'ശതകോടീശ്വരൻമാർക്കായുള്ള എലിക്കെണി'; ടൈറ്റൻ യാത്ര ദുരന്തമാകുമെന്ന് റഷിന് അറിയാമായിരുന്നു: സുഹൃത്തിൻ്റെ വെളിപ്പെടുത്തൽ
അറ്റ്ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടിൽ തകർന്നുകിടക്കുന്ന ടൈറ്റാനിക് കപ്പൽ സന്ദർശിക്കുന്ന ടൈറ്റൻ പേടകത്തിന്റെ യാത്ര ദുരന്തത്തിൽ കലാശിക്കുമെന്ന് ഓഷ്യന്‍ ഗേറ്റ് സിഇഒ സ്‌റ്റോക്ക്റ്റണ്‍ റഷിന് അറിയാമായിരുന്നുവെന്ന് വെളിപ്പെടുത്തൽ. റഷിന്റ സുഹൃത്ത് കാള്‍ സ്റ്റാന്‍ലിയാണ്, '60 മിനുറ്റ്‌സ് ഓസ്‌ട്രേലിയ' എന്ന ചാനല്‍ പരിപാടിയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്.
''ഇത് ഇങ്ങനെ അവസാനിക്കുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ പൊട്ടിത്തെറിയുമായാണ് അദ്ദേഹം പുറപ്പെട്ടത്. രണ്ട് ശതകോടീശ്വരന്‍മാരെ ഒറ്റയടിയ്ക്ക് കൊലപ്പെടുത്തുകയും അതിന് അവരില്‍നിന്ന് പണം വാങ്ങുകയും ചെയ്ത അവസാന വ്യക്തിയും അദ്ദേഹമാണ്. ശതകോടീശ്വരന്മാർക്കുവേണ്ടി സ്റ്റോക്ക്റ്റൺ ഒരു എലിക്കെണി രൂപകൽപ്പന ചെയ്യുകയായിരുന്നുവെന്നാണ് എനിക്ക് തോന്നുന്നത്,'' കാള്‍ സ്റ്റാന്‍ലി പറഞ്ഞു.
അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ ആഴത്തിലേക്ക് യാത്ര തിരിച്ച ടൈറ്റന്‍ പേടകം ജൂണ്‍ 18നാണ് അപകടത്തില്‍പ്പെട്ടത്. യാത്ര തിരിച്ച് ഒന്നേമുക്കാല്‍ മണിക്കൂറിനുശേഷം പേടകവുമായുള്ള ആശയവിനിമയം മാതൃകപ്പലായ പോളാര്‍ പ്രിന്‍സിന് നഷ്ടമാകുകയായിരുന്നു. നാല് ദിവസത്തിന് ശേഷം ടൈറ്റന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തുകയും അഞ്ച് സഞ്ചാരികളും മരിച്ചെന്ന് പ്രഖ്യാപിക്കുകയുമായിരുന്നു. ഉയര്‍ന്ന മര്‍ദത്തെത്തുടർന്ന് പേടകം ചുരങ്ങിപ്പോകുകയായിരുന്നു.
കാര്‍ബണ്‍ ഫൈബറും ടൈറ്റാനിയം ക്രാഫ്റ്റും അപകടകരമാണെന്നും ടൈറ്റന്റെ കാര്‍ബണ്‍ ഫൈബര്‍ ഹള്‍ തകരുന്നതിനെക്കുറിച്ച് സ്‌റ്റോക്ക്റ്റണോട് ആശങ്ക പ്രകടിപ്പിച്ചിരുന്നതായും കാള്‍ സ്റ്റാന്‍ലി അഭിമുഖത്തില്‍ പറഞ്ഞു.
തന്റെ മനസ്സില്‍ സമുദ്രത്തിനടിയില്‍ തകര്‍ന്നുകിടക്കുന്ന ടൈറ്റന്റെ ചിത്രമുണ്ടായിരുന്നു. ചരിത്രത്തില്‍ ഇടം നേടാന്‍ അദ്ദേഹം തന്റെ ജീവനും ഉപയോക്താക്കളുടെ ജീവനും പണയപ്പെടുത്തുകയായിരുന്നുവെന്നും കാള്‍ പറയുന്നു.
തനിക്ക് സംശയമൊന്നുമില്ലെന്നും ടൈറ്റന്‍ പൊട്ടിതെറിക്കാന്‍ കാരണമായത് അതിന്റെ കാര്‍ബണ്‍ ഫൈബര്‍ ട്യൂബ് പരാജപ്പെട്ടതാണെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിചേര്‍ത്തു. 2019ല്‍ സ്‌റ്റോക്ക്റ്റണിനൊപ്പം ബഹാമാസില്‍ ടെസ്റ്റ് ഡൈവിന് പോയ അനുഭവവും അഭിമുഖത്തിൽ കാള്‍ പങ്കുവച്ചു.