പതറാതെ ടെലിവിഷന്‍ മുന്നോട്ട്; ലോക ടെലിവിഷന്‍ ദിനത്തിലെ ചിന്തകള്‍
നവംബര്‍ 21, ലോക ടെലിവിഷന്‍ ദിനം. ലോകത്തെ എല്ലാ രാജ്യങ്ങളിലും ഈ ദിനം ആചരിക്കുന്നു. സാധാരണഗതിയില്‍, അത് ആഘോഷമാകും. എന്നാല്‍, ടെലിവിഷന്റെ കാര്യത്തില്‍, ആഘോഷത്തിലുപരി ടെലിവിഷന്‍ ദിനമായാണ് ആചരിക്കപ്പെടുന്നത്. എല്ലാ കൊല്ലവും ടെലിവിഷന്‍ ദിനം ഒരു പ്രത്യേക സന്ദേശമാണ് കൈകാര്യം ചെയ്യുന്നത്. ഇനി ടെലിവിഷന്‍ ദിനത്തിന്റെ ചരിത്രത്തിലേക്ക് കടക്കാം.1996 നവംബര്‍ 21, 22 തീയതികളില്‍ ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തില്‍, ലോകത്തിലെ ടെലിവിഷന്‍ രംഗത്തെ പ്രധാനികള്‍ പങ്കെടുത്ത ഒരു സമ്മേളനം നടന്നു. ലോകത്ത് ടെലിവിഷന്റെ വര്‍ധിച്ചു വരുന്ന സ്വാധീനം എങ്ങനെ രാജ്യങ്ങള്‍ തമ്മില്‍ വളര്‍ന്നു വരുന്ന സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാന്‍ ജനപ്രീതി ആര്‍ജിക്കുന്ന വിധം ഉപയോഗപ്പെടുത്താന്‍ കഴിയും എന്നതായിരുന്നു ചര്‍ച്ചകളുടെ പ്രമേയം.
സംഘര്‍ഷ ലഘൂകരണത്തോടൊപ്പം, ലോക രാജ്യങ്ങളുടെ പരസ്പര സഹകരണം എങ്ങനെ ശക്തിപ്പെടുത്തണമെന്നും, അതിനുള്ള അവബോധം വളര്‍ത്താന്‍ ടെലിവിഷന്‍ ഉപയോഗിക്കുന്നതിനെ കുറിച്ചും സമ്മേളനത്തില്‍ ചര്‍ച്ച ചെയ്തു. ലോക സമാധാനത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് സാമൂഹ്യ സാമ്പത്തിക മേഖലകളില്‍ ശ്രദ്ധയൂന്നാനാണ് അവര്‍ ലക്ഷ്യം വച്ചത്. അതിനായി ലോക ടെലിവിഷന്‍ ദിനം ആചരിക്കണമെന്ന് ഐക്യരാഷ്ട്രസഭയോട് അവര്‍ ശുപാര്‍ശ ചെയ്തു. ഈ ശുപാര്‍ശ ഐക്യരാഷ്ട്രസഭയുടെ പൊതു സഭ അംഗീകരിക്കുകയും അതനുസരിച്ച് പ്രമേയം പാസാക്കുകയും ചെയ്തു. അങ്ങനെയാണ് ടെലിവിഷന്‍ ദിനം നടപ്പില്‍ വന്നത്. വിനോദ, വിജ്ഞാന മേഖലകളില്‍ ടെലിവിഷന്റെ സ്വാധീനം അങ്ങനെ അംഗീകരിക്കപ്പെടുകയായിരുന്നു.
ജനങ്ങളുടെ അഭിപ്രായം, വിശ്വാസം എന്നിവയുടെ രൂപീകരണത്തില്‍ ടെലിവിഷന്റെ സ്വാധീനം കൂടുന്നതനുസരിച്ച് മറ്റ് വിനോദ പരിപാടികള്‍ കൂടുതലായി വ്യാപാരത്തിന് തുനിഞ്ഞു
ആഗോളവത്കരണത്തിന്റെയും ഉദാരവത്കരണത്തിന്റെയും കാലത്തോടെ ടെലിവിഷന്റെ ജന സ്വാധീനം വര്‍ധിച്ചുകൊണ്ടേയിരുന്നു. രാഷ്ട്രീയ തീരുമാനങ്ങളില്‍ ഭരണകൂടത്തിന്റെ പരിപാടികള്‍ നടപ്പാക്കുന്നതിനും പൊതു രംഗത്ത് ടെലിവിഷന്‍ മുഖേന കൂടുതലായി ഇടപെട്ടുകൊണ്ടിരുന്നു. അങ്ങനെ ടെലിവിഷന്‍ ജനങ്ങളുടെ വിശ്വാസ്യത കൂടുതല്‍ നേടിക്കൊണ്ടേയിരുന്നു. അതേസമയം വ്യാപാരവത്കരണത്തോടെ പൊതുസേവന പ്രക്ഷേപണം കുറഞ്ഞുകൊണ്ടിരുന്നു. മാത്രവുമല്ല ടെലിവിഷന്‍ പ്രേക്ഷകര്‍ കൂടുതലായി വിനോദ പരിപാടികള്‍ കാണാനും തുടങ്ങി. ജനങ്ങളുടെ അഭിപ്രായം, വിശ്വാസം എന്നിവയുടെ രൂപീകരണത്തില്‍ ടെലിവിഷന്റെ സ്വാധീനം കൂടുന്നതനുസരിച്ച് മറ്റ് വിനോദ പരിപാടികള്‍ കൂടുതലായി വ്യാപാരത്തിന് തുനിഞ്ഞു.
ജനസ്വാധീനമുള്ള ദൃശ്യമാധ്യമം, പത്രങ്ങളില്‍ നിന്നും റേഡിയോകളില്‍ നിന്നും വിഭിന്നമാണ്. കാഴ്ചയാണ് അടിസ്ഥാന കാരണം. ടെലിവിഷന്‍ സെറ്റുകളുടെ ഉള്ളടക്കവും രൂപവും ഭാവവും വിതരണ രീതിയും സാങ്കേതിക പുരോഗതിയുടെ വളര്‍ച്ചയ്ക്കനുസരിച്ച് മാറിക്കൊണ്ടേയിരുന്നു. പക്ഷേ, ടെലിവിഷന്റെ അടിസ്ഥാന തത്വം മാറിയിട്ടില്ല. ടെലിവിഷന്‍ സെറ്റുകള്‍ ഉള്ള വീടുകളുടെ എണ്ണവും ലോകത്ത് വര്‍ധിച്ചുകൊണ്ടിരുന്നു. ടെലിവിഷന്‍ നിത്യേന മണിക്കൂറുകളോളം കാണുന്നവരുടെ എണ്ണം, നവമാധ്യമങ്ങള്‍ പ്രചരിച്ചിട്ടും, ഇപ്പോഴും കൂടിക്കൊണ്ടിരിക്കുന്നു. ഒരു ദിവസം 172 കോടി ടിവി സെറ്റുകളിലൂടെ 536 കോടി ജനങ്ങള്‍ ആഗോളതലത്തില്‍ ടെലിവിഷന്‍ കാണുന്നുണ്ട്. ഇപ്പോഴത്തെ കണക്ക് അനുസരിച്ച്, ഇന്ത്യയില്‍ 21 കോടി വീടുകളിലാണ് ടിവി സെറ്റുകള്‍ ഉള്ളത്. അവയിലേക്ക് 900ത്തോളം ചാനലുകളില്‍ 24 മണിക്കൂറും സംപ്രേഷണം നടക്കുന്നുണ്ട്. ഇവയില്‍ പകുതിയോളവും വാര്‍ത്താ ചാനലുകള്‍ ആണ്.
ഇന്ത്യയില്‍ സ്വകാര്യ ചാനലുകള്‍ക്ക് ആദ്യകാലത്ത് ലൈസന്‍സ് നല്‍കുന്നതിനുള്ള നിബന്ധനകള്‍ കര്‍ശനമായിരുന്നു. 1995ലെ സുപ്രീംകോടതി വിധി അനുസരിച്ച് വായു തരംഗങ്ങള്‍ സ്വതന്ത്രമാണെന്ന് പ്രഖ്യാപിക്കപ്പെട്ടു. അതോടെ സ്വകാര്യ ചാനലുകളുടെ മുന്നേറ്റം തന്നെ നടന്നു. മാത്രമല്ല, ഇന്ത്യയിലെ ഉപഗ്രഹ സാങ്കേതിക വിദ്യ വളരെയേറെ പുരോഗമിക്കുകയും ചെയ്തു. അതിനു മുന്‍പ് 1990കളുടെ ആദ്യ കാലത്ത് കേബിള്‍ ശൃംഖല നിയന്ത്രിക്കാന്‍ കേബിള്‍ ടെലിവിഷന്‍ ആക്ട് നടപ്പിലാക്കിയിരുന്നു. ആ കാലത്ത് ഏകദേശം 75,000 ശൃംഖലകള്‍ നിലവില്‍ ഉണ്ടായിരുന്നു. പിന്നീട് ഈ രംഗത്ത് വന്‍കിട കമ്പനികള്‍ കാല്‍വച്ചതോടെ അവയുടെ എണ്ണം കുറഞ്ഞു. അവ ഏതാണ്ട് മിക്കവാറും കോര്‍പറേറ്റുകളുടെ അധീനതയിലായി. അതോടെ പരസ്യങ്ങളില്‍ നിന്നും വിതരണ ശൃംഖലകളുടെ വരുമാനം വര്‍ധിച്ചു.
ലൈസന്‍സുകള്‍ നിബന്ധനകള്‍ക്ക് അനുസരിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മത സ്ഥാപനങ്ങള്‍ക്കും അനുവദനീയമല്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികളും ടിവി ചാനലുകള്‍ നടത്തുന്നുണ്ട്. അതിന്റെ ഉദാഹരണങ്ങള്‍ കേരളത്തില്‍ തന്നെയുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളും മത സ്ഥാപനങ്ങളും പ്രക്ഷേപണ നിയമങ്ങള്‍ ലംഘിക്കുന്നതിന്റെ എത്രയോ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയും. അവ നിയന്ത്രിക്കാന്‍ നിയമം ഉണ്ട്. എന്നാല്‍ നടപ്പാക്കുന്നതിനുള്ള സംവിധാനങ്ങള്‍ തീര്‍ത്തും ദുര്‍ബലമാണ്.
പൊതു സമൂഹം ഒറ്റക്കെട്ടായി വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്തു കൊണ്ട് ഭരണകൂടത്തിലും ടിവി ചാനല്‍ ഉടമകളുടെ സ്ഥാപനങ്ങളിലും നിര്‍ബന്ധം ചെലുത്തേണ്ടതാണ്
മുന്‍പ് 2011ലായിരുന്നു ടെലിവിഷന്‍ സിഗ്‌നലുകള്‍ ഉപഗ്രഹത്തിലേക്ക് അപ്പ്‌ലിങ്ക് ചെയ്യുന്നതിന് നിയമം ക്രോഡീകരിച്ചത്. അതിനിടയില്‍, വ്യതിയാനങ്ങള്‍ വിദേശ നിക്ഷേപ തുകയുടെ കാര്യത്തിലുണ്ടായത് ഒഴിച്ചാല്‍, വലിയ മാറ്റങ്ങള്‍ ഇല്ലായിരുന്നു. പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം, 2022 ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ ഈ നിബന്ധനകള്‍ കുറേക്കൂടി ലളിതമാക്കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. സ്വകാര്യ ചാനലുകള്‍ നിത്യേന അര മണിക്കൂര്‍ വീതം പൊതുസേവന പരിപാടികള്‍ നടത്തണമെന്നതാണ് ഏറ്റവും ശ്രദ്ധേയമായ നിബന്ധന. പക്ഷേ, ഇത് ഇപ്പോള്‍ എങ്ങനെ നടപ്പാക്കും എന്നതിനെ കുറിച്ച് നിര്‍ദേശങ്ങള്‍ ഇല്ല. ഏറ്റവും കൂടുതല്‍ പ്രേക്ഷകര്‍ കാണുന്ന പ്രൈം ടൈമില്‍ തന്നെ പൊതുസേവന പ്രക്ഷേപണം നടത്തിയില്ലെങ്കില്‍ ഒരു പ്രയോജനവും ഉണ്ടാവുകയില്ല. അതിനാല്‍, പൊതു സമൂഹം ഒറ്റക്കെട്ടായി വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്തു കൊണ്ട് ഭരണകൂടത്തിലും ടിവി ചാനല്‍ ഉടമകളുടെ സ്ഥാപനങ്ങളിലും നിര്‍ബന്ധം ചെലുത്തേണ്ടതാണ്. മാധ്യമങ്ങളും ശബ്ദം ഉയര്‍ത്തണം.
പശ്ചിമബംഗാള്‍, തമിഴ്നാട് സര്‍ക്കാരുകള്‍ മുന്‍കാലത്ത് അവരുടേതായ ചാനല്‍ തുടങ്ങാന്‍ കേന്ദ്രത്തോട് അനുവാദം ചോദിച്ചപ്പോള്‍ അത് നിഷേധിക്കപ്പെടുകയാണ് ഉണ്ടായത്
കേന്ദ്ര സര്‍ക്കാരിന്റെയും സംസ്ഥാന ഭരണകൂടങ്ങളുടെയും ടെലിവിഷന്‍ രംഗത്തെ പ്രക്ഷേപണവും വിതരണവും പ്രസാര്‍ ഭാരതി മാത്രമേ നടത്താവൂ എന്നതാണ് രണ്ടാമതായി ചര്‍ച്ച ചെയ്യേണ്ട കാര്യം. അതനുസരിച്ച്, കേരളത്തിലെ വിക്ടേഴ്‌സ് ചാനല്‍ 2023 ഡിസംബറില്‍ അവരുടെ പ്രക്ഷേപണം പ്രസാര്‍ ഭാരതിയുടെ ഉപഗ്രഹങ്ങളില്‍ കൂടി മാത്രം നടത്തേണ്ടതാണ്. ഇപ്പോഴുള്ള കരാറുകള്‍ 2023 ഡിസംബര്‍ 31ഓടെ അവസാനിപ്പിക്കുകയും പ്രസാര്‍ ഭാരതിയുമായി പുതിയ കരാറില്‍ ഏര്‍പ്പെടുകയും വേണം. തമിഴ്‌നാട്ടിലെയും ആന്ധ്രയിലേയും ടിവി വിതരണ കമ്പനികള്‍ക്ക് ഇത് ബാധകമാണ്. പ്രക്ഷേപണം ഭരണഘടന അനുസരിച്ച് ഒരു കേന്ദ്ര വിഷയമായതിനാല്‍ അക്കാര്യത്തില്‍ സര്‍ക്കാര്‍ പിടിമുറുക്കുകയായിരുന്നു. അവരെ അതില്‍ തെറ്റുപറയാനും സാധ്യമല്ല. പശ്ചിമബംഗാള്‍, തമിഴ്നാട് സര്‍ക്കാരുകള്‍ മുന്‍കാലത്ത് അവരുടേതായ ചാനല്‍ തുടങ്ങാന്‍ കേന്ദ്രത്തോട് അനുവാദം ചോദിച്ചപ്പോള്‍ അത് നിഷേധിക്കപ്പെടുകയാണ് ഉണ്ടായത്.
ഏറ്റവും കൂടുതല്‍ പ്രാധാന്യമുള്ളത്, പൊതുസേവന പ്രക്ഷേപണത്തിന്റെ വിശദാംശങ്ങള്‍ കൂടുതല്‍ കൂലങ്കഷമായ ചര്‍ച്ചകള്‍ക്ക് വിധേയമാക്കുക എന്നതാണ്. എങ്കിലേ, ഇത് പൊതുജനങ്ങള്‍ക്കും സമൂഹത്തിനും പ്രായോഗികമായി പ്രയോജനപ്പെടൂ. പൊതുസേവനത്തിന്റെ വിഷയങ്ങള്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. അവയെല്ലാം നമ്മുടെ രാജ്യത്തിന്റെ പുരോഗതിയിലും സമൂഹ നന്മയിലും സാമ്പത്തിക വളര്‍ച്ചയിലും വളരെ പ്രധാനമാണ്.
(ദൂരദർശന്‍ കേന്ദ്രം മുന്‍ ഡയറക്ടറും എഴുത്തുകാരനുമാണ് ലേഖകന്‍)