യെമന്‍ ആഭ്യന്തര യുദ്ധം ബാധിച്ചത് പതിനായിരത്തിലേറെ കുട്ടികളെ; കണക്കുകള്‍ പുറത്തുവിട്ട് യുനിസെഫ്
എട്ട് വർഷമായി തുടരുന്ന യെമന്‍ ആഭ്യന്തര യുദ്ധം പതിനായിരത്തിലേറെ കുട്ടികളെ ബാധിച്ചതായി യുനിസെഫിന്റെ കണക്കുകള്‍. 2014 മുതല്‍ ആരംഭിച്ച യുദ്ധത്തില്‍ ഇതുവരെ കൊല്ലപ്പെടുകയോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്ത കുട്ടികളുടെ എണ്ണം 11,000ത്തിലധികമാണെന്ന് യുഎന്‍ ഏജന്‍സി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. 2015 മാര്‍ച്ചിനും 2022 സെപ്തംബറിനുമിടയില്‍ 3,774 കുട്ടികള്‍ മരിച്ചതായും സ്ഥിരീകരിക്കുന്നു. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ കണക്കുകളാണ് ഇവയെന്നും യാഥാര്‍ത്ഥ്യം കൂടുതല്‍ വ്യാപ്തിയുള്ളതാകുമെന്നും യുനിസെഫ് വ്യക്തമാക്കുന്നു.
യുദ്ധാരംഭത്തോടെ പട്ടിണിയും പകര്‍ച്ചവ്യാധികളും യെമനിലെ കുട്ടികളെ ബാധിച്ചതായി യുനെസഫ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ കാതറിന്‍ റസ്സല്‍ വിശദീകരിക്കുന്നു. യെമനിലെ രണ്ട് ദശലക്ഷം കുട്ടികൾ പോഷകാഹാര കുറവ് നേരിടുന്നവരാണ്. പോഷകാഹാരം ലഭ്യമാകാത്ത കുട്ടികളില്‍ നാലിലൊന്ന് പേരും അഞ്ച് വയസില്‍ താഴെ പ്രായമുള്ളവരാണെന്നത് രാജ്യത്തെ ഭാവി തലമുറ പ്രതിസന്ധിയിലാണെന്നതിന്റെ നേര്‍ചിത്രമാകുകയാണ്. മിക്ക കുട്ടികളിലും കോളറ, അഞ്ചാംപനി എന്നിങ്ങനെയുളള രോഗങ്ങളും പടര്‍ന്ന് പിടിക്കുകയാണെന്നും യുനിസെഫ് വ്യക്തമാക്കുന്നു.
യുദ്ധം അവസാനിപ്പിക്കാന്‍ ഐക്യരാഷ്ട്രസഭ ഇടനിലക്കാരായി നിന്ന കരാര്‍ ഇക്കഴിഞ്ഞ ഒക്ടോബര്‍ രണ്ടുവരെ നീണ്ടുനിന്നിരുന്നു. എന്നാല്‍ കരാര്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ഇരുകക്ഷികള്‍ക്കും സാധ്യമായില്ല. ഇതിന് ശേഷം മാത്രം 62 കുട്ടികള്‍ക്ക് മരണമോ, പരുക്കോ ഏറ്റിറ്റുണ്ടെന്നാണ് കണക്കുകളില്‍ വ്യക്തമാകുന്നത്. ഹൂതി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ യെമനിലേക്കുളള ഭക്ഷണ സാധനങ്ങളുടെയും മരുന്നിന്റെയും കയറ്റുമതി സൗദി അറേബ്യ നിര്‍ത്തലാക്കിയതാണ് പ്രതിസന്ധിയുടെ അടിസ്ഥാനം. രാജ്യത്ത് കുടിവെള്ള ക്ഷാമവും രൂക്ഷമാണ്.
യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നിര്‍ണായക ഇടപെടലുകളുടെ ആവശ്യകതയെ കുറിച്ച് റിപ്പോര്‍ട്ടില്‍ ഊന്നിപ്പറയുന്നു. യെമന്‍ ജനതയെ പുനരുജ്ജീവിപ്പിക്കാന്‍ അതുകൊണ്ട് മാത്രമെ സാധ്യമാകൂ. യെമനിലെ പ്രതിസന്ധി മറികടക്കാന്‍ അടിയന്തരമായി 484.4 മില്യണ്‍ ഡോളര്‍ ധനസഹായം ആവശ്യമാണെന്നും യുഎന്‍ ഏജന്‍സി വ്യക്തമാക്കുന്നു.