വീണ്ടും ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണം; മേഖലയിൽ സ്ട്രാറ്റജിക് ബോംബർ വിന്യസിച്ച് അമേരിക്കയും
ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈൽ വീണ്ടും പരീക്ഷിച്ച് ഉത്തര കൊറിയ. ഇത് സംബന്ധിച്ച വിവരങ്ങൾ ദക്ഷിണ കൊറിയയും ജപ്പാനും പുറത്തു വിട്ടു. പ്രാദേശിക സമയം ഞായറാഴ്ച രാവിലെ 11 ന് പടിഞ്ഞാറൻ തീരത്തെ ഡോങ്‌ചാങ്റിയിൽ നിന്നാണ് മിസൈൽ വിക്ഷേപിച്ചത്. മേഖലയിൽ ആഴ്ചകളായി തുടരുന്ന രാഷ്ട്രീയ സംഘർഷത്തിന്റെ തുടർച്ചയാണ് വിക്ഷേപണം.
ഉത്തര കൊറിയയുടെ വിക്ഷേപണത്തിന് തൊട്ടുപിന്നാലെ അമേരിക്ക ബി 1 ബി എന്ന സ്ട്രാറ്റജിക് ബോംബർ വിന്യസിച്ചതായി ദക്ഷിണ കൊറിയയുടെ ദേശീയ പ്രതിരോധ മന്ത്രാലയം പറഞ്ഞു. പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് സ്ട്രാറ്റജിക് ബോംബറിന്റെ വിന്യാസമെന്നും ഇത് നേരത്തെ നിശ്ചയിച്ചതാണെന്നും അമേരിക്കയും ദക്ഷിണകൊറിയയും വ്യക്തമാക്കി.
ഉത്തരകൊറിയയെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ ചർച്ച ചെയ്യാനുള്ള ഉച്ചകോടിയിൽ പങ്കെടുക്കാനായി ദക്ഷിണ കൊറിയൻ പ്രസിഡന്റ് ടോക്കിയോയിലേക്ക് പറക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപായിരുന്നു മിസൈൽ പരീക്ഷണം നടന്നത്. എന്നാൽ അമേരിക്കയ്ക്കോ സഖ്യകക്ഷികൾക്കോ ഭീഷണിയല്ല ഞായറാഴ്ച നടത്തിയ വിക്ഷേപണമെന്ന് അമേരിക്കയുടെ ഇൻഡോ-പസഫിക് കമാൻഡ് പ്രതികരിച്ചു. ലക്ഷ്യത്തിലെത്തുന്നതിന് മുൻപായി ഏകദേശം 800 കിലോമീറ്റർ ദൂരം മിസൈൽ പറന്നതായി ദക്ഷിണ കൊറിയ പ്രസ്താവനയിൽ വ്യക്തമാക്കി. എന്നാൽ മിസൈൽ 50 കിലോമീറ്റർ വരെ ഉയരത്തിൽ മിസൈൽ പറന്നതായി ജപ്പാനീസ് പ്രതിരോധ മന്ത്രാലയവും അറിയിച്ചു. അമേരിക്കയും ദക്ഷിണ കൊറിയയും തമ്മലുള്ള സംയുക്ത നാവിക അഭ്യാസങ്ങൾ നിലവിൽ നടന്നു കൊണ്ടിരിക്കുകയാണ്. കൊറിയൻ ഉപദ്വീപിനും ജപ്പാനും ഇടയിലുള്ള കടലിൽ സംയുക്ത വ്യോമ, നാവിക സൈനിക അഭ്യാസം തുടർച്ചയായ മൂന്നാം ദിവസവും ജപ്പാനും അമേരിക്കയും നടത്തിയതായി ജപ്പാനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയുടെ പ്രമേയത്തിന്റെ ലംഘനമാണെന്ന് ഉത്തര കൊറിയയുടെ ബാലിസ്റ്റിക് മിസൈൽ വിക്ഷേപണമെന്ന് ദക്ഷിണ കൊറിയ കുറ്റപ്പെടുത്തി. "അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാണ് ഉത്തര കൊറിയയുടെ പെരുമാറ്റം. അത് അംഗീകരിക്കൻ കഴിയില്ല," ജപ്പാൻ പ്രതിരോധ സഹമന്ത്രി തോഷിറോ ഇനോയും പറഞ്ഞു. ബീജിങ്ങിലുള്ള ഉത്തര കൊറിയൻ എംബസി വഴി ജപ്പാൻ ശക്തമായി പ്രതിഷേധിച്ചതായും തോഷിറോ കൂട്ടിച്ചേർത്തു.
ഐക്യരാഷ്ട്ര സഭാ രക്ഷാസമിതിയുടെ നിഷ്‌ക്രിയത്വത്തിൽ അഗാധമായി ഖേദിക്കുന്നു എന്ന് ഞായറാഴ്ച ഇറക്കിയ പ്രസ്താവനയിൽ ജി 7 വിദേശകാര്യ മന്ത്രിമാർ വ്യക്തമാക്കി. ഒപ്പം ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണങ്ങൾക്ക് മറുപടി നൽകാനുള്ള ഐക്യരാഷ്ട്രസഭയിലെ ശ്രമങ്ങൾ ചൈനയും റഷ്യയും തടഞ്ഞതായും അവർ കുറ്റപ്പെടുത്തി.