പാർലമെന്റിലെ കൂട്ടയടിക്ക് പിന്നാലെ മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷം
മാലദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസുവിനെതിരെ ഇംപീച്ച്‌മെൻ്റ് പ്രമേയം അവതരിപ്പിക്കാൻ ഒരുങ്ങി പ്രതിപക്ഷ പാർട്ടികൾ. മാലദ്വീപ് പാർലമെൻ്റിൽ ഭൂരിപക്ഷമുള്ള പ്രധാന പ്രതിപക്ഷമായ മാലദ്വീപ് ഡെമോക്രാറ്റിക് പാർട്ടി (എംഡിപി)യാണ് പ്രമേയം അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. ഇതിനായി ആവശ്യമായ ഒപ്പുകൾ എംഡിപി ശേഖരിച്ചതായി മാലദ്വീപ് പ്രാദേശിക മാധ്യമമായ ദി സൺ റിപ്പോർട്ട് ചെയ്തു.
മുഹമ്മദ് മുയിസുവിന്റെ മന്ത്രി സഭയിലെ നാല് അംഗങ്ങളുടെ അംഗീകാരത്തെച്ചൊല്ലിയുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് സർക്കാർ അനുകൂല എംപിമാരും പ്രതിപക്ഷ നിയമസഭാംഗങ്ങളും തമ്മിൽ ഞായറാഴ്ച പാർലമെൻ്റിൽ സംഘർഷമുണ്ടായതിന് തൊട്ടുപിന്നാലെയാണ് പുതിയ സംഭവവികാസങ്ങൾ. തിങ്കളാഴ്ച നടന്ന എംഡിപിയുടെ പാർലമെൻ്ററി ഗ്രൂപ്പ് യോഗത്തിൽ ഇംപീച്ച്‌മെൻ്റ് പ്രമേയം സമർപ്പിക്കാനുള്ള തീരുമാനമെടുത്തതായി ദി എഡിഷൻ ഡോട്ട് എംവി റിപ്പോർട്ട് ചെയ്തു. പ്രമേയത്തിന് എംഡിപിയുടെയും ഡെമോക്രാറ്റുകളുടെയും പ്രതിനിധികൾ ഉൾപ്പെടെ 34 അംഗങ്ങൾ പിന്തുണ നൽകിയതായാണ് റിപ്പോർട്ടുകൾ.
തിരഞ്ഞെടുപ്പില്‍ ജയിക്കുന്ന പ്രസിഡന്റ് മന്ത്രിമാരെ നോമിനേറ്റ് ചെയ്യുകയും അവരെ പാർലമെന്റ് അംഗീകരിക്കുകയും ചെയ്യുന്നതാണ് മാലദ്വീപിലെ രീതി. കഴിഞ്ഞ നവംബറിൽ അധികാരത്തിലെത്തിയ മൊഹമ്മദ് മൊയ്‌സുവിന്റെ മന്ത്രിമാരെ ഇതുവരെ പാർലമെന്റ് അംഗീകരിച്ചിട്ടില്ല. മൊയിസു മന്ത്രിമാരാക്കിയ നാലു പേരെ അംഗീകരിക്കില്ലെന്ന് പാർലമെന്റിൽ ഭൂരിപക്ഷമുള്ള പ്രതിപക്ഷ പാർട്ടികൾ നിലപാട് സ്വീകരിച്ചതാണ് ഞായറാഴ്ച നടന്ന സംഘർഷങ്ങൾക്ക് പിന്നിലെ കാരണം.
മുയിസു സർക്കാരിനുള്ള പാർലമെൻ്റിൻ്റെ അംഗീകാരം സംബന്ധിച്ച ഒരു പ്രധാന വോട്ടെടുപ്പ് ഞായറാഴ്ച നടത്താൻ നിശ്ചയിച്ചിരുന്നു. ഞായറാഴ്ച രാവിലെ, ഭരണപക്ഷ എംപിമാർ പാർലമെൻ്റിൻ്റെയും സ്പീക്കർമാരുടെയും നടപടികൾ തടസപ്പെടുത്തിയതിന് പിന്നാലെയാണ് മാലദ്വീപ് പാർലമെന്റിൽ പ്രക്ഷോഭം ആരംഭിച്ചത്. പ്രതിപക്ഷാംഗങ്ങള്‍ വോട്ടെടുപ്പ് തടയാൻ ശ്രമിച്ചതാണ് കാരണം.
പാർലമെന്റ് അംഗങ്ങൾ തമ്മിലുള്ള കയ്യാങ്കളിയിലാണ് ഒടുവിൽ പ്രക്ഷോഭങ്ങൾ അവസാനിച്ചത്. എംഡിപി എംപി ഈസയും പിഎൻസി എംപി അബ്ദുല്ല ഷഹീം അബ്ദുൾ ഹക്കീമും കഴുത്തിൽ ചവിട്ടുന്നതും മുടി പിടിച്ച് വലിക്കുന്നതും ഉൾപ്പടെയുള്ള ദൃശ്യങ്ങൾ പാർലമെൻറിൽ നിന്ന് പുറത്ത് വന്നിരുന്നു. പരുക്കേറ്റ ഒരു പാർലമെൻ്റ് അംഗത്തെ ആംബുലൻസിൽ കൊണ്ടുവന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഭരണസഖ്യത്തിലെ പീപ്പിള്‍സ് നാഷണല്‍ കോണ്‍ഗ്രസ് (പിഎന്‍സി), പ്രോഗ്രസീവ് പാര്‍ട്ടി ഓഫ് മാലദ്വീപ് ( എംഡിപി) പാര്‍ട്ടികളുടെ എംപിമാരും പ്രതിപക്ഷത്തുള്ള മാലദ്വീപിയന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (എംഡിപി) എംപിമാരുമാണ് ഏറ്റുമുട്ടിയത്.
പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജയിച്ചെങ്കിലും മൊയ്‌സുവിന്റെ പീപ്പിൾസ് നാഷണൽ കോൺഗ്രസ് പാർട്ടിക്ക് പാർലമെന്റിൽ ഒറ്റയ്ക്ക് ഭൂരിപക്ഷം ഇല്ല. മന്ത്രിമാരെ അംഗീകരിക്കില്ലെന്ന നിലപാട് പ്രതിപക്ഷം കടുപ്പിച്ചതോടെ മൊയിസു സർക്കാർ കടുത്ത പ്രതിസന്ധിയിലാണ്. വിദേശകാര്യത്തിൽ അടക്കം മൊയ്‌സുവിന്റെ നയങ്ങൾക്കെതിരെ നേരത്തെ പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്.
ഭരണപക്ഷത്തിന്റെ പാർലമെന്റ് അംഗങ്ങൾ സമ്മേളനങ്ങൾ തടസപ്പെടുത്തുന്നത് തുടർന്നാൽ ആഭ്യന്തരമന്ത്രി അലി ഇഹുസാനും പ്രതിരോധമന്ത്രി മുഹമ്മദ് ഗസാൻ മൗമൂണും അംഗീകാരം നിഷേധിക്കുമെന്ന് എംഡിപി തീരുമാനിച്ചതായി ദി സൺ റിപ്പോർട്ട് ചെയ്തു. അതേസമയം, മാലദ്വീപ് പാർലമെൻ്റിനുള്ളിൽ സംഘർഷങ്ങളെ തുടർന്ന്, ഇന്നത്തെ സമ്മേളനത്തിന് മുന്നോടിയായി പാർലമെൻ്റിൻ്റെ സുരക്ഷ കർശനമാക്കാൻ കനത്ത പോലീസ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.