കിം ജോങ് ഉന്‍ റഷ്യയിൽ; പുടിനുമായി കൂടിക്കാഴ്ച ഇന്ന്, ഉപരോധ മുന്നറിയിപ്പുമായി അമേരിക്ക
ഔദ്യോഗിക സന്ദർശനത്തിനായി ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ റഷ്യയിലെത്തി. റഷ്യയുമായുള്ള ആയുധ ഇടപാടിൽ നിന്ന് പിന്മാറണമെന്ന അമേരിക്കയുടെ മുന്നറിയിപ്പ് പിന്തള്ളിയാണ് കിമ്മിന്റെ റഷ്യ സന്ദർശനം. യുക്രെയ്ന്‍ യുദ്ധത്തില്‍ സഹായിക്കുന്നതുമായി ബന്ധപ്പെട്ട് റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിനുമായി കിം ചർച്ച നടത്തുമെന്ന് പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഉത്തരകൊറിയൻ തലസ്ഥാനമായ പോങ്‌യാങ്ങിൽനിന്ന് ഞായർ വൈകിട്ട് ട്രെയിൻ മാർഗമാണ് കിം മോസ്കോയിലെത്തിയത്. സൈനിക ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരും കിമ്മിനൊപ്പം ഉണ്ടെന്ന് കെസിഎൻഎ റിപ്പോർട്ട് ചെയ്തു. ഔദ്യോഗിക സന്ദര്‍ശനത്തിനായി കിം എത്തുമെന്ന് റഷ്യന്‍ സര്‍ക്കാർ സ്ഥിരീകരിച്ചിരുന്നു. ഇന്ന് തന്നെ ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച്ച നടക്കുമെന്നാണ് കരുതുന്നത്. പോങ്‌യാങ്ങിൽ നിന്ന് പുറപ്പെടുന്നതിന് മുൻപ് കിം തന്റെ കവചിത ട്രെയിനിൽ നിന്ന് കൈവീശി കാണിക്കുന്ന ഫോട്ടോകൾ ദക്ഷിണ കൊറിയന്‍ മാധ്യമങ്ങള്‍ പങ്കുവച്ചു.
യുക്രെയ്നിനെതിരെ യുദ്ധത്തിൽ ഉപയോഗിക്കാൻ മോസ്കോയ്ക്ക് ആയുധങ്ങൾ നൽകാൻ പോങ്‌യാങ് പദ്ധതിയിടുന്നുവെന്ന ആശങ്കകൾക്കിടയിലാണ് കിമ്മിന്റെ റഷ്യ സന്ദർശനം. കിമ്മിന്റെ റഷ്യയിലേക്കുള്ള യാത്രയും പുടിനുമായുള്ള കൂടിക്കാഴ്ചയും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ളതാകുമെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്‌കോവ് ഓൺലൈനിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞു. അതേസമയം, ഇരുരാജ്യങ്ങളും തമ്മിൽ ഏതെങ്കിലും തരത്തിലുള്ള ആയുധ ഇടപാട് അമേരിക്കയുടെ ഉപരോധത്തിന് കാരണമായേക്കാമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വീണ്ടും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഉത്തരകൊറിയില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങാന്‍ റഷ്യ പദ്ധതിയിടുന്നതായി അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം കഴിഞ്ഞയാഴ്ച ആരോപിച്ചിരുന്നു. ഉത്തരകൊറിയയിൽ നിന്ന് റഷ്യയിലേക്ക് ആയുധങ്ങൾ കൈമാറുന്നത് ഒന്നിലധികം യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയങ്ങളുടെ ലംഘനമാകുമെന്ന് ഇരുരാജ്യങ്ങളെയും ഓർമിപ്പിക്കുകയാണെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് മാത്യു മില്ലർ പറഞ്ഞു. എന്നാൽ ആയുധ കൈമാറ്റമെന്ന റിപ്പോര്‍ട്ടുകള്‍ റഷ്യയും ഉത്തരകൊറിയയും തള്ളിക്കളഞ്ഞിട്ടുണ്ട്.
കോവിഡ് മഹാമാരിക്ക് ശേഷം കിം ജോങ് ഉന്നിന്റെ ആദ്യ വിദേശ സന്ദര്‍ശനമാണ് റഷ്യയിലേത്. റഷ്യന്‍ നഗരമായ വ്‌ലാഡിവോസ്‌റ്റോക്കാണ് കിം അവസാനമായി സന്ദര്‍ശിച്ച വിദേശ നഗരം.