നിജ്ജാർ കൊലപാതകം: ഇന്ത്യൻ ഉദ്യോഗസ്ഥർക്കെതിരെ കാനഡയുടെ നീക്കം; സിഖ് സമൂഹത്തിനോട് വിവരങ്ങള്‍ അഭ്യർഥിച്ച് പോലീസ്

നിജ്ജാർ കൊലപാതകം: ഇന്ത്യൻ ഉദ്യോഗസ്ഥർക്കെതിരെ കാനഡയുടെ നീക്കം; സിഖ് സമൂഹത്തിനോട് വിവരങ്ങള്‍ അഭ്യർഥിച്ച് പോലീസ്

നിജ്ജാർ കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡയും ഇന്ത്യയും തമ്മിലുള്ള നയതന്ത്രബന്ധം വഷളാകുന്നതിനിടെയാണ് പുതിയ നീക്കം
Updated on
1 min read

ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ പുതിയ നടപടികളുമായി കാനഡ. റോയല്‍ കനേഡിയൻ മൗണ്ടട് പോലീസിന്റെ (ആർസിഎംപി) തലവൻ കാനഡയിലുള്ള സിഖ് സമൂഹത്തിനോട് വിവരങ്ങള്‍ പങ്കുവെക്കാൻ അഭ്യർഥന നടത്തി. ഇന്ത്യൻ സർക്കാരിന്റെ കനേഡിയൻ മണ്ണിലെ നടപടികളിലെ ആരോപണങ്ങളുമായി ബന്ധപ്പെടുത്താൻ സാധിക്കുന്ന വിവരങ്ങള്‍ നല്‍കാനാണ് നിർദേശിച്ചിരിക്കുന്നത്.

"ജനങ്ങള്‍ മുന്നോട്ടുവന്നാല്‍ നിങ്ങളെ സഹായിക്കാൻ ഞങ്ങള്‍ക്ക് സാധിക്കും. കഴിയുമെങ്കില്‍ മുന്നോട്ടുവരണമെന്ന് ആവശ്യപ്പെടുകയാണ്. ആളുകള്‍ കാനഡയിലേക്ക് വരുന്നത് സുരക്ഷിതമായിരിക്കാനാണ്, നിയമപാലകർ എന്ന നിലയില്‍ ഞങ്ങളുടെ ജോലി സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുക എന്നതാണ്" ആർസിഎംപി കമ്മിഷണർ മൈക്ക് ദുഹേം റേഡിയോ കാനഡയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

നിജ്ജാർ കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡയും ഇന്ത്യയും തമ്മിലുള്ള നയതന്ത്രബന്ധം വഷളാകുന്നതിനിടെയാണ് കമ്മിഷണറുടെ പുതിയ നീക്കം. കാനഡയിലുള്ള ലോറൻസ് ബിഷ്ണോയ് സംഘം ഉള്‍പ്പെടെയുള്ള ക്രിമിനല്‍ സംഘങ്ങളുമായി ഇന്ത്യയുടെ നയതന്ത്ര ഉദ്യോഗസ്ഥർക്ക് ബന്ധമുണ്ടെന്ന് കഴിഞ്ഞ വാരം നടത്തിയ വാർത്താസമ്മേളനത്തില്‍ ദുഹേം ആരോപിച്ചിരുന്നു. അന്വേഷണങ്ങളില്‍ 30 പേർക്കെതിരെയാണ് കനേഡിയൻ പോലീസ് നടപടിയെടുത്തിരിക്കുന്നത്.

നിജ്ജാർ കൊലപാതകവും ഇന്ത്യൻ ഉദ്യോഗസ്ഥരേയും ബന്ധപ്പെടുത്തുന്ന തെളിവുകള്‍ പുറത്തുവിടാൻ കാനഡയ്ക്ക് ഇതുവരെ സാധിച്ചിട്ടില്ല.

നിജ്ജാർ കൊലപാതകം: ഇന്ത്യൻ ഉദ്യോഗസ്ഥർക്കെതിരെ കാനഡയുടെ നീക്കം; സിഖ് സമൂഹത്തിനോട് വിവരങ്ങള്‍ അഭ്യർഥിച്ച് പോലീസ്
നിജ്ജാർ കൊലപാതകം: ഇന്ത്യയ്ക്കെതിരെ നിലപാടെടുത്ത് അമേരിക്ക; ഫൈവ് ഐസ് സഖ്യകക്ഷികളില്‍ നിന്ന് വിമർശനം

ആരോപണ-പ്രത്യാരോപണങ്ങള്‍ തുടരുന്നതിനിടെ ഇന്ത്യയ്ക്കെതിരെ നിലപാട് സ്വീകരിച്ചിരിക്കുകയാണ് അമേരിക്കയും ന്യൂസിലൻഡും. ഖലിസ്ഥാനി നേതാവ് നിജ്ജാറിന്റെ കൊലപാതകുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തില്‍ സഹകരിക്കാൻ ഇന്ത്യ തയാറാകുന്നില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് മാത്യു മില്ലർ. നേരത്തെയും സമാന അഭിപ്രായം അമേരിക്ക രേഖപ്പെടുത്തിയിരുന്നു.

"കാനഡയും ഇന്ത്യയുമായുള്ള വിഷയത്തില്‍ ഞങ്ങള്‍ നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണ്. ഉയർന്നിരിക്കുന്ന ആരോപണങ്ങള്‍ ഗൗരവതരമാണ്, അത് ഗൗരവമായി തന്നെ കാണേണ്ട ഒന്നാണ്. ഇന്ത്യ കാനഡയുടെ അന്വേഷണവുമായി സഹരിക്കേണ്ടതുണ്ടെന്നാണ് പറയാനുള്ളത്. പക്ഷേ, ഇന്ത്യ അതിന് തയാറായിട്ടില്ല," മില്ലർ കൂട്ടിച്ചേർത്തു.

നിജ്ജാർ വധത്തില്‍ ഇന്ത്യയുടെ ഇടപെടലുണ്ടായിട്ടുണ്ടെന്ന കാനഡയുടെ ആരോപണങ്ങളെ പൂർണമായി തള്ളുന്ന നിലപാടാണ് വിദേശകാര്യമന്ത്രാലയം സ്വീകരിച്ചിട്ടുള്ളത്. രാഷ്ട്രീയ നേട്ടത്തിനുവേണ്ടിയാണ് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡൊ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും ഇന്ത്യ വ്യക്തമാക്കുന്നു.

പ്രധാനമന്ത്രി ട്രൂഡോയ്ക്ക് ഇന്ത്യയുമായുള്ള അഭിപ്രായഭിന്നതകള്‍ ഏറെക്കാലമായി നിലനില്‍‌ക്കുന്നതാണ്. 2018ല്‍ ട്രൂഡൊ ഇന്ത്യ സന്ദർശിച്ചത് തന്നെ വോട്ടുബാങ്ക് ലക്ഷ്യമിട്ടാണ്. വിഘടനവാദികളുമായി നേരിട്ട് ബന്ധമുള്ളവർ ട്രൂഡൊയുടെ മന്ത്രിസഭയില്‍ അംഗമാണ്. 2020ല്‍ ഇന്ത്യയുടെ ആഭ്യന്തര രാഷ്ട്രീയത്തില്‍ ഇടപെടുന്നതിനായി ട്രൂഡൊ നടത്തിയ ശ്രമങ്ങള്‍ ഇതിനുതെളിവാണെന്നും വിദേശകാര്യമന്ത്രാലയം ആരോപിക്കുന്നു.

കഴിഞ്ഞ ദിവസം ഇരുരാജ്യങ്ങളും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ രൂക്ഷമായിരുന്നു. ഇന്ത്യയിലെ കനേഡിയൻ പ്രതിനിധിയെ വിദേശകാര്യമാന്ത്രാലയം വിളിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനുപുറമെ, കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജയ് വർമ ഉള്‍പ്പെടെയുള്ള നയതന്ത്ര പ്രതിനിധികളെ തിരിച്ചുവിളിക്കാൻ ഇന്ത്യ തീരുമാനിക്കുകയും ചെയ്തു.

logo
The Fourth
www.thefourthnews.in