ഹിസ്ബുള്ളയ്ക്കായി പേജറുകള്‍ നിര്‍മിച്ചത് ഇസ്രയേല്‍ ഷെല്‍ കമ്പനി; കയറ്റുമതി ആരംഭിച്ചത് 2022 മുതല്‍, ബുദ്ധികേന്ദ്രം മൊസാദ് തന്നെ
ലെബനനില്‍ നിരവധി ഹിസ്ബുള്ള പ്രവര്‍ത്തകര്‍ കൊല്ലപ്പെടാന്‍ കാരണമായ പേജര്‍, വാക്കിടോക്കി സ്‌ഫോടനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വര്‍ഷങ്ങള്‍ നീണ്ട ആസൂത്രണമാണ് ഇത്തരത്തില്‍ അസാധാരണ സ്‌ഫോടനങ്ങള്‍ക്കു പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ലെബനനിലെ ഹിസ്ബുള്ളക്കായി പേജറുകള്‍ നിര്‍മിച്ച ഹംഗറി ആസ്ഥാനമായ ബിഎസി കണ്‍സള്‍ട്ടിങ് ഒരു ഇസ്രയേല്‍ ഷെല്‍ കമ്പനിയാണെന്നു ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 2022 മുതലാണ് പേജറുകളുടെ കയറ്റുമതി ആരംഭിച്ചത്. മൊബൈല്‍ ഫോണുകള്‍ ഉപേക്ഷിക്കാനും ട്രാക്ക് ചെയ്യാന്‍ ബുദ്ധിമുട്ടുള്ള പേജറുകളിലേക്ക് മാറാനും ഹിസ്ബുള്ള നേതാക്കള്‍ ആഹ്വാനം ചെയ്യുന്നതിനു മുന്‍പ് തന്നെ ഇലക്ട്രോണിക് ആക്രമണത്തിനുള്ള പദ്ധതി ഇസ്രയേല്‍ ചാരസംഘടന മൊസാദ് തയാറാക്കിയിരുന്നു. ഇതിനായി ഒന്നിലധികം ഷെല്‍ കമ്പനികളും ഇസ്രയേല്‍ ആരംഭിച്ചിരുന്നു. ഉടമസ്ഥരുടെ ഐഡിന്റിറ്റി പൂര്‍ണമായി ഒഴിവാക്കിയായിരുന്നു ഷെല്‍ കമ്പനികളുടെ രൂപീകരണം.
പ്രത്യക്ഷത്തില്‍, ബിഎസി കണ്‍സള്‍ട്ടിങ് ഹംഗറി ആസ്ഥാനമായുള്ള ഒരു കമ്പനിയാണ്. തായ്‌വാൻ കമ്പനിയായ ഗോള്‍ഡ് അപ്പോളോയ്ക്ക് വേണ്ടി ഇലക്ട്രോണിക് ഉപകരണങ്ങള്‍ നിര്‍മ്മിക്കാനുള്ള കരാര്‍ നടപ്പാക്കുന്ന കമ്പനി കൂടിയാണ്. ഈ കമ്പനി ഇസ്രായേലി ചാരസംഘടനയുടെ നിയന്ത്രണത്തിലായിരുന്നെന്ന് ഇസ്രയേലിലെ തന്നെ മൂന്ന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
തുടക്കത്തില്‍ യാതൊരു സംശയത്തിനും ഇടനല്‍കാതെ ബിഎസി കണ്‍സള്‍ട്ടിങ് കമ്പനി സാധാരണ ഉപഭോക്താക്കള്‍ക്കായി സാധാരണ പേജറുകളുടെ വിതരണം ഏറ്റെടുത്തു. അപ്പോഴും കമ്പനിയുടെ ലക്ഷ്യം ഹിസ്ബുള്ള ആയിരുന്നു. മൊബൈല്‍ ഫോണുകള്‍ ഒഴിവാക്കി പേജറുകള്‍ ഉപയോഗിക്കാന്‍ ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്രല്ല ഉത്തരവിട്ടതോടെ ലെബനനിലേക്ക് വന്‍തോതില്‍ പേജറുകളുടെ കയറ്റുമതി വര്‍ധിച്ചു. ഹിസ്ബുള്ളയ്ക്കായി നിര്‍മിച്ച പേജറുകളിലുണ്ടായിരുന്നത് സ്‌ഫോടനാത്മകമായ പെന്ററിത്രിറ്റോള്‍ ടെട്രാനൈട്രേറ്റ് അടങ്ങിയ ബാറ്ററികളായിരുന്നു. ഇവകൃത്യമായി ഒരു സന്ദേശത്തിലൂടെ പൊട്ടിത്തെറിപ്പിക്കാവുന്ന തരത്തിലാണ് നിര്‍മിച്ചിരുന്നത്. ഈ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിന് ഇസ്രായേല്‍ ദശലക്ഷക്കണക്കിന് ഡോളറാണ് ചെലവഴിച്ചത്. യഥാര്‍ഥത്തില്‍ ഹാക്കിങ് പേടിച്ച് മൊബൈല്‍ ഒഴിവാക്കി പേജറുകളിലേക്ക് മടങ്ങാനുള്ള ഹിസ്ബുള്ളയുടെ തീരുമാനം തന്നെയാണ് അവര്‍ക്ക് തിരിച്ചടിയായത്.
ഹിസ്ബുള്ള പ്രവര്‍ത്തകരുടെ മീറ്റിംഗുകളിലാണ് ഹസന്‍ നസ്രല്ല സെല്‍ഫോണുകള്‍ നിരോധിച്ചത്. ഹിസ്ബുള്ളയുടെ നീക്കങ്ങളുടെയും പദ്ധതികളുടെയും വിശദാംശങ്ങള്‍ ഒരിക്കലും സെല്‍ഫോണിലൂടെ അറിയിക്കരുതെന്ന് അദ്ദേഹം ഉത്തരവിട്ടത് അപ്പോള്‍ തന്നെ മൊസാദ് ചോര്‍ത്തിയെടുത്തിരുന്നു, ഹിസ്ബുള്ള ഉദ്യോഗസ്ഥര്‍, എല്ലായ്പ്പോഴും പേജറുകള്‍ കൊണ്ടുപോകണമെന്നായിരുന്നു നസ്രല്ലയുടെ ഉത്തരവ്. യുദ്ധമുണ്ടായാല്‍, പ്രവര്‍ത്തകരോട് എവിടേക്കാണ് പോകേണ്ടതെന്ന് അറിയിക്കാന്‍ പേജറുകള്‍ ഉപയോഗിക്കണമെന്നും നസ്രല്ല ഉത്തരവിട്ടിരുന്നു.
ഒക്ടോബര്‍ ഏഴിന് ഗാസയില്‍ ഇസ്രായേല്‍ അക്രമം ആരംഭിച്ച സമയത്താണ് തങ്ങളുടെ അംഗങ്ങളോട് ഹിസ്ബുള്ള, അക്രമണസാധ്യതയുള്ളതിനാല്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കരുതെന്നും പകരം ആശയവിനിമയത്തിനായി പേജറുകള്‍ ഉപയോഗിക്കാമെന്നും നിര്‍ദേശിക്കുന്നതെന്നാണ് ബിബിസി ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍, ഇതിനു മുന്‍പ് തന്നെ വന്‍തോതില്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച പേജറുകള്‍ ഷെല്‍ കമ്പനി മുഖേന ഇസ്രലേല്‍ ലെബനനില്‍ എത്തിച്ചിരുന്നെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.