ലെബനനില്‍ പേജറുകള്‍ കൂട്ടത്തോടെ പൊട്ടിത്തെറിച്ച് എട്ട് മരണം; 2,750 പേർക്ക് പരുക്ക്, പിന്നില്‍ ഇസ്രയേലെന്ന് ആരോപണം
ലെബനനിലുടനീളം ആശയവിനിമയത്തിനായി ഉപയോഗിക്കുന്ന പേജർ പൊട്ടിത്തെറിച്ച് എട്ട് പേർ കൊല്ലപ്പെട്ടു. 2,750 പേർക്ക് പരുക്കേറ്റതായും ലെബനന്‍ ആരോഗ്യമന്ത്രി ഫിറാസ് അബിയാദ് അറിയിച്ചു. സംഭവത്തിന് പിന്നില്‍ ഇസ്രയേല്‍ ആണെന്ന് ലബനീസ് സർക്കാർ ആരോപിച്ചു. ലെബനൻ പരമാധികാരത്തിന്റെ ലംഘനമായാണ് സ്ഫോടനത്തെ കാണുന്നതെന്നും സർക്കാർ വക്താവിനെ ഉദ്ധരിച്ചുകൊണ്ട് അന്താരാഷ്ട്ര മാധ്യമമായ ദ ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.
ഒരു വർഷമായി ഇസ്രയേലുമായി തുടരുന്ന സംഘർഷത്തിനിടെ ഉണ്ടായ എറ്റവും വലിയ സുരക്ഷാവീഴ്ച്ചയാണ് പേജറുകള്‍ പൊട്ടിത്തെറിച്ച സംഭവമെന്ന് ഒരു ഹിസ്‌ബുള്ള ഉദ്യോഗസ്ഥൻ പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. സംഭവത്തില്‍ ഇതുവരെ പ്രതികരിക്കാൻ ഇസ്രയേല്‍ സൈന്യം തയാറായിട്ടില്ല.
സ്ഫോടനത്തില്‍ കുറഞ്ഞത് മൂന്നുപേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് നേരത്തെ ഹിസ്ബുള്ള പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. ഹിസ്‍ബുള്ളയുടെ പോരാളികള്‍ ഉള്‍പ്പെടെ കൊല്ലപ്പെട്ടിട്ടുണ്ട്. മൂന്നാമത്തെയാള്‍ ഒരു പെണ്‍കുട്ടിയാണെന്നും പ്രസ്താവനയില്‍ പറയുന്നു. സ്ഫോടനത്തിന് പിന്നിലെ കാരണം കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായും ഹിസ്ബുള്ള അറിയിച്ചു.
ലെബനീസ് പാർലമെന്റിലെ ഹിസ്‌ബുള്ള അംഗത്തിന്റെ മകനും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നതായി സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നു. ലെബനനിലെ ഇറാൻ അംബാസഡറായ മൊജ്‌താബ അമാനിക്ക് പരുക്കേറ്റിട്ടുണ്ട്. നിലവില്‍ അമാനി നിരീക്ഷണത്തിലാണ്. ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങളില്ലെന്നും റോയിട്ടേഴ്‌സിന്റെ റിപ്പോർട്ടില്‍ പറയുന്നു.
പേജറിന്റെ ഏറ്റവും പുതിയ മോഡലാണ് പൊട്ടിത്തെറിച്ചിരിക്കുന്നത്. കഴിഞ്ഞ മാസങ്ങളിലാണ് ഹിസ്ബുള്ള ഇവ വാങ്ങിയതെന്നും സുരക്ഷാഉദ്യോഗസ്ഥർ പറയുന്നു. ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളിലൂടെ നിരവധി ആംബുലൻസുകള്‍ പായുന്നതായും മരണസംഖ്യ ഉയരാനുള്ള സാധ്യതകളുണ്ടെന്നുമാണ് ലഭിക്കുന്ന സൂചനകള്‍.