ഇമ്രാന്‍ പക്ഷത്തിന് സർക്കാർ രൂപീകരണം ഏറെക്കുറെ അസാധ്യം; കാരണമെന്ത്?
അതിനാടകീയതയ്ക്കും സംഘർഷങ്ങള്‍ക്കും സാക്ഷ്യം വഹിച്ച പൊതുതിരഞ്ഞെടുപ്പിന്റെ അന്തിമഫലം പുറത്ത് വന്നതിന് ശേഷവും പാകിസ്താനില്‍ അനിശ്ചിതത്വം തുടരുന്നു. ഒരു പാർട്ടിക്കും ഭൂരിപക്ഷം തെളിയിക്കാനാകാത്തതിനാല്‍ സാമ്പത്തികമായും ഭരണപരമായും തിരിച്ചടി നേരിടുന്ന രാജ്യം വീണ്ടും രാഷ്ട്രീയ പ്രതിസന്ധിയില്‍ തന്നെയാണ്. മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ നേതൃത്വത്തിലുള്ള പിടിഐയുടെ പിന്തുണയില്‍ മത്സരിച്ച സ്വതന്ത്ര സ്ഥാനാർഥികള്‍ക്കാണ് മുന്‍തൂക്കമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍.
പാകിസ്താന്‍ പാർലമെന്റില്‍ 336 സീറ്റുകളാണുള്ളത്. 266 സ്ഥാനാർഥികള്‍ക്ക് നേരിട്ടുള്ള വോട്ടിങ്ങിലൂടെ പാർലമെന്റിലേക്ക് പ്രവേശനം. അവശേഷിക്കുന്ന 70 എണ്ണം സംവരണസീറ്റാണ്. ഇതില്‍ 60 സീറ്റുകള്‍ സ്ത്രീകള്‍ക്കും 10 എണ്ണം മുസ്ലിം ഇതര സ്ഥാനാർഥികള്‍ക്കുമാണ്.
ഔദ്യോഗികഫലം പരിശോധിക്കുമ്പോള്‍ പിടിഐയുടെ പിന്തുണയുള്ള 93 സ്വതന്ത്ര സ്ഥാനാർഥികളാണ് വിജയിച്ചിരിക്കുന്നത്. നവാസ് ഷെരീഫിന്റെ പിഎംഎല്‍-എന്‍ സ്ഥാനാർഥികളായ 75 പേരും പാകിസ്താന്‍ പീപ്പിള്‍സ് പാർട്ടിയുടെ (പിപിപി) 53 സ്ഥാനാർഥികളും വിജയിച്ചു. കറാച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന മുത്താഹിദ ക്വാമി മൂവ്മെന്റ് പാകിസ്താന്റെ (എംക്യുഎം-പി) 17 സ്ഥാനാർഥികളാണ് തിരഞ്ഞെടുക്കപ്പെട്ടത്. സ്ഥാനാർഥി മരണപ്പെട്ടതിനാല്‍ അവശേഷിക്കുന്ന ഒരു സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് നീട്ടിവെച്ചു.
സർക്കാർ രൂപീകരണവും സാധ്യതകളും
75 സീറ്റുകള്‍ നേടിയ നവാസ് ഷെരീഫിന്റെ പാർട്ടി ബിലാവല്‍ ഭൂട്ടോ സർദാരിയുടെ പാകിസ്താന്‍ പീപ്പിള്‍സ് പാർട്ടിയുമായി (പിപിപി) ധാരണയിലെത്തിയതായാണ് സൂചനകള്‍. 53 സീറ്റുകളിലാണ് പാകിസ്താന്‍ പീപ്പിള്‍സ് പാർട്ടി വിജയിച്ചിരിക്കുന്നത്. പിപിപിക്ക് പുറമെ മറ്റ് ചെറിയ പാർട്ടികളുമായി ചേർന്ന് നവാസ് ഷെരീഫ് സർക്കാർ രൂപീകരിക്കുമെന്നാണ് റിപ്പോർട്ടുകള്‍.
നവാസ് ഷെരീഫ്, സഹോദരന്‍ ഷഹബാസ് ഷെരീഫ് എന്നിവർക്കാണ് പ്രധാനമന്ത്രി സ്ഥാനത്തിന് കൂടുതല്‍ സാധ്യത. മറ്റ് പാർട്ടികളുടെ തലവന്മാർക്ക് സർക്കാരില്‍ സുപ്രധാന പദവികള്‍ ലഭിച്ചേക്കും. രണ്ട് പാർട്ടികളും ഒരുമിച്ച് ചേർന്നായിരുന്നു കഴിഞ്ഞ ഓഗസ്റ്റ് വരെ ഭരിച്ചിരുന്നത്. ഷഹബാസ് പ്രധാനമന്ത്രിയും ഭൂട്ടൊ സർദാരി വിദേശകാര്യ മന്ത്രിയായും പ്രവർത്തിച്ചു.
ഇമ്രാന്‍ ഖാന്റെ സ്വതന്ത്രർ
93 സീറ്റുകള്‍ നേടിയതിനാല്‍ തന്നെ ചെറുപാർട്ടികളുമായി ചേർന്ന് സഖ്യം രൂപീകരിച്ച് ഭൂരിപക്ഷത്തിലേക്ക് എത്താന്‍ കഴിയും. പ്രധാനമന്ത്രിയെ നിർദേശിക്കാനൊ അല്ലെങ്കില്‍ പിന്തുണ നല്‍കാനൊ സാധിക്കും. പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്താന്‍ യോഗ്യനല്ലെങ്കിലും ഇമ്രാന്‍ ഖാന്റെ ജയില്‍ മോചനത്തിനുള്ള സാധ്യതകള്‍ വർധിപ്പിക്കാനും കഴിഞ്ഞേക്കും. പക്ഷേ, ഇമ്രാന്റെ രാഷ്ട്രീയ നിലപാടുകള്‍ക്ക് അനുയോജ്യരായവരെ ഒപ്പം നിർത്തണമെന്ന വെല്ലുവിളി മറികടക്കേണ്ടതായിട്ടുണ്ട്.
ഭൂട്ടൊ സർദാരി നിർണായകം
നവാസ് ഷെരീഫിന്റയൊ ഇമ്രാന്‍ ഖാന്റെയൊ പാർട്ടികള്‍ക്ക് പിപിപിയുടെ പിന്തുണയില്ലാതെ സർക്കാർ രൂപീകരിക്കാനാകില്ല. അതുകൊണ്ട് തന്നെ പ്രധാനമന്ത്രി സ്ഥാനം വേണമെന്ന പിപിപി ആവശ്യപ്പെടാനുള്ള സാധ്യതകള്‍ തള്ളിക്കളയാനാകില്ല.
സൈനിക ഭരണം
ആർക്കും ഭൂരിപക്ഷം നേടാനാകാത്തതിനാല്‍ സർക്കാർ രൂപീകരണം അനിശ്ചിതത്വത്തിലാണ്. അതിനാല്‍ തന്നെ സൈനിക ഭരണത്തിന് വീണ്ടും പാകിസ്താന്‍ സാക്ഷ്യം വഹിച്ചേക്കും. ചരിത്രത്തില്‍ മൂന്ന് തവണ രാജ്യത്ത് സൈനിക ഭരണം നിലവില്‍ വന്നിട്ടുണ്ട്.
എന്തുകൊണ്ടാണ് ഇമ്രാന്‍ ഖാന്റെ പിന്തുണയുള്ള സ്ഥാനാർഥികള്‍ സർക്കാർ രൂപീകരിക്കുന്നതില്‍ പ്രതിസന്ധി നേരിടുന്നത്?
സ്വതന്ത്രമായി ഒരു സർക്കാർ രൂപീകരിക്കുന്നതില്‍ ഇമ്രാന്‍ ഖാന്റെ പിടിഐ പാകിസ്താനില്‍ നിലവില്‍ പ്രതിസന്ധി നേരിടുകയാണ്. ഇതിന്റെ പ്രധാന കാരണങ്ങളിലൊന്ന് നവാസ് ഷെരീഫിന്റെ അതിവേഗ കരുനീക്കങ്ങള്‍ തന്നെ. നവാസ് ഇതിനോടകം തന്നെ പ്രധാന പാർട്ടികളെ സമീപിച്ച് സർക്കാർ രൂപീകരണം അന്തിമ ഘട്ടത്തിലേക്ക് അടുപ്പിക്കുകയാണ്. പാകിസ്താന്‍ സൈന്യത്തിന്റെ പിന്തുണയും നേടിയിട്ടുണ്ട്.
പിഎംഎല്‍-എന്‍ അല്ലെങ്കില്‍ പിപിപിയുമായി സഖ്യമുണ്ടാക്കാതെ ഒരു സർക്കാർ രൂപീകരണം പിടിഐക്ക് സാധ്യമല്ലെന്ന് പാകിസ്താന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലെജിസ്ലേറ്റീവ് ആന്‍ഡ് ട്രാന്‍സ്‌പെരന്‍സിയിലെ അഹമ്മദ് ബിലാല്‍ മെഹബൂബിനെ ഉദ്ധരിച്ചുകൊണ്ട് ദി എക്സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോർട്ട് ചെയ്തു.
പക്ഷേ, വെല്ലുവിളികള്‍ ഏറെയാണ്. സ്വതന്ത്ര സ്ഥാനാർഥികള്‍ക്ക് ഏതെങ്കിലുമൊരു പാർട്ടിക്കൊപ്പം ചേരാനാകും. ഫലം വന്നതിന് ശേഷമുള്ള മൂന്ന് ദിവസമാണ് ഇതിനായുള്ള സമയം. ചേരാനാഗ്രഹിക്കുന്ന പാർട്ടിക്ക് ചിഹ്നം വേണമെന്നത് നിർബന്ധമാണ്. അതുകൊണ്ട് തന്നെ പിടിഐയിലേക്കൊരു തിരിച്ചുപോക്ക് സാധ്യമാകുമോയെന്നത് ചോദ്യ ചിഹ്നമായി അവശേഷിക്കുന്നു.
പാർട്ടി ചിഹ്നമായ ബാറ്റ് ഉപയോഗിക്കരുതെന്ന് സുപ്രീംകോടതിയുടേയും തിരഞ്ഞെടുപ്പ് കമ്മിഷന്റെയും നിർദേശത്തെ തുടർന്നാണ് പിടിഐ സ്ഥാനാർഥികള്‍ സ്വതന്ത്രരായി മത്സരിച്ചത്. അതിനാല്‍ തന്നെ സ്ഥാനാർഥികള്‍ പാർട്ടിയില്‍ തിരിച്ചെത്താന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ പിടിഐ ചിഹ്നം വീണ്ടെടുക്കാനൊ അല്ലെങ്കില്‍ പുതിയ ചിഹ്നത്തിനായുള്ള ശ്രമങ്ങള്‍ നടത്തണമെന്നും അഹമ്മദ് കൂട്ടിച്ചേർത്തു.