നൈജറിന്റെ നേതാവായി സ്വയം പ്രഖ്യാപിച്ച് സൈനിക ജനറൽ അബ്ദൗറഹ്മാൻ ചിയാനി; ഉപരോധ ഭീഷണിയുമായി ഫ്രാൻസ്

നൈജറിന്റെ നേതാവായി സ്വയം പ്രഖ്യാപിച്ച് സൈനിക ജനറൽ അബ്ദൗറഹ്മാൻ ചിയാനി; ഉപരോധ ഭീഷണിയുമായി ഫ്രാൻസ്

നൈജറിന്റെ സാമ്പത്തിക - സാങ്കേതിക പങ്കാളികളായ രാജ്യങ്ങൾ പിന്തുണ തുടരണമെന്ന് സൈനിക ജനറൽ
Updated on
1 min read

പട്ടാള അട്ടിമറിക്ക് പിന്നാലെ ആഫ്രിക്കൻ രാജ്യമായ നൈജറിന്റെ തലവനായി സ്വയം പ്രഖ്യാപിച്ച് സൈനിക ജനറൽ അബ്ദൗറഹ്മാൻ ചിയാനി. സൈന്യം തടവിലാക്കിയ നൈജർ പ്രസിഡന്റ് മുഹമ്മദ് ബാസൂമിന്റെ സുരക്ഷാസേന തലവനായിരുന്നു അബ്ദൗറഹ്മാൻ ചിയാനി. ദേശീയ ടെലിവിഷൻ ചാനലിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്താണ് നേതൃത്വം ഏറ്റെടുത്തതായി പ്രഖ്യാപിച്ചത്.

''രാജ്യം തകർച്ചയുടെ ഘട്ടത്തിലേക്ക് കടന്നതിനാലാണ് സൈനിക അട്ടിമറി വേണ്ടിവന്നത്. ഇനിയും ഇതുപോലെ മുന്നോട്ടുപോകാനാകില്ല. നൈജറിന്റെ സാമ്പത്തിക - സാങ്കേതിക പങ്കാളികളായ രാജ്യങ്ങൾ സാഹചര്യം മനസിലാക്കണം. വെല്ലുവിളികളെ നേരിടാനുള്ള പിന്തുണ തുടരണം'' - ചിയാനി പറഞ്ഞു.

നൈജറിന്റെ നേതാവായി സ്വയം പ്രഖ്യാപിച്ച് സൈനിക ജനറൽ അബ്ദൗറഹ്മാൻ ചിയാനി; ഉപരോധ ഭീഷണിയുമായി ഫ്രാൻസ്
നൈജർ പ്രസിഡന്റ് മുഹമ്മദ് ബസൂം അംഗരക്ഷകരുടെ തടവില്‍

ഫ്രാൻസിന്റെ കോളനിവത്കരണത്തിൽനിന്ന് 1960-ൽ രാജ്യം സ്വതന്ത്രമായതിന് ശേഷം നൈജറിൽ ജനാധിപത്യരീതിയിൽ തിരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്റാണ് ഇപ്പോൾ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട മുഹമ്മദ് ബാസൂം. രാജ്യത്തെ ഇസ്ലാമിക തീവ്രവാദികൾക്കെതിരെ പാശ്ചാത്യരാജ്യങ്ങൾക്കൊപ്പം നിന്ന് ശക്തമായ നീക്കം നടത്താൻ നേതൃത്വം നൽകിയിരുന്നയാളാണ് അദ്ദേഹം.

മുഹമ്മദ് ബാസൂമിനെയല്ലാതെ മറ്റാരെയും നൈജറിന്റെ പ്രസിഡന്റായി അംഗീകരിക്കില്ലെന്ന് ഫ്രാൻസ് വ്യക്തമാക്കി. എത്രയും വേഗത്തിൽ രാജ്യത്ത് ജനാധിപത്യ ഭരണം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളുണ്ടാകണമെന്നും ഫ്രാൻസ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. അട്ടിമറിയെ അപലപിച്ച് ഐക്യരാഷ്ട്ര സഭ, ആഫ്രിക്കൻ യൂണിയൻ, വെസ്റ്റ് ആഫ്രിക്കൻ റീജ്യണൽ ബ്ലോക്ക്, യൂറോപ്യൻ യൂണിയൻ എന്നിവരും രംഗത്തെത്തി. അമേരിക്കയടക്കമുള്ള രാജ്യങ്ങൾ നൈജറിലെ അട്ടിമറിയിൽ ഭയപ്പാടിലാണ്. അമേരിക്കയുടെ രണ്ട് ഡ്രോൺ താവളങ്ങളും 800 സൈനികരും നൈജറിലുണ്ട്.

നൈജറിന്റെ നേതാവായി സ്വയം പ്രഖ്യാപിച്ച് സൈനിക ജനറൽ അബ്ദൗറഹ്മാൻ ചിയാനി; ഉപരോധ ഭീഷണിയുമായി ഫ്രാൻസ്
പശ്ചിമാഫ്രിക്കൻ രാജ്യമായ നൈജറില്‍ പട്ടാള അട്ടിമറി; ഭരണം പിടിച്ചെടുത്തതായി സൈനികമേധാവി

സർക്കാർ രാജ്യത്തിന്റെ സാമൂഹിക - സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിലും രാജ്യത്തിന് സുരക്ഷ ഒരുക്കുന്നതിലും പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ബുധനാഴ്ച പ്രസിഡന്റിനെ സൈന്യം തടവിലാക്കിയത്. വീട്ടുതടങ്കലിൽ കഴിയുന്ന മുഹമ്മദ് ബാസൂം രാജിവച്ചിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ വിശ്വസ്തർ അറിയിക്കുന്നത്. സമവായ നീക്കങ്ങൾക്കായി ഫ്രാൻസിന്റെ നേതൃത്വത്തിൽ സൈനിക ജനറൽമാരുമായി ചർച്ചകൾ നടക്കുന്നതായാണ് വിവരം. മുഹമ്മദ് ബാസൂമിന്റെ ഭരണം പുനഃസ്ഥാപിച്ചില്ലെങ്കിൽ നൈജറിനുള്ള എല്ലാസഹായവും റദ്ദാക്കുമെന്ന് യൂറോപ്യൻ യൂണിയൻ വ്യക്തമാക്കിയിരുന്നു.

logo
The Fourth
www.thefourthnews.in