ഉത്തര കൊറിയയുടെ  സ്റ്റാംപുകളില്‍ ഇനി കിം ജോങ് ഉന്നിന്റെ മകളും

ഉത്തര കൊറിയയുടെ സ്റ്റാംപുകളില്‍ ഇനി കിം ജോങ് ഉന്നിന്റെ മകളും

അനന്തരാവകാശിയായി മകളെ മാറ്റുന്നതിനുള്ള സൂചനകളാണിതെന്ന് വിലയിരുത്തലുകൾ
Updated on
1 min read

ഉത്തര കൊറിയന്‍ നേതാവ്  കിം ജോങ് ഉന്നിന്റെ മകളുടെ ചിത്രങ്ങള്‍ ഇനി രാജ്യത്തിന്റെ സ്റ്റാംപുകളില്‍ ആലേഖനം ചെയ്യും. നവംബര്‍ 18ന് നടന്ന മിസൈല്‍ വിക്ഷേപണത്തിന്റെ സ്മരണയ്ക്കായി ഉത്തര കൊറിയന്‍ സ്റ്റാംപ് കോര്‍പറേഷന്‍ പുറത്തിറക്കിയ സ്റ്റാംപുകളില്‍ അഞ്ചെണ്ണത്തിലും കിമ്മിനെയും മകളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കിമ്മിന്റെ 'പ്രിയപ്പെട്ട മകള്‍' എന്ന അടിക്കുറിപ്പും സ്റ്റാംപുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പുതിയ സ്റ്റാംപുകള്‍ വെള്ളിയാഴ്ച പുറത്തിറക്കും.

കിം ജോങ് ഉന്നിന്റെ കുടുംബ ജീവിതം തികച്ചും സ്വകാര്യമായിരുന്നു. കിമ്മിന് രണ്ട് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയും ഉള്‍പ്പെടെ കിമ്മിന് മൂന്ന് കുട്ടികള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ നവംബറില്‍ നടന്ന രാജ്യത്തിന്റെ ഏറ്റവും ശക്തിയേറിയ ബാലിസ്റ്റിക് മിസൈലിന്റെ വിക്ഷേപണ ചടങ്ങില്‍ കിം മകളുമായി പ്രത്യക്ഷപ്പെട്ടു. അതിന് ശേഷവും വിവിധ ചടങ്ങുകളില്‍ കിമ്മിന്റെ മകള്‍ എത്തിയിരുന്നു. ദക്ഷിണ കൊറിയന്‍ ചാര ഏജന്‍സികള്‍ പുറത്തുവിടുന്ന വിവരങ്ങള്‍ പ്രകാരം 'ജു എ' എന്ന് വിളിക്കുന്ന കിമ്മിന്റെ രണ്ടാമത്തെ മകളുടെ ചിത്രങ്ങളാണ് പുറത്ത് വന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, പുതിയ നീക്കങ്ങള്‍ 'കിമ്മിന്റെ പിന്‍ഗാമിയെന്ന നിലയില്‍ മകളെ ഉയര്‍ത്തിക്കാട്ടാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്ന നിലയിലും ചര്‍ച്ചകള്‍ സജീവമാണ്. ഇതിനുള്ള ഔദ്യോഗിക തുടക്കമായി സ്റ്റാംപിലെ സാന്നിധ്യത്തെ അടയാളപ്പെടുത്താമെന്ന് വേള്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ നോര്‍ത്ത് കൊറിയ സ്റ്റഡീസ് നടത്തുന്ന ഗവേഷകനായ അന്‍ ചാന്‍-ഇല്‍ അഭിപ്രായപ്പെട്ടു. കിമ്മിന്റെ മകളുടെ രൂപഭാവങ്ങള്‍ തുടര്‍ അവകാശിയാകുന്നതിനുള്ള തയ്യാറെടുപ്പുകളെ സൂചിപ്പിക്കുന്നതാണെന്ന് വിദഗ്ധർ പറയുന്നു. കിമ്മിന്റെ മകളെ ഉള്‍പ്പെടുത്തി കൊണ്ടുളള പുതിയ സ്റ്റാംപുകളും ഈ നിഗമനത്തിന് ആക്കം കൂട്ടുന്നവയാണ്.

ഇത്തരം വിലയിരുത്തലുകളെ തള്ളികളയുകയാണ് മറ്റൊരു പക്ഷം. കിമ്മിന് വിരമിക്കാന്‍ പ്രായമായിട്ടില്ലെന്നതും മകളുടെ പേര് വെളിപ്പെടുത്താത്തതും ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നു. പ്രസിഡന്റ് കിം ജോങ് ഉന്നിന്റെ മൂത്ത മകന്‍ ഉത്തര കൊറിയാന്‍ ഭരണാധികാരിയാകുമെന്നാണ് മറ്റൊരു പക്ഷം വിശ്വസിക്കുന്നത്. കിം മകളെ ഭരണാധികാരി ആക്കുന്നതിന് വേണ്ടിയല്ല, മറിച്ച് പ്രചാരണത്തിനായി ഉപയോഗിക്കുകയാണെന്നുമുള്ള ആരോപണങ്ങളും നിലനില്‍ക്കുന്നുണ്ട്.

logo
The Fourth
www.thefourthnews.in