മറ്റ് ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നുള്ള സൈനിക ഇടപെടൽ ഭീതി; വ്യോമാതിർത്തി അടച്ച് നൈജർ സൈന്യം
പശ്ചിമാഫ്രിക്കൻ രാജ്യങ്ങളുടെ സാമ്പത്തിക കൂട്ടായ്മയിൽ (ഇക്കോവാസ്) നിന്നുള്ള സൈനിക ഇടപെടൽ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ വ്യോമാതിർത്തി പൂർണമായും അടച്ച് നൈജർ. പ്രസിഡന്റ് ഭരണം പുനഃസ്ഥാപിക്കാൻ തയ്യാറായില്ലെങ്കിൽ നൈജർ സൈനിക നടപടി നേരിടേണ്ടി വരുമെന്ന് കഴിഞ്ഞദിവസം ഇക്കോവാസ് മുന്നറിയിപ്പ് നൽകിയിരുന്നു. കൂട്ടായ്മ നൽകിയ സമയപരിധി അവസാനിച്ചിട്ടും നൈജറിലെ സൈനിക നേതൃത്വം വിട്ടുവീഴ്ചയ്ക്ക് തയ്യാറായിട്ടില്ല.
''മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് സൈനിക ഇടപെടല്‍ ഉണ്ടാകുമെന്ന ഭീഷണി മൂലം രാജ്യത്തിന്റെ വ്യോമാതിര്‍ത്തി അടച്ചിടുന്നു'' - എന്ന് മാത്രമാണ് ദേശീയ ടെലിവിഷനിലൂടെ സൈനിക വക്താവ് അറിയിച്ചത്. പ്രസിഡന്റിനെ കുറിച്ചോ എന്തെങ്കിലും പ്രതിരോധ നടപടികൾ സ്വീകരിക്കുന്നുണ്ടോ എന്നതിനെ കുറിച്ചോ വിശദീകരണമില്ല. നൈജറിലെ പൗരന്മാരുടെ പിന്തുണയോടെ പ്രതിരോധ-സുരക്ഷാ സേനകളും സായുധ സേനകളും രാജ്യത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കുമെന്നും സൈന്യം പറയുന്നു. അതിർത്തി മേഖലകളിൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ടെന്നാണ് വിവരം.
പശ്ചിമാഫ്രിക്കൻ രാജ്യങ്ങളുടെ സാമ്പത്തിക കൂട്ടായ്മുടെ പ്രതിരോധ വിഭാഗം നൈജറിലെ സ്ഥിതിഗതികൾ വിലയിരുത്തുകയാണ്. പ്രസിഡന്റ് മുഹമ്മദ് ബാസൂമിനെ മോചിപ്പിച്ച് ഭരണത്തിൽനിന്ന് പിന്മാറാൻ തയ്യാറായില്ലെങ്കിൽ ശക്തമായ നടപടി നേരിടേണ്ടി വരുമെന്ന് സൈനിക ജനറല്‍ അബ്ദൗറഹ്മാന്‍ ചിയാനും സംഘത്തിനും ഇക്കോവാസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. നൈജർ വ്യോമാതിർത്തി അടച്ച സാഹചര്യത്തിൽ ഇനി മുന്നോട്ടുള്ള നടപടികൾ എങ്ങനെയെന്ന് കൂട്ടായ്മ പുറത്തുവിട്ടിട്ടില്ല.
ജൂലൈ 26 നാണ് രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് ബാസൂമിനെ അട്ടിമറിച്ച് സൈന്യം ഭരണം പിടിച്ചെടുത്തത്. അതിനു പിന്നാലെ നൈജറിന്റെ തലവനായി സ്വയം പ്രഖ്യാപിച്ച് സൈനിക ജനറല്‍ അബ്ദൗറഹ്മാന്‍ ചിയാനിയും രംഗത്തെത്തി. സൈന്യത്തിന്റെ തീരുമാനത്തെ അംഗീകരിച്ചുകൊണ്ട് കഴിഞ്ഞ ദിവസം ആയിരക്കണക്കിന് പട്ടാള അനുകൂലികള്‍ നൈജര്‍ തലസ്ഥാനമായ നിയാമിലെ സ്റ്റേഡിയത്തില്‍ ഒത്തുചേര്‍ന്നിരുന്നു.
മൂന്ന് വര്‍ഷത്തിനിടെ പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ നടക്കുന്ന ഏഴാമത്തെ അട്ടിമറിയാണ് ഇത്. യൂറേനിയത്തിന്റെയും എണ്ണയുടെയും വ്യാപാരത്തിലും ഇസ്ലാമിക തീവ്രവാദത്തിനെതിരായ യുദ്ധത്തിലും ഫ്രാന്‍സ്, യൂറോപ്പ്, അമേരിക്ക, റഷ്യ, ചൈന എന്നിവര്‍ക്കൊപ്പം നിര്‍ണായക പങ്കു വഹിക്കുന്ന രാജ്യമാണ് നൈജര്‍. അതിനാല്‍ നൈജറിലെ അട്ടിമറിയില്‍ അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ ഭയപ്പാടിലാണ്. രാജ്യത്ത് 1000നും 1500 നും അടയില്‍ സൈനികരുള്ള ഫ്രാന്‍സുമായുള്ള സൈനിക സഹകരണ കരാറുകള്‍ നൈജര്‍ കഴിഞ്ഞയാഴ്ച പിന്‍വലിച്ചിരുന്നു.
ഇസ്ലാമിക് തീവ്രവാദത്തോട് പോരാടിക്കൊണ്ടിരിക്കുന്ന നൈജറില്‍ ആഫ്രിക്കന്‍ രാജ്യങ്ങളുടെ ഭീഷണി കൂടി ഉയര്‍ന്നതോടെ ഇനിയും സംഘര്‍ഷമുണ്ടാകുമോ എന്ന ഭയത്തിലാണ് ജനങ്ങള്‍. നൈജറിലെ പുതിയ സൈനിക ഭരണാധികാരികള്‍ക്കെതിരായ ഏത് ഇടപെടലുകളും യുദ്ധ പ്രഖ്യാപനമായി കണക്കാക്കുമെന്നും അവര്‍ക്ക് വേണ്ട സഹായം നല്‍കുമെന്നും അയല്‍ രാജ്യങ്ങളായ മാലിയിലെയും ബുര്‍ക്കിന ഫാസോയിലെയും സൈനികര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാല്‍ ബുര്‍ക്കിന ഫാസോയ്ക്കുള്ള സാമ്പത്തിക സഹായം നിര്‍ത്തി വയ്ക്കുന്നതായി ഫ്രാന്‍സ് ഞായറാഴ്ച പ്രഖ്യാപിച്ചു.