാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. നാസു കൗണ്ടിയിലാണ് വ്യാപകമായി മലിനജലത്തില്‍ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്.
എമർജന്‍സി മെഡിക്കല്‍ വർക്കേഴ്സ്, മിഡ് വൈഫ്, ഫാര്‍മസിസ്റ്റുകള്‍ എന്നിവരെ വാക്‌സിന്‍ അഡ്മിനിസ്‌ട്രേറ്റര്‍മാരുടെ കൂട്ടായ്മയില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഗവര്‍ണര്‍ കാത്തി ഹോചല്‍ ഉത്തരവിറക്കി. ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും പോളിയോ വാക്‌സിന് നിര്‍ദേശിക്കാമെന്നും ആരോഗ്യവകുപ്പിന്റെ ഉത്തരവിലുണ്ട്.
'പോളിയോയുടെ കാര്യത്തില്‍ ഉരുണ്ടു കളിക്കാനാകില്ല. നിങ്ങളോ നിങ്ങളുടെ കുട്ടികളോ വാക്‌സിനെടുക്കാതിരിക്കുകയോ പ്രതിരോധ കുത്തിവെപ്പുകളുടെ കാലക്രമം തെറ്റിക്കുകയോ ചെയ്താല്‍ പക്ഷാഘാതം ഉറപ്പാണ്. അതുകൊണ്ട് അറിഞ്ഞുകൊണ്ട് അപകടം ക്ഷണിച്ചു വരുത്തരുത്' . ആരോഗ്യ കമ്മീഷണര്‍ മേരി ബാസെറ്റ് പറഞ്ഞു.
വാക്‌സിനെടുത്തവരോടും ജാഗ്രത പുലര്‍ത്തണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദേശം. വാക്‌സിന്‍ സ്വീകരിച്ചയാള്‍ രോഗബാധ സംശയിക്കുന്ന വ്യക്തിയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ടെങ്കില്‍ ബൂസ്റ്റര്‍ ഡോസ് എടുക്കണമെന്നും ആരോഗ്യവകുപ്പ് ഉത്തരവിട്ടു.
റോക്ക്‌ലാന്‍ഡ്, ഓറഞ്ച്, സുള്ളിവന്‍ കൗണ്ടികളിലുള്ളവരും ന്യൂയോര്‍ക്ക് സിറ്റിയിലുള്ള ആരോഗ്യപ്രവര്‍ത്തകരും ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണമെന്ന് നിര്‍ദേശമുണ്ട്. ഒപ്പം മലിനജലവുമായി ബന്ധപ്പെട്ടുള്ള തൊഴില്‍ ചെയ്യുന്നവര്‍ക്കും ആരോഗ്യവകുപ്പ് ബൂസ്റ്റര്‍ ഡോസ് ശുപാര്‍ശ ചെയ്തിട്ടുണ്ട്.