കെപോപ്പ് ഗാനങ്ങൾ കേട്ടു, പങ്കുവെച്ചു; വടക്കൻ കൊറിയയിൽ ഇരുപത്തിരണ്ടുകാരന് പരസ്യ വധശിക്ഷ
തെക്കൻ കൊറിയയിൽനിന്നുള്ള സിനിമകളും പോപ്പ് ഗാനങ്ങളും കാണുകയും പങ്കുവെക്കുകയും ചെയ്ത ഇരുപത്തിരണ്ടുകാരനെ വടക്കൻ കൊറിയയിൽ പരസ്യമായി വധശിക്ഷക്ക് വിധേയനാക്കിയതായി റിപ്പോർട്ട്. 2024 ൽ വടക്കൻ കൊറിയയില്‍ നടന്ന മനുഷ്യാവകാശ ധ്വംസനങ്ങളെക്കുറിച്ച് തെക്കന്‍ കൊറിയന്‍ സര്‍ക്കാര്‍ വ്യാഴാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
2002 ൽ നടന്ന സംഭവത്തെ സാക്ഷ്യപ്പെടുത്തുന്ന സാക്ഷിമൊഴികളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2023-ഓടെ സ്വന്തം നാട്ടിൽ നിന്ന് പലായനം ചെയ്ത 649 വടക്കൻ കൊറിയൻ കൂറുമാറ്റക്കാരുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്ന് മന്ത്രാലയം അറിയിച്ചു.
പുറത്തുനിന്നുള്ള വിവരങ്ങളും സംസ്കാരങ്ങളും രാജ്യത്തിനകത്തേക്കു പടരുന്നത് ശക്തമായി തടയുന്ന രാജ്യമാണ് വടക്കൻ കൊറിയ. കൂറുമാറ്റം നടത്തിയ, പേര് വെളിപ്പെടുത്താത്ത വ്യക്തിയുടെ മൊഴി പ്രകാരം സൗത്ത് ഹ്വാങ്ഹേ പ്രദേശത്തുനിന്നുള്ള യുവാവ്, 70 തെക്കൻ കൊറിയൻ പോപ്പ് ഗാനങ്ങൾ കേൾക്കുകയും മൂന്ന് സിനിമകൾ കാണുകയും അവ പ്രചരിപ്പിക്കുകയും ചെയ്തു എന്ന കുറ്റത്തിനാണ് ശിക്ഷിക്കപ്പെട്ടത്.
2020-ൽ അംഗീകരിച്ച 'പിന്തിരിപ്പൻ പ്രത്യയശാസ്ത്രവും സംസ്കാരവും' നിരോധിക്കുന്ന വടക്കൻ കൊറിയൻ നിയമത്തിൻ്റെ അടിസ്ഥാനത്തിൽ തെറ്റുകാരാണെന്ന് കണ്ടെത്തി കർഷകത്തൊഴിലാളിയായ യുവാവിനെ പരസ്യമായി വധശിക്ഷയ്ക്കു വിധിക്കുകയായിരുന്നു.
തെക്കൻ കൊറിയ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്നും വിവരങ്ങൾ കണ്ടെത്തുന്നതും കൈവശം വയ്ക്കുന്നതും വിതരണം ചെയ്യുന്നതും നിരോധിക്കുന്നു വ്യവസ്ഥകള്‍ ഉള്‍പ്പെടുന്നതാണ് നിയമം. നിയമ ലംഘനങ്ങൾക്ക് വധശിക്ഷയുള്‍പ്പെടെ വ്യവസ്ഥ ചെയ്യുന്നു.
2020-ൽ നിയമം നിലവിൽ വന്നശേഷം ശിക്ഷ ഭയന്ന് പുറത്തുള്ള ഉള്ളടക്കം കാണുന്നത് നിർത്തിയതായി പേര് വെളിപ്പെടുത്താത്ത വ്യക്തിയെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വടക്കൻ കൊറിയയിൽ ആളുകൾ പിടിക്കപ്പെട്ടതിന് ശിക്ഷിക്കപ്പെടുന്നത് തങ്ങൾ കണ്ടതായും ഇവർ കൂട്ടിച്ചേർത്തു. 2020-ലെ നിയമപ്രകാരം കിം ജോങ് ഉൻ ഭരണകൂടം പരസ്യമായി വധശിക്ഷ നടപ്പാക്കിയതായി തെക്കൻ കൊറിയ സർക്കാർ ആദ്യമായാണ് സ്ഥിരീകരിക്കുന്നത്.
പാശ്ചാത്യ സംസ്‌കാരത്തിൻ്റെ 'മലിനമായ' സ്വാധീനത്തിൽനിന്ന് ഉത്തര കൊറിയക്കാരെ സംരക്ഷിക്കാനുള്ള കാമ്പെയ്‌നിൻ്റെ ഭാഗമാണ് രാജ്യത്തെ കെ-പോപ്പ് നിരോധനം എന്നാണ് വടക്കന്‍ കൊറിയയുടെ വാദം. വിവാഹത്തിന് വധു വെളുത്ത വസ്ത്രം ധരിക്കുക, വരൻ വധുവിനെ എടുത്തുകൊണ്ടുപോകുക, സൺഗ്ലാസ് ധരിക്കുക, അല്ലെങ്കിൽ വൈൻ ഗ്ലാസിൽനിന്ന് മദ്യം കുടിക്കുക എന്നിങ്ങനെയുള്ള 'പ്രതിലോമകരമായ' സമ്പ്രദായങ്ങൾക്കുള്ള ശിക്ഷകളും 2020 ലെ നിയമത്തിന്റെ ഭാഗമായി വരുന്നുണ്ട്. ഇവയെല്ലാം തെക്കൻ കൊറിയയുടെ ആചാരങ്ങളായാണ് കണക്കാക്കപ്പെടുന്നത്.
തെക്കൻ കൊറിയൻ സ്വാധീനമുള്ളതായി കരുതപ്പെടുന്ന കോൺടാക്റ്റ് നെയിം സ്പെല്ലിങ്ങുകൾ, പദപ്രയോഗങ്ങൾ, സ്ലാങ് പദങ്ങൾ എന്നിവ ഉണ്ടോ എന്നറിയാനായി മൊബൈൽ ഫോണുകൾ പതിവായി പരിശോധിക്കപ്പെടാറുണ്ടെന്ന് റിപ്പോർട്ട് അവകാശപ്പെടുന്നു. രണ്ട് കൊറിയകളും ഒരേ ഭാഷയാണ് ഉപയോഗിക്കുന്നതെങ്കിലും, 1950-53 ലെ കൊറിയൻ യുദ്ധത്തെത്തുടർന്നുള്ള വിഭജനത്തിനുശേഷം സൂക്ഷ്മമായ വ്യത്യാസങ്ങൾ ഇതിൽ ഉയർന്നുവന്നിട്ടുണ്ട്.