അഞ്ച് വര്‍ഷത്തിനിടെ ബീഹാറില്‍ വിഷമദ്യ ദുരന്തങ്ങളില്‍ മരിച്ചത് 200 പേര്‍; എന്‍സിആര്‍ബി കണക്കില്‍ 23  മാത്രം

അഞ്ച് വര്‍ഷത്തിനിടെ ബീഹാറില്‍ വിഷമദ്യ ദുരന്തങ്ങളില്‍ മരിച്ചത് 200 പേര്‍; എന്‍സിആര്‍ബി കണക്കില്‍ 23 മാത്രം

എന്‍സിആര്‍ബി പുറത്തുവിടുന്ന കണക്കുകളില്‍ ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്
Updated on
2 min read

സമ്പൂര്‍ണ മദ്യ നിരോധനം നിലനില്‍ക്കുന്ന ബീഹാറില്‍ മദ്യ ദുരന്തങ്ങള്‍ തുടര്‍ക്കഥയാകുമ്പോഴും മരിച്ചവരുടെ കണക്കുകളില്‍ പോലും വലിയ അന്തരം. കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ ബീഹാറില്‍ 20 മദ്യ ദുരന്തങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍. ആകെ 200 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ പുറത്തുവിടുന്ന കണക്കുകളില്‍ 23 മാത്രമാണ് മരണങ്ങള്‍.

ഇന്ത്യന്‍ എക്‌സ്പ്രസ് നടത്തിയ പഠനത്തിലാണ് യഥാര്‍ത്ഥ വിവരങ്ങളും എന്‍സിആര്‍ബി വിവരങ്ങളും തമ്മില്‍ വലിയ വൈരുദ്ധ്യമുണ്ടെന്ന് വ്യക്തമാക്കുന്നത്. 2016 മുതല്‍ 2021 വരേയുള്ള കണക്കുകളിലാണ് ഈ അന്തരം. ബീഹാറിലെ മദ്യദുരന്തവുമായി ബന്ധപ്പെട്ട മരണങ്ങള്‍ കണക്കാക്കുന്നതിലെ പൊരുത്തക്കേട് ഒറ്റപ്പെട്ട സംഭവമല്ലെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

2016 മുതല്‍ 2021 വരേയുള്ള കണക്കുകളിലാണ് ഈ അന്തരം.

2016 മുതല്‍ ഓഗസ്റ്റ് 16 നും 18 നും ഇടയില്‍ ബിഹാറിലെ ഗോപാല്‍ഗഞ്ച് ജില്ലയിലെ ഖജുര്‍ബാനിയില്‍ വ്യാജമദ്യം കഴിച്ച് 19 പേരാണ് മരിച്ചത്. മദ്യ നിരോധനത്തിന് ശേഷം സംസ്ഥാനത്ത് നടക്കുന്ന ഏറ്റവും വലിയ മദ്യ ദുരന്തമായിരുന്നു ഇതെന്നാണ് പഠനം പറയുന്നത്.

എന്നാല്‍, സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും നല്‍കിയ കണക്കുകളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ എന്‍സിആര്‍ബി റിപ്പോര്‍ട്ട് പ്രകാരം ആറ് മരണങ്ങള്‍ മാത്രമാണ് ഇതേ സംഭവത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 2016 മുതല്‍ 2021 വരെയുള്ള ക്യുമുലേറ്റീവ് എന്‍സിആര്‍ബി വിവരങ്ങള്‍ പ്രകാരം ബിഹാറില്‍ 23 മരണങ്ങള്‍ മാത്രമെ കണക്കുകളില്‍ ഒള്ളു. 2016 ല്‍ ആറ് മരണങ്ങള്‍ 2017, 2018-ല്‍ ഒരു മരണം പോലും റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്നാണ് എന്‍സിആര്‍ബി പുറത്തു വിടുന്ന റിപ്പോര്‍ട്ട്. 2019-ല്‍ ഒമ്പത്, 2020-ല്‍ ആറ്, 2021-ല്‍ രണ്ടും മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

എന്നാല്‍ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ പഠനത്തില്‍ 2021 ല്‍ മാത്രം ഒന്‍പത് മദ്യ ദുരന്തങ്ങളിലായി 106 പേര്‍ മരിച്ചുവെന്ന് വ്യക്തമാക്കുന്നു. മാര്‍ച്ച് 22-23 തീയതികളില്‍ ഭഗല്‍പൂരില്‍ 22 മരണങ്ങള്‍. നവംബര്‍ 2-3 തീയതികളില്‍ ഗോപാല്‍ഗഞ്ചില്‍ 20 മരണം. നവംബര്‍ 3-4 തീയതികളില്‍ വീണ്ടും ഗോപാല്‍ഗഞ്ചില്‍ 15 മരണങ്ങളും റപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ വിഷമദ്യം കഴിച്ച് അഞ്ച് മരണങ്ങളും ബിഹാറിലെ സിവാനില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 2022 ജനുവരി മുതല്‍ ഇന്നുവരെ, മദ്യ ദുരന്തവുമായി ബന്ധപ്പെട്ട 10 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതില്‍ രണ്ടെണ്ണം ശരണില്‍ നിന്നും മൂന്ന് നളന്ദയിലുമാണ്.

അതേസമയം, സംസ്ഥാനത്തെ മദ്യ ദുരന്തങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുകയാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. മദ്യദുരന്തങ്ങള്‍ തുടര്‍ച്ചയാകുന്ന എന്ന മാധ്യമ റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് നടപടി.

2016 മുതല്‍ മദ്യനിരോധനം നിലനില്‍ക്കുന്ന സംസ്ഥാനമായ ബിഹാറില്‍ തുടര്‍ച്ചയായുള്ള വിഷ മദ്യ ദുരന്തം വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ഇതിനിടെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പരാമര്‍ശവും വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിട്ടുണ്ട്. മദ്യ നിരോധനം ഉള്ളിടത്ത് മദ്യപിക്കുന്നവര്‍ മരിക്കുമെന്നാണ് ബിഹാര്‍ മുഖ്യമന്ത്രിയുടെ പരാമര്‍ശം. വ്യാജ മദ്യം കഴിച്ച് മരിക്കുന്നവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ കഴിയില്ലെന്നുമായിരുന്നു പ്രതികരണം.

എന്നാല്‍, സംസ്ഥാനത്ത് നടപ്പാക്കിയ മദ്യ നിരോധനം പരാജയമാണെന്നതിന്റെ തെളിവാണ് ഇത്തരം സംഭവങ്ങളുടെ ആവര്‍ത്തനം എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. പോലീസും കള്ളക്കടത്തുകാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് സ്ഥിതിഗതികള്‍ രൂക്ഷമാക്കുന്നതായും ഇത് ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നു എന്നും മുന്‍ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ തര്‍കിഷോര്‍ പ്രസാദും ആരോപിച്ചു.

logo
The Fourth
www.thefourthnews.in