2025ല്‍ ന്യൂസിലൻഡ് പുകവലിമുക്തമാകുന്നു; പുതു തലമുറയ്ക്ക് പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിന് നിരോധനം
രാജ്യം പുകവലിമുക്തമാക്കാന്‍ കർശന നിയമം പാസാക്കി ന്യൂസിലൻഡ്. പുതുതലമുറയ്ക്ക് പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിന് നിരോധനം ഏർപ്പെടുത്തി. 2025ഓടെ രാജ്യം പുകയിലമുക്തമാകുമെന്നാണ് വിലയിരുത്തല്‍. അടുത്ത തലമുറയ്ക്ക് പുകവലി നിരോധിക്കുന്ന, ലോകത്തിലെ ആദ്യത്തെ ഈ നിയമം അനുസരിച്ച് 14 വയസും അതിൽ താഴെയും പ്രായമുള്ളവർക്ക് നിയമപരമായി സിഗരറ്റ് വാങ്ങാൻ ഇനി കഴിയില്ല.
2009 ജനുവരി ഒന്നിനോ അതിനുശേഷമോ ജനിച്ച ആർക്കും പുകയില വിൽക്കാൻ നിയമമനുവദിക്കില്ല. ഈ വിധം നിയമനിർമാണം നടത്തുന്ന ലോകത്തെ ആദ്യത്തെ രാജ്യമാണ് ന്യൂസിലൻഡ്. 50 വർഷം കഴിഞ്ഞ് ഒരു പായ്ക്കറ്റ് സിഗരറ്റ് വാങ്ങുന്ന ഒരാൾക്ക് കുറഞ്ഞത് 63 വയസുണ്ടെന്ന് തെളിയിക്കുന്ന തിരിച്ചറിയല്‍ രേഖ ആവശ്യമായി വരുന്ന സാഹചര്യമൊരുക്കുന്നതാണ് പുതിയ നിയമം. സിഗരറ്റ് വിൽക്കാൻ നിയമപരമായി അനുവദിച്ചിരിക്കുന്ന സ്റ്റോറുകളുടെ എണ്ണം നിലവിലുള്ളതിന്റെ പത്തിലൊന്നായി കുറയ്ക്കും. 2023 ല്‍ നിയമം പ്രാബല്യത്തില്‍ വരും. 2025ഓടെ, സമ്പൂർണ പുകയില മുക്ത രാജ്യമായി മാറും.
ചെറുകിട വ്യാപാരികളെ ബാധിക്കുമെന്നും കരിഞ്ചന്ത വ്യാപാരം ശക്തിപ്പെടുമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആരോപണം
ജനങ്ങളെ മരണത്തിലേക്ക് തള്ളി വിടുന്ന ഒരു ഉത്പന്നത്തിന്‍റെ വില്‍പന പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്ന് ന്യൂസിലന്‍ഡിലെ ആരോഗ്യ സഹമന്ത്രി ഡോക്ടര്‍ ആയിഷ വെരാല്‍ പാര്‍ലമെന്റില്‍ പറഞ്ഞു. പുകയില ഉപയോഗത്തെ തുടര്‍ന്നുണ്ടാകുന്ന രോഗങ്ങള്‍ ചികിത്സിക്കാനായി വന്‍തുക ചെലവാക്കേണ്ടിവരുന്ന സ്ഥിതിക്കും മാറ്റം വരുമെന്നും വെരാല്‍ വിശദീകരിച്ചു. 43 നെതിരെ 76 വോട്ടുകള്‍ നേടിയാണ് ബില്‍ പാര്‍സമെന്റില്‍ പാസാക്കിയത്.
അതേസമയം, ചെറുകിട വ്യാപാരികളെ ബാധിക്കുമെന്നും കരിഞ്ചന്ത വ്യാപാരം ശക്തിപ്പെടുമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആരോപണം.