കിന്റർഗാർഡനുകളുടെ എണ്ണം ക്രമാതീതമായി കുറയുന്നു; ചൈനയിൽ ജനസംഖ്യ പ്രതിസന്ധി രൂക്ഷം
ജനനനിരക്ക് ക്രമാതീതമായി കുറയുന്നതിനിടയിൽ ചൈനയിൽ കിന്റർഗാർഡനുകളുടെ എണ്ണം കുറയുന്നു. തുടർച്ചയായ രണ്ടാം വർഷവും പ്രീസ്‌കൂൾ സ്ഥാപനങ്ങളുടെ എണ്ണം അഞ്ച് ശതമാനത്തിൽ അധികം കുറഞ്ഞതായി ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കിൻ്റർഗാർഡനുകളിൽ ചേരുന്ന കുട്ടികളുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്.
2022-ൽ ചൈനയിലുടനീളം 289,200 കിൻ്റർഗാർഡനുകൾ ഉണ്ടായിരുന്നു. 2023-ൽ ഇത് 274,400 ആയി കുറഞ്ഞു. കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ച വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സ്റ്റാറ്റിസ്റ്റിക്കൽ ബുള്ളറ്റിൻ പ്രകാരം ആണിത്. കൂടുതൽ കുട്ടികളുണ്ടാകാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിന് ചൈനീസ് സർക്കാർ വിവിധ പദ്ധതികൾ അവതരിപ്പിക്കുന്നതിനിടയിലും രാജ്യത്ത് ജനനനിരക്ക് ക്രമാതീതമായി കുറഞ്ഞ് കൊണ്ടിരിക്കുകയാണെന്നതിന്റെ സൂചനയാണ് ഈ കണക്കുകളെന്നാണ് വിലയിരുത്തല്‍.
സർക്കാർ കണക്കുകൾ പ്രകാരം, 2023-ൽ പ്രീസ്‌കൂളുകളില്‍ 4.9 കോടി കുട്ടികൾ ഉണ്ടായിരുന്നു. ഇത്തവണ മുൻവർഷത്തേക്കാൾ 11 ശതമാനത്തിലധികം കുറവുണ്ടായി. 2022-ൽ കിൻ്റർഗാർട്ടനുകളുടെ എണ്ണം 1.9 ശതമാനം കുറഞ്ഞപ്പോൾ കിൻ്റർഗാർഡനുകളിൽ ചേർന്ന കുട്ടികളുടെ എണ്ണം 3.7 ശതമാനം കുറഞ്ഞു. എന്നാല്‍, രാജ്യത്ത് വർധിച്ചുവരുന്ന പ്രായമായവരെ പരിപാലിക്കുന്നതിനായി നിരവധി കിൻ്റർഗാർട്ടനുകൾ വയോജന പരിചരണ കേന്ദ്രങ്ങളാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്.
കൂടുതല്‍ കൂട്ടികളുള്ള കുടുംബങ്ങൾക്ക് സബ്‌സിഡികൾ വാഗ്ദാനം ചെയ്താണ് നിലവില്‍ ജനനനിരക്ക് പിടിച്ചു നിര്‍ത്താന്‍ അധികൃതര്‍ ശ്രമിക്കുന്നത്. തെക്കൻ ചൈനയിലെ ജനസാന്ദ്രതയുള്ള പ്രവിശ്യയായ ഗ്വാങ്‌ഡോങ്ങിൽ, കുടുംബങ്ങൾക്ക് രണ്ടാമത്തെ കുഞ്ഞിന് 10,000 യുവാനും (£1,083) മൂന്നാമത്തേതിന് 30,000 യുവാനും ബോണസ് വാഗ്ദാനം ചെയ്യുന്നതായി ചൈനീസ് സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ അത്തരം വാഗ്ദാനങ്ങളും വേണ്ടത്ര സ്വാധീനം ഉണ്ടാകുന്നില്ലെന്ന് പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും ജനസംഖ്യാശാസ്ത്രജ്ഞനുമായ ലിയാൻ ജിയാൻഷാങ് വ്യക്തമാക്കി.
2016 ലാണ് ചൈനയിലെ ദശാബ്ദങ്ങൾ നീണ്ട ഒരു കുട്ടി നയം റദ്ദാക്കപ്പെട്ടത്. ദമ്പതികൾക്ക് ഇപ്പോൾ സാധാരണയായി മൂന്ന് കുട്ടികൾ വരെ ഉണ്ടാകാം എന്നാണ് നിയമം. 80 ദശലക്ഷത്തിലധികം ജനസംഖ്യയുള്ള സിചുവാൻ പ്രവിശ്യയിൽ, ഒരു രക്ഷിതാവിന് രജിസ്റ്റർ ചെയ്യാൻ കഴിയുന്ന കുഞ്ഞുങ്ങളുടെ എണ്ണത്തിലുള്ള എല്ലാ നിയന്ത്രണങ്ങളും നീക്കം ചെയ്തിട്ടുണ്ട്. എന്നിട്ടും രാജ്യത്തെ ജനസംഖ്യ നിരക്ക് കുത്തനെ താഴോട്ട് പോവുകയാണ്.
കുറഞ്ഞ ജനനനിരക്കിനോടൊപ്പം ഉയർന്ന കോവിഡ് മരണ നിരക്കും ജനസംഖ്യ നിരക്ക് ഇടിയാൻ കാരണമായിട്ടുണ്ട്. ജനന നിരക്കിൽ റെക്കോർഡ് താഴ്ചയാണ് ഈ വർഷം ചൈനയിൽ രേഖപ്പെടുത്തിയത്. ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥയിൽ കാര്യമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ പോന്നതാണ് ജനസംഖ്യ പ്രതിസന്ധി.