പാകിസ്താനില്‍ വീണ്ടും ഭീകരാക്രമണം; ചാവേറാക്രമണത്തില്‍ 9 പേര്‍ കൊല്ലപ്പെട്ടു
പാകിസ്താനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ പോലീസ് വാഹനത്തിന് നേരെയുണ്ടായ ചാവേറാക്രമണത്തില്‍ 9 പോലീസുകാര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. സിബി ജില്ലയില്‍ നിന്നും ക്വറ്റയിലേക്ക് മടക്കുകയായിരുന്ന ബലൂചിസ്ഥാന്‍ പോലീസ് വാനിന് നേരെയാണ് ജില്ലാ അതിര്‍ത്തിയായ കാബ്രിം പാലത്തില്‍ വച്ച് ചാവേറാക്രമണം നടന്നത്.
ബൈക്ക് ഓടിച്ചെത്തിയ ചാവേര്‍ പോലീസ് വാനിന് നേരെ ഇടിച്ചു കയറുകയായിരുന്നു
ബൈക്ക് ഓടിച്ചെത്തിയ ചാവേർ പോലീസ് വാനിന് നേരെ ഇടിച്ചു കയറുകയായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. അന്വേഷണത്തിലൂടെ മാത്രമേ ആക്രമണത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളൂവെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും ബോംബ് സ്‌ക്വാഡും സുരക്ഷാ ഉദ്യോഗസ്ഥരും സംഭവ സ്ഥലത്ത് എത്തിയെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
പ്രധാന പരിപാടികളിലും ജയിലുകളിലും സുരക്ഷ ഏര്‍പ്പെടുത്തുന്ന ബലൂചിസ്ഥാന്‍ പോലീസ് സേനയുടെ ഒരു വിഭാഗമാണ് ബലൂചിസ്ഥാന്‍ കോണ്‍സ്റ്റാബുലറി. ഈ സേനയിലെ പോലീസ് ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. പാകിസ്താനില്‍ ഈ വര്‍ഷം പോലീസിന് നേരെ നടക്കുന്ന മൂന്നാമത്തെ ഭീകരാക്രമണമാണിത്. ജനുവരിയില്‍ പെഷവാറിലെ പോലീസ് ആസ്ഥാനത്തിന് അകത്തുള്ള പള്ളിയില്‍ നടന്ന ചാവേര്‍ ആക്രമണത്തില്‍ 87 പേരാണ് മരിച്ചത്. കഴിഞ്ഞ മാസം കറാച്ചിയില്‍ പോലീസ് ആസ്ഥാനത്ത് നടന്ന ഭീകരാക്രമണത്തിലുംഅഞ്ച് ഭീകരരടക്കം ഒന്‍പത് പേര്‍ കൊല്ലപ്പെട്ടിരുന്നു. പാകിസ്താന്‍ താലിബാനായിരുന്നു ആക്രമണത്തിന് പിന്നില്‍.