ഇമ്രാൻ ഖാന് വീണ്ടും തിരിച്ചടി; രണ്ട് കേസുകളിൽ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

ഇമ്രാൻ ഖാന് വീണ്ടും തിരിച്ചടി; രണ്ട് കേസുകളിൽ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

തോഷ്ഖാന കേസിൽ കോടതിയിൽ ഹാജരാകാത്തതിനെ തുടർന്നും ഖാത്തൂൺ ജഡ്ജി സേബ ചൗധരിയെ ഭീഷണിപ്പെടുത്തിയ കേസിലുമാണ് അറസ്റ്റ് വാറണ്ട്
Updated on
2 min read

പാകിസ്താൻ മുൻ പ്രധാനമന്ത്രിയും തെഹരിഖ് ഇ ഇന്‍സാഫ് പാര്‍ട്ടി ചെയർമാനുമായ ഇമ്രാൻ ഖാനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. തോഷ്ഖാന കേസിൽ കോടതിയിൽ ഹാജരാകാത്തതിനെ തുടർന്നും ഖാത്തൂൺ ജഡ്ജി സേബ ചൗധരിയെ ഭീഷണിപ്പെടുത്തിയ കേസിലുമാണ് അറസ്റ്റ് വാറണ്ട്. മാർച്ച് 29ന് ഇമ്രാനെ കോടതിയിൽ ഹാജരാക്കാനാണ് നിർദേശം.

ഇസ്ലാമാബാദിലെ രണ്ട് ജില്ലാ സെഷൻസ് കോടതികളിൽ ഇമ്രാൻ ഖാൻ ഇന്ന് ഹാജരാകേണ്ടതായിരുന്നു. എന്നാൽ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി കോടതിയിൽ ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഇമ്രാന്റെ അഭിഭാഷകർ ഹർജി നൽകി. രണ്ട് കേസുകളിലുമായി ഇമ്രാനെ മാർച്ച് 18, 21 തീയതികളിൽ കോടതിയിൽ ഹാജരാക്കാൻ പോലീസിന് കോടതികൾ നിർദേശം നൽകിയിരുന്നു. കേസ് പരിഗണിക്കവെ, ഇമ്രാന്റെ ഹർജി തള്ളിയ കോടതി കേസിൽ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു.

ജഡ്ജിയെ ഭീഷണിപ്പെടുത്തിയകേസ്

വനിതാ അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജിക്കും മുതിർന്ന പോലീസ് ഉദ്യോഗസ്ഥർക്കും എതിരെ ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് കേസ് രജിസ്റ്റർ ചെയ്തത്. നേരത്തെ ഇസ്ലാമാബാദില്‍ നടന്ന ഒരു റാലിക്കിടെ, ഇമ്രാന്‍ ഖാന്റെ സഹായി ഷഹബാസ് ഗില്ലിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍, ഒരു വനിതാ മജിസ്ട്രേറ്റ്, പാകിസ്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍, രാഷ്ട്രീയ എതിരാളികള്‍ എന്നിവര്‍ക്കെതിരെ കേസ് കൊടുക്കുമെന്ന് പ്രസംഗത്തിലൂടെ ഇമ്രാൻ ഖാൻ ഭീഷണിപ്പെടുത്തി.

ഗില്ലിനെ രണ്ട് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തതില്‍ പ്രകോപിതനായാണ് ഇമ്രാന്‍ ഖാന്‍ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജി സേബ ചൗധരിയെ ഭീഷണിപ്പെടുത്തിയത്. 'അവര്‍ക്കെതിരെ നടപടിയെടുക്കും തയാറായിരിക്കൂ' എന്നായിരുന്നു ഭീഷണി. പ്രസംഗത്തില്‍ പോലീസിനെയും ജുഡീഷ്യറിയെയും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളെയും ഭീഷണിപ്പെടുത്തിയതിന് തീവ്രവാദ വിരുദ്ധ നിയമപ്രകാരം ഖാനെതിരെ കേസെടുക്കുയും ചെയ്തിരുന്നു.

അതേസമയം, കഴിഞ്ഞ സെപ്റ്റംബറിൽ ഇമ്രാൻ ഖാൻ സെഷൻസ് ജഡ്ജിക്ക് മുന്നിൽ ഹാജരായി സേബ ചൗധരിയോട് വ്യക്തിപരമായി മാപ്പ് പറഞ്ഞിരുന്നു.  ഇസ്ലാമാബാദ് ഹൈക്കോടതിക്ക് അയച്ച രേഖാമൂലമുള്ള പ്രതികരണത്തില്‍ ചൗധരി ഒരു ജുഡീഷ്യല്‍ ഓഫീസറായിരുന്നുവെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നാണ് ഇമ്രാന്‍ ഖാന്‍ പറഞ്ഞത്. താന്‍ പറഞ്ഞ വാക്കുകള്‍ ഉചിതമല്ലാത്തതിനാല്‍ അത് തിരിച്ചെടുക്കാന്‍ തയ്യാറാണെന്ന് ഇമ്രാന്‍ കോടതിയില്‍ സമര്‍പ്പിച്ച മറുപടിയില്‍ പറഞ്ഞിരുന്നു.

തോഷ്ഖാന കേസ്

പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച സമ്മാനങ്ങൾ അനധികൃതമായി വിറ്റുവെന്നതാണ് കേസ്. സർക്കാർ ഉദ്യോഗസ്ഥർ ഇത്തരത്തിൽ സമ്മാനങ്ങൾ വാങ്ങുമ്പോൾ വെളിപ്പെടുത്തണമെന്നാണ് നിയമം. എന്നാൽ ഒരു നിശ്ചിത മൂല്യത്തിൽ താഴെയുള്ളവ സൂക്ഷിക്കാൻ അനുവാദമുണ്ട്. അല്ലാത്തവ തോഷഖാന എന്ന സംവിധാനത്തിലേക്ക് പോകും. എന്നാല്‍ ഇമ്രാന്‍ ഖാന്‍ ഇവ നിയമവിരുദ്ധമായി വില്‍പ്പന നടത്തി എന്നാണ് കേസ്. 

കേസിൽ ഹാജരാകാൻ മൂന്ന് തവണ സമൻസ് അയച്ചിട്ടും ഇമ്രാൻ ഹാജരായിരുന്നില്ല. ഇതേതുടർന്ന് ഫെബ്രുവരി 28ന് കോടതി ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയായിരുന്നു. മറ്റ് പല കേസുകളുമായി ബന്ധപ്പെട്ട് കോടതികളിൽ ഇടയ്ക്കിടെ ഹാജരാകേണ്ടിവരുന്നതിനാൽ അദ്ദേഹത്തെ ഹിയറിംഗിൽ നിന്ന് ഒഴിവാക്കണമെന്നായിരുന്നു അഭിഭാഷകൻ അന്ന് കോടതിയെ അറിയിച്ചത്. തുടർന്ന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച കോടതി മാർച്ച് 7ന് ഇമ്രാൻ ഹാജരാക്കണമെന്ന് നിർദേശം നല്കുകയായിരുന്നു.

എന്നാൽ ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാൻ ലാഹോറിലെത്തിയ പോലീസുകാർക്ക് വെറുംകൈയോടെ മടങ്ങേണ്ടി വന്നു. തുടർന്ന് മാർച്ച് 7ന് കോടതി കേസ് പരിഗണിച്ചപ്പോൾ ഇമ്രാനെ ഹാജരാക്കത്തിനെ തുടർന്ന് മാർച്ച് 13 കേസ് മാറ്റിവയ്ക്കുകയും രണ്ടാം തവണയും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. എന്നാൽ ഇന്ന് കോടതി വാദം കേൾക്കുമ്പോഴും ഇമ്രാൻ എത്തിയിരുന്നില്ല . സുരക്ഷാ ഭീഷണിമൂലമാണ് ഇമ്രാൻ ഹാജരാകാത്തതെന്നാണ് അഭിഭാഷകൻ നൽകിയ വിശദീകരണം.

logo
The Fourth
www.thefourthnews.in