'യുദ്ധം വ്യാപിപ്പിക്കരുത്', പുടിനോട് ട്രംപ്; യുക്രെയ്ന്‍ വിഷയത്തില്‍ യുഎസ് നിലപാട് മാറുമോ?
രണ്ട് വര്‍ഷവും എട്ട് മാസവും രണ്ടാഴ്ചയുമായി തുടരുന്ന റഷ്യ യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഇടപെടല്‍. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനുമായി ട്രംപ് ഫോണില്‍ ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ട്. യുക്രെയ്‌നില്‍ നടത്തുന്ന സൈനിക നീക്കം വ്യാപിപ്പിക്കരുത് എന്നാണ് ട്രംപിന്റെ നിര്‍ദേശം. ഞായറാഴ്ചയാണ് ഇരുനേതാക്കളും തമ്മില്‍ ചര്‍ച്ച നടത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ട്രംപ് നേതൃത്വം നല്‍കുന്ന പുതിയ യുഎസ് സര്‍ക്കാര്‍ യുക്രെയ്ന്‍ റഷ്യ യുദ്ധം സംബന്ധിച്ച വിഷയത്തില്‍ രാജ്യം സ്വീകരിച്ചുവന്ന നയങ്ങളില്‍ മാറ്റം വരുത്തരുത് എന്ന് നിലവിലെ പ്രസിഡന്റ് ജോ ബൈഡന്‍ ആവശ്യപ്പെട്ടിരുന്നു. യുക്രെയ്‌ന് യുഎസ് നല്‍കുന്ന സൈനിക സാമ്പത്തിക സഹായങ്ങളില്‍ നേരത്തെ തന്നെ ട്രംപിന് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ബൈഡന്‍ നിലപാട് മാറ്റം ഉണ്ടാകരുതെന്ന സമ്മര്‍ദം ട്രംപിന് മേല്‍ ചുമത്തുന്നത്. കഴിഞ്ഞ ബുധനാഴ്ച യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയുമായും ട്രംപ് ഫോണില്‍ സംസാരിച്ചിരുന്നു. യുദ്ധം വേഗത്തില്‍ അവസാനിപ്പിക്കാന്‍ യുഎസ് നടപടി സ്വീകരിക്കുമെന്ന് വാഗ്ദാനമായിരുന്നു അന്ന് ട്രംപ് മുന്നേട്ടുവച്ചത്.
അതേസമയം, ട്രംപ് പുടിന്‍ ചര്‍ച്ചയെ കുറിച്ച് പ്രതികരിക്കാനില്ലെന്നാണ് യുക്രെയ്‌നിന്റെ നിലപാട്. ഇരു നേതാക്കളും തമ്മിലുള്ള ചര്‍ച്ചയെ കുറിച്ച് തങ്ങള്‍ക്ക് അറിവില്ല. ഇതിനെ അംഗീകരിക്കാനോ എതിര്‍ക്കാനോ തങ്ങള്‍ തയ്യാറല്ലെന്നും യുക്രെയ്ന്‍ അധികൃതര്‍ പറയുന്നു.
അതേസമയം, യുക്രെയ്ന്‍ വിഷയത്തില്‍ അമേരിക്കയുടെ ഭാഗത്ത് നിന്നും നിലപാടുമാറ്റം ഉണ്ടായാല്‍ യുദ്ധത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കപ്പെടും എന്നാണ് വിലയിരുത്തല്‍. 2022 ല്‍ റഷ്യന്‍ അധിനിവേശം ആരംഭിച്ചത് മുതല്‍ യുക്രെയ്നിന് ദശലക്ഷക്കണക്കിന് ഡോളര്‍ മൂല്യമുള്ള യുഎസ് സൈനിക, സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ട്. ഈ നടപടിയെ പലപ്പോളും ട്രംപും മറ്റ് റിപ്പബ്ലിക്കന്‍ നേതാക്കളും വ്യാപകമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. താന്‍ വൈറ്റ് ഹൗസില്‍ ഉണ്ടായിരുന്നു എങ്കില്‍ യുക്രെയ്ന്‍ റഷ്യ യുദ്ധം ഉണ്ടാവില്ലെന്ന് പോലും ട്രംപ് പ്രതികരിച്ചിരുന്നു.
യുഎസ് അക്കൗണ്ടബിലിറ്റി ഓഫീസിന്റെ കണക്കനുസരിച്ച് ബൈഡന്റെ സര്‍ക്കാര്‍ 174 ബില്യണ്‍ ഡോളര്‍ യുക്രെയ്‌നിന് സഹായമായി നല്‍കിയിട്ടുണ്ടെന്നാണ് കണക്കുകള്‍. പുതിയ സാഹചര്യത്തില്‍ 52 സീറ്റുകളുടെ ഭൂരിപക്ഷത്തോടെ യുഎസ് സെനറ്റിന്റെ നിയന്ത്രണം റിപ്പബ്ലിക്കന്‍മാര്‍ ഏറ്റെടുക്കുന്നതോടെ സഹായത്തിന്റെ കാര്യത്തില്‍ പുനഃപരിശോധന ഉണ്ടായേക്കുമെന്നാണ് വിലയിരുത്തല്‍.