ഓപ്പറേഷന്‍ കാവേരി: സുഡാനില്‍ നിന്ന് 534 ഇന്ത്യക്കാരെ ജിദ്ദയിലെത്തിച്ചു
ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സുഡാനില്‍നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന 'ഓപ്പറേഷന്‍ കാവേരി'യുടെ ഭാഗമായി 534 പേരെ സൗദിയില്‍ എത്തിച്ചു. 16 മലയാളികള്‍ ഉള്‍പ്പെടെ 278 ഇന്ത്യക്കാരുടെ സംഘവുമായി നാവികസേന കപ്പല്‍ ഐഎന്‍എസ് സുമേധയും രണ്ട് വ്യോമസേന വിമാനങ്ങളിലായി 256 പേരെയും സൗദി തലസ്ഥാനമായ ജിദ്ദയിലെത്തിച്ചു.
വ്യോമസേനയുടെ സി 130 വിമാനത്തില്‍ 121 പേരെയും 135 പേരെ സി-130 ജെ വിമാനത്തിലുമാണ് സൗദിയിലെത്തിച്ചത്. ജിദ്ദയിലെത്തിച്ച ഇന്ത്യക്കാരെ സൗദി എംബസിക്ക് കീഴിലുള്ള സ്‌കൂളില്‍ താത്കാലികമായി പാര്‍പ്പിച്ച ശേഷം ചാര്‍ട്ടേഡ് വിമാനങ്ങളില്‍ നാട്ടിലെത്തിക്കാനാണ് പദ്ധതി. സൗദിയിലെത്തിയ ഇന്ത്യക്കാരെ രക്ഷാദൗത്യത്തിന്‌റെ ഏകോപനച്ചുമതലയുള്ള വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ സ്വീകരിച്ചു.
പത്ത് ദിവസമായി സൈനിക-അര്‍ധ സൈനിക വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം തുടരുന്ന സുഡാനില്‍ ഏകദേശം മൂവായിരത്തോളം ഇന്ത്യക്കാരുണ്ടെന്നാണ് കണക്കാക്കുന്നത്. സുഡാനില്‍ നിന്ന് ഒഴിപ്പിക്കുന്ന ഇന്ത്യക്കാര്‍ക്ക് ഇടത്താവളം ഒരുക്കിയിരിക്കുന്ന സൗദി അറേബ്യയുടെ തലസ്ഥാനമായ ജിദ്ദയിലെ സൗകര്യങ്ങള്‍ കഴിഞ്ഞ ദിവസം വിദേശകാര്യ സഹമന്ത്രി നേരിട്ട് പരിശോധിച്ചിരുന്നു. മെത്തകള്‍, ഭക്ഷണം, ശുചിമുറികള്‍, മെഡിക്കല്‍ സൗകര്യങ്ങള്‍, വൈഫൈ എന്നിവയുള്‍പ്പെടെ എല്ലാം പൂര്‍ണമായും സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. 24/7 പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും സജ്ജമാക്കിയിട്ടുണ്ട്.