'കെ-ഡ്രാമ' കണ്ടു; കൗമാരക്കാരെ കഠിനതടവിന് ശിക്ഷിച്ച് ഉത്തര കൊറിയ
കെ-ഡ്രാമയെന്നറിയപ്പെടുന്ന ദക്ഷിണ കൊറിയൻ ടിവി പരമ്പരകൾ കണ്ടതിന്റെ പേരിൽ രണ്ട് കൗമാരക്കാരെ കഠിനതടവിന് ശിക്ഷിച്ച് ഉത്തര കൊറിയ. ഇത്തരത്തിലുള്ള വിചിത്ര നടപടികൾ ഉത്തരകൊറിയയിൽ സാധാരണമാണ്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും മാധ്യമ സ്വാതന്ത്ര്യത്തിനും വസ്ത്രസ്വാതന്ത്ര്യത്തിനും ഉൾപ്പടെ എല്ലാത്തരത്തിലുമുള്ള വിനോദങ്ങൾക്കും വിലക്കുള്ള രാജ്യമാണ് ഉത്തര കൊറിയ.
2022ൽ ചിത്രീകരിച്ചതായി തോന്നിക്കുന്ന വീഡിയോ 'ബിബിസി കൊറിയ'യാണ് പുറത്തുവിട്ടത്. ഒരു ഔട്ട്ഡോർ സ്റ്റേഡിയത്തിൽ നൂറുകണക്കിന് വിദ്യാർഥികൾക്ക് മുന്നിൽ 16 വയസ്സുള്ള രണ്ട് ആൺകുട്ടികൾ കൈകൂപ്പി നിൽക്കുന്നതായാണ് കാണുന്നത്. യൂണിഫോം ധരിച്ച ഉദ്യോഗസ്ഥർ ഈ കുട്ടികളെ ശാസിക്കുന്നതും വീഡിയോയിലുണ്ട്. ഇത്തരത്തിലുള്ള വിഡിയോകൾ ഉത്തര കൊറിയയിൽ നിന്നു പുറത്തു വരുന്നത് വളരെ അപൂർവമാണ്. ഫോട്ടോകളും വീഡിയോകളും ഉൾപ്പടെ രാജ്യത്തെ ജീവിതങ്ങൾ ദൃശ്യമാകുന്നവയെല്ലാം പുറം ലോകത്തേക്ക് എത്തിക്കുന്നത് ഉത്തര കൊറിയ വിലക്കിയിട്ടുണ്ട്.
വിചിത്ര നടപടികൾക്ക് പേര് കേട്ടിട്ടുള്ള രാജ്യമാണ് ഉത്തര കൊറിയ. ടിവി ഉൾപ്പെടെയുള്ള ദക്ഷിണ കൊറിയൻ വിനോദങ്ങൾക്ക് ഉത്തരകൊറിയയിൽ കർശന നിരോധനമാണുള്ളത്. ആഗോളതലത്തിൽ പ്രചാരമുള്ള ദക്ഷിണ കൊറിയൻ ടിവി പരമ്പരകളും സിനിമകളും പോപ്പ് ഗാനങ്ങളും കാണുകയോ കേൾക്കുകയോ ചെയ്യുന്നതായി കണ്ടെത്തിയാൽ കഠിന ശിക്ഷകളാണ് ഉത്തര കൊറിയൻ നിവാസികൾക്ക് ലഭിക്കുക. വധശിക്ഷ ലഭിക്കുന്ന കുറ്റമായി ഈ പ്രവൃത്തികളെ മാറ്റാനുള്ള നിയമം 2020ൽ ഉത്തര കൊറിയ പാസാക്കിയിരുന്നു. ദക്ഷിണ കൊറിയൻ വിനോദങ്ങൾ മാത്രമല്ല അമേരിക്കന്‍ ചലച്ചിത്രങ്ങള്‍ കാണുന്നതിനും വധശിക്ഷയാണ് ലഭിക്കുക.
മുൻകാലങ്ങളിൽ, സമാനമായ രീതിയിൽ നിയമം ലംഘിക്കുന്ന പ്രായപൂർത്തിയാകാത്തവരെ ജയിലിൽ അടയ്ക്കുന്നതിനുപകരം യൂത്ത് ലേബർ ക്യാമ്പുകളിലേക്ക് അയയ്ക്കുകയാണ് പതിവ്, കൂടാതെ സാധാരണയായി അഞ്ച് വർഷത്തിൽ താഴെയാണ് ശിക്ഷ നൽകുക.
അവിശ്വസിനീയമെന്നു തോന്നുന്ന പല തരത്തിലുള്ള നിയമങ്ങൾ ഉത്തര കൊറിയയിൽ പ്രാബല്യത്തിലുണ്ട്. തിരഞ്ഞെടുപ്പില്‍ ഒരാള്‍ക്ക് വേണ്ടി മാത്രമേ വോട്ട് രേഖപ്പെടുത്താനാകു, ഉത്തര കൊറിയയുടെ മുതിര്‍ന്ന നേതാവും കിം ജോങ് ഉന്നിന്റെ മുത്തച്ഛനുമായ കിം സങ് 1994 ജൂലായ് 8നാണ് മരിക്കുന്നത്. രാജ്യം ദുഃഖമാചരിക്കുന്ന ഈ ദിവസം ചിരിക്കുന്നത് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. അന്നേ ദിവസം ചരിക്കുകയോ താമാശ പറയുകയോ ചെയ്യരുത്.
നീല ജീന്‍സിനും ഉത്തര കൊറിയയിൽ വിലക്കുണ്ട്. നീല ജീന്‍സിനെ മുതലാളിത്തത്തിന്റെ പ്രതീകമായാണ് ഉത്തര കൊറിയ കാണുന്നത്. നാസ്തികത്വം ബലം പ്രയോഗിച്ച് നടപ്പാക്കുന്ന രാജ്യമാണ് ഉത്തര കൊറിയ. എല്ലാവരും കിം കുടുംബത്തില്‍പ്പെട്ടവരാണ്. അതിനാല്‍ പൗരന്മാര്‍ക്ക് മതമോ വിശ്വാസമോ പാടില്ലെന്നതാണ് മറ്റൊരു നിയമം. സര്‍ക്കാര്‍ അംഗീകൃത രീതിയിൽ മാത്രമേ മുടി വെട്ടാൻ സാധിക്കു. വാർത്താവിനിമയ സംവിധാനങ്ങൾക്കായി മൂന്ന് ചാനലുകൾ മാത്രമാണ് ഉത്തര കൊറിയയിലുള്ളത്. ഈ മൂന്ന് ചാനലുകളും സർക്കാർ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്നവയാണ്.
ഏറ്റവും പ്രധാനപ്പെട്ടത് ഉത്തര കൊറിയയിൽ ജനിക്കുന്നവർക്ക് ആ രാജ്യത്തു നിന്നു മറ്റ് രാജ്യങ്ങളിലേക്ക് പോകാന്‍ അവകാശമില്ല. രേഖകളില്ലാതെ അതിര്‍ത്തി കടന്നിന് പിടിക്കപ്പെട്ടാൽ വധശിക്ഷ ഉറപ്പ്. ഒപ്പം ശിക്ഷകൾ മൂന്ന് തലമുറയാണ് അനുഭവിക്കുക. 1948 മുതല്‍ ഉത്തര കൊറിയയില്‍ ഈ നിയമം പ്രാബല്യത്തിലുണ്ട്.