ഇമ്രാന്‍ ഖാന്‍
ഇമ്രാന്‍ ഖാന്‍

ഇമ്രാൻ ഖാൻ നേരിട്ട് ഹാജരായി; കുറ്റം ചുമത്തലും അറസ്റ്റ് വാറന്റും മരവിപ്പിച്ച് പാകിസ്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ

തിരഞ്ഞെടുപ്പ് കമ്മീഷനേയും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെയും അവഹേളിച്ചെന്ന കേസിലാണ് നടപടി
Updated on
2 min read

പാകിസ്താൻ മുൻ പ്രധാനമന്ത്രിയും തെഹരിക് - ഇ - ഇൻസാഫ് പാർട്ടി ചെയർമാനുമായ ഇമ്രാൻ ഖാനെതിരെ കുറ്റം ചുമത്തുന്നത് ഓഗസ്റ്റ് രണ്ട് വരെ മാറ്റിവച്ച് പാക് തിരഞ്ഞെടുപ്പ് കമ്മീഷൻ. തിരഞ്ഞെടുപ്പ് കമ്മീഷനേയും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെയും അവഹേളിച്ചെന്ന കേസിലാണ് നടപടി. കഴിഞ്ഞദിവസം പുറപ്പെടുവിച്ച ജാമ്യമില്ലാ അറസ്റ്റ് വാറന്റും മരവിപ്പിച്ചു. ഇമ്രാൻ നേരിട്ട് ഹാജരായ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം.

ഇമ്രാന്‍ ഖാന്‍
ഇമ്രാൻ ഖാനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ്; നാളെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ പോലീസിന് നിർദേശം

തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗം നിസാര്‍ ദുരാനി അധ്യക്ഷനായ നാലംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ കേസെടുത്തതിന് ശേഷം ആദ്യമായാണ് ഇമ്രാൻ ഖാൻ ഹാജരാകുന്നത്. പലതവണ നോട്ടീസ് അയച്ചിട്ടും ഹാജരാകാത്തതിനെ തുടർന്ന് തിങ്കളാഴ്ച തിരഞ്ഞെടുപ്പ് കമ്മീഷൻ ഇമ്രാൻ ഖാനും മുന്‍ വാര്‍ത്താവിതരണ മന്ത്രി ഫവാദ് ചൗധരിക്കും എതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇരുവരേയും ചൊവ്വാഴ്ച തന്നെ അറസ്റ്റ് ചെയ്ത് ഹാജരാക്കണമെന്നായിരുന്നു ഇസ്ലാമാബാദ് പോലീസിന് നൽകിയ നിർദേശം.

ഇമ്രാന്‍ ഖാന്‍
സൈഫർ കേസ്: ഇമ്രാൻ ഖാനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയേക്കും

കേസുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് ഇമ്രാൻ ഖാന്റെ അഭിഭാഷകന്‍ ഇലക്ഷൻ കമ്മീഷൻ ബെഞ്ചിന് മുൻപാകെ ആവശ്യപ്പെട്ടു. ഫയലും കേസ് റെക്കോര്‍ഡും കൃത്യമായി കൈകാര്യം ചെയ്യേണ്ടത് നിങ്ങളുടെ ഉത്തരവാദിത്വമാണെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി. ഇമ്രാൻ ഖാന്റെ ആവശ്യം അംഗീകരിച്ചാണ് കേസ് പരിഗണിക്കുന്നത് ഓഗസ്റ്റ് രണ്ടിലേക്ക് മാറ്റിയത്.

തിരഞ്ഞെടുപ്പ് കമ്മീഷനോട് മാപ്പ് പറയുമോ എന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, ''ഞാന്‍ മാപ്പ് പറയണമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? ഒരു തെറ്റും ചെയ്യാത്ത ഞാന്‍ എന്തിന് മാപ്പ് പറയണം?'' - എന്നായിരുന്നു ഇമ്രാൻ ഖാന്റെ മറുപടി.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കും തിരഞ്ഞെടുപ്പ് നിരീക്ഷകനുമെതിരെ മര്യാദയില്ലാത്ത ഭാഷ ഉപയോഗിച്ചുവെന്നാരോപിച്ച് കഴിഞ്ഞ ഒക്ടോബറിലാണ് ഇമ്രാൻ ഖാൻ, പാർട്ടി നേതാവ് അസദ് ഉമർ, മുൻ വാർത്താ വിനിമയ മന്ത്രി എന്നിവർക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ കേസ് എടുത്തത്. കമ്മീഷന് മുൻപാകെ ഹാജരാകുന്നതിന് പകരം, കോടതിയലക്ഷ്യ വകുപ്പിന് കീഴിൽ ശിക്ഷ നൽകുന്നതിനുള്ള കമ്മീഷന്റെ അധികാരം ഇമ്രാൻ ഖാൻ കോടതിയിൽ ചോദ്യം ചെയ്തു.

എന്നാൽ, കേസുമായി മുന്നോട്ട് പോകാന്‍ ഈ വർഷം ജനുവരിയിൽ സുപ്രീംകോടതി തിരഞ്ഞെടുപ്പ് കമ്മീഷന് അനുമതി നല്‍കിയിരുന്നു. തുടര്‍ന്നാണ് ജൂണ്‍ 21ന് മൂവര്‍ക്കുമെതിരെ കുറ്റം ചുമത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചത്. ജൂലൈ 11 ന് നടന്ന ഹിയറിങ്ങിന് ഹാജരാകാന്‍ സമന്‍സ് അയച്ചിട്ടും ഇവർ ഹാജരായില്ല. ഇതാണ് ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുന്നതിലേക്ക് വരെ കാര്യങ്ങളെത്തിച്ചത്. അസദ് ഉമറിനെ അറസ്റ്റ് വാറന്റിൽ നിന്ന് ഒഴിവാക്കിയിരുന്നു. മറ്റൊരു കേസിന്റെ നടപടികള്‍ നടക്കുന്നതും ആരോഗ്യ പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടി അസദ് ഉമറിന്റെ അഭിഭാഷകന്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

 പ്രധാനമന്ത്രി പദത്തിൽ നിന്ന് ഒഴിഞ്ഞത് മുതൽ വിവിധ കോടതികളിൽ ഇമ്രാൻ ഖാനെതിരെ നിരവധി കേസുകളാണ് നിലനിൽക്കുന്നത്. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് വിലക്കുന്നതടക്കം നടപടികളിലേക്ക് കാര്യങ്ങൾ നീണ്ടു.

logo
The Fourth
www.thefourthnews.in