എണ്ണ വില ഉയരും; എണ്ണ ഉത്പാദനം വെട്ടിക്കുറയ്ക്കാൻ ഒപെക്+ രാജ്യങ്ങൾ; തീരുമാനം എണ്ണ വിലയിടിവ് നിയന്ത്രിക്കാൻ

എണ്ണ വില ഉയരും; എണ്ണ ഉത്പാദനം വെട്ടിക്കുറയ്ക്കാൻ ഒപെക്+ രാജ്യങ്ങൾ; തീരുമാനം എണ്ണ വിലയിടിവ് നിയന്ത്രിക്കാൻ

എണ്ണവില കുതിച്ചുയരുകയും വിതരണ മാന്ദ്യം നേരിടുകയും ചെയ്യുന്നതിനാൽ കയറ്റുമതി എണ്ണയുടെ അളവ് പ്രതിദിനം ഒരു ദശലക്ഷം ബാരൽ (ബിപിഡി) കുറയ്ക്കുമെന്ന് സൗദി അറേബ്യ
Updated on
1 min read

പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടനയും റഷ്യയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷികളും ചേരുന്നതാണ് ഒപെക് +. വിയന്നയിൽ ചേർന്ന ഏഴ് മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിലാണ് 2024 അവസാനത്തോടെ പ്രതിദിനം 1.4 ദശലക്ഷം ബാരൽ വെട്ടിക്കുറയ്ക്കാൻ കരാറിലെത്തിയത്. ആഗോളതലത്തിൽ എണ്ണ വിലയിടിവിന്റെ പശ്ചാത്തലത്തിലാണ് ഒപെക്+ രാജ്യങ്ങളുടെ ഈ തീരുമാനം. ഒപെക് + അംഗങ്ങൾ നേരത്തെ രണ്ട് തവണ ഉത്പാദനംവെട്ടികുറച്ചിരുന്നു. എന്നിട്ടും വില ഉയർത്തുന്നതിൽ പരാജയപ്പെട്ടതിനാലാണ് വീണ്ടും ഉത്പാദനം വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചത്.

ലോകത്തിലെ അസംസ്‌കൃത എണ്ണയുടെ 40 ശതമാനവും ഉത്പാദിപ്പിക്കുന്നത് ഒപെക് + രാജ്യങ്ങളാണ്. അതിനാൽ എണ്ണ കയറ്റുമതി വെട്ടികുറയ്ക്കാനുണ്ടായ തീരുമാനങ്ങൾ എണ്ണ വിലയിൽ വലിയ സ്വാധീനം ചെലുത്തുമെന്നാണ് റിപ്പോർട്ടുകൾ. ഏപ്രിലിൽ പ്രതിദിനം 1.6 ബിപിഡി( ബാരൽസ് പെർ ഡേ) സൗദി വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചിരുന്നു. മെയിൽ ഇത് പ്രാബല്യത്തിൽ വരുകയും ചെയ്തു. ഈ തീരുമാനം ചെറിയ തോതിൽ വില വർദ്ധനവിന് കാരണമായി എങ്കിലും വില വർധന നിലനിർത്താൻ സാധിച്ചിരുന്നില്ല.

ഒരു മില്യൺ ബാരൽ വെട്ടിക്കുറച്ച് വിപണി സ്ഥിരപ്പെടുത്താനുള്ള തീരുമാനത്തെ സൗദി ഊർജ മന്ത്രി രാജകുമാരൻ അബ്ദുൽ അസീസ് ബിൻ സൽമാൻ അൽ-സൗദ്, സൗദി ലോലിപോപ്പ് എന്നാണ് വിശേഷിപ്പിച്ചത്. ആവശ്യമെങ്കിൽ തീരുമാനം ജൂലൈക്ക് അപ്പുറം നീട്ടുമെന്നും അദ്ദേഹം പറഞ്ഞു.

ഉക്രൈനിലെ റഷ്യൻ അധിനിവേശവും വിലയിടിവും വിപണിയിലെ എണ്ണ വിലയുടെ ചാഞ്ചാട്ടവും എണ്ണ ഉത്പാദകരെ കാര്യമായി ബാധിച്ചിരുന്നു. കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ പാശ്ചാത്യ രാജ്യങ്ങൾ നടപ്പിലാക്കിയ പണനയം എണ്ണ ഉദ്പാദക രാജ്യങ്ങളിൽ പണപ്പെരുപ്പത്തിന് കാരണമായെന്നും അതിനാൽ കയറ്റുമതി മൂല്യം നിലനിർത്തേണ്ട ആവശ്യകത ഏറിയെന്നും എണ്ണ ഉത്പാദക രാജ്യങ്ങൾ പറഞ്ഞു.

ഏപ്രിലിൽ ഡീസൽ വില ബ്രിട്ടനിൽ ലിറ്ററിന് 12 പൈസ കുറവാണു രേഖപ്പെടുത്തിയത്. ഒപെക് + രാജ്യങ്ങൾ കഴിഞ്ഞ വർഷം ഒക്‌ടോബർ മുതൽ ആകെ ഉത്പാദനത്തിൽ പ്രതിദിനം 3.66 ദശലക്ഷം കുറവ് രേഖപ്പെടുത്തുന്നതായും റഷ്യൻ ഉപപ്രധാനമന്ത്രി അലക്സാണ്ടർ നൊവാക് പറഞ്ഞു.

logo
The Fourth
www.thefourthnews.in