'ശമ്പളമില്ല, ആഡംബര കാറും ഫൈവ് സ്റ്റാർ താമസവും വേണ്ട'; പാകിസ്താനിൽ മന്ത്രിമാർക്ക് ചെലവ് ചുരുക്കൽ നിർദേശം
കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ചെലവ് ചുരുക്കല്‍ നടപടികളുമായി പാകിസ്താന്‍ സര്‍ക്കാര്‍. സര്‍ക്കാര്‍ ചെലവുകള്‍ വെട്ടിച്ചുരുക്കുന്നതിന്‌റെ ഭാഗമായി, മന്ത്രിമാരുടെ ശമ്പളവും യാത്രാബത്തയുമടക്കം കുറയ്ക്കാനാണ് തീരുമാനം. ഇതുവഴി പ്രതിവര്‍ഷം 20,000 കോടി രൂപയുടെ (പാകിസ്താന്‍ രൂപ) ചെലവ് ചുരുക്കലാണ് ലക്ഷ്യമിടുന്നത്.
വിദേശയാത്രകളില്‍ ഫൈവ്സ്റ്റാര്‍ ഹോട്ടലുകളില്‍ താമസിക്കരുത്, ആഡംബര കാറുകള്‍ തിരിച്ച് ഏല്‍പ്പിക്കുക, വിമാനത്തില്‍ എക്‌ണോമിക് ക്ലാസില്‍ മാത്രം യാത്ര ചെയ്യുക തുടങ്ങിയ നിര്‍ദേശങ്ങളാണ് മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നല്‍കിയിരിക്കുന്നത്. മന്ത്രിമാരും ഉപദേശകരും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ഒഴിവാക്കാന്‍ സ്വമേധയാ തയ്യാറായെന്ന് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരുകൾക്കും സര്‍ക്കാര്‍ ഓഫീസുകൾക്കും ധനവിനിയോഗം 15 ശതമാനം കുറയ്ക്കാന്‍ നിര്‍ദേശം നല്‍കി
കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് പുറമെ അന്താരാഷ്ട്ര നാണ്യ നിധിയുടെ സഹായം വൈകുന്നതുമാണ് പാകിസ്താന് തിരിച്ചടിയാകുന്നത്. നയപരമായ കാരണങ്ങളാല്‍ ഫണ്ട് ഒരു വര്‍ഷത്തോളമായി മുടങ്ങിക്കിടക്കുകയാണ്. വായ്പാ പദ്ധതി പുനരാരംഭിക്കാന്‍ പാക് സര്‍ക്കാര്‍ ഐഎംഎഫുമായി ചര്‍ച്ച നടത്തിവരികയാണ്. കരാറിലെത്തും മുന്‍പ് സാമ്പത്തിക നയത്തില്‍ കാര്യമായ മാറ്റം വരുത്തണമെന്ന് ഐഎംഎഫ് പാകിസ്താനോട് ആവശ്യപ്പെട്ടിരുന്നു. സബ്‌സിഡികള്‍ പിന്‍വലിക്കുക, ഇന്ധന വില വര്‍ധിപ്പിക്കുക, അധിക വരുമാനം കണ്ടെത്തുക തുടങ്ങിയവയായിരുന്നു പ്രധാന നിര്‍ദേശം. ഇതിന്‌റെ ഭാഗമായാണ് സര്‍ക്കാരിന്‌റെ ചെലവ് ചുരുക്കല്‍ നടപടി.
മന്ത്രിമാരോട് ആഡംബര കാറുകള്‍ തിരിച്ചേല്‍പ്പിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവ ലേലത്തില്‍ വയ്ക്കും. ഔദ്യോഗിക യാത്രയില്‍ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ താമസിക്കരുത്, യൂട്ടിലിറ്റി ബില്ലുകള്‍ സര്‍ക്കാര്‍ ചെലവില്‍ അടയ്ക്കരുത്, ബിസിനസ് ക്ലാസ് യാത്ര ഒഴിവാക്കണം എന്നിവയാണ് പ്രധാന നിര്‍ദേശം. സര്‍ക്കാര്‍ പരിപാടികളില്‍ ഒരു തരം ഭക്ഷണം മാത്രമേ നല്‍കാവൂ എന്നും നിര്‍ദേശമുണ്ട്. എന്നാല്‍ വിദേശ പ്രതിനിധികള്‍ പങ്കെടുക്കുന്ന പരിപാടികൾക്ക് 'ഒരു ഭക്ഷണ പദ്ധതി' ബാധകമല്ല.
സർക്കാർ പരിപാടിയിൽ ഒന്നിലധികം ഭക്ഷണം വിളമ്പി ആർഭാടം കാട്ടേണ്ടെന്നും, യാത്രാ ചെലവ് ഒഴിവാക്കാന്‍ ടെലികോണ്‍ഫറന്‍സിങ് പ്രോത്സാഹിപ്പിക്കണമെന്നും നിർദേശമുണ്ട്
വാഹനങ്ങളടക്കം ആഡംബര വസ്തുക്കള്‍ വാങ്ങുന്നതിന് സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് 2024 ജൂണ്‍ വരെ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഒരു സുരക്ഷാ വാഹനം മാത്രമേ കാബിനറ്റ് പദവിയുള്ളവര്‍ക്ക് ഇനി അനുവദിക്കൂ. യാത്രാ ചെലവ് ഒഴിവാക്കാന്‍ ടെലികോണ്‍ഫറന്‍സിങ് പ്രോത്സാഹിപ്പിക്കാനും നയമുണ്ട്.