ഇന്ത്യ സന്ദർശനം വിജയം; എസ് ജയശങ്കറിന്റെ പ്രസ്താവനയ്ക്കെതിരെ ബിലാവൽ ഭൂട്ടോ സർദാരി
ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷന്‍ വിദേശകാര്യമന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാനായി നടത്തിയ ഇന്ത്യൻ സന്ദർശനം വിജയകരമെന്ന് പാകിസ്താൻ വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ സർദാരി. ബിലാവലിനെ പാക് തീവ്രവാദത്തിന്റെ വക്താവെന്ന് വിദേശകാര്യ മന്ത്രി ജയശങ്കര്‍ വിശേഷിപ്പിച്ചതിന് പിന്നാലെയാണ് പ്രതികരണവുമായി അദ്ദേഹം രംഗത്തെത്തിയത്.
തനിക്കെതിരെ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ നടത്തിയത് തെറ്റായ പ്രചാരണങ്ങളാണെന്ന് ബിലാവല്‍ ഭൂട്ടോ വ്യക്തമാക്കി. അത് തന്റെ ഇന്ത്യ സന്ദർശനത്തെയും അവിടെ പങ്കുവച്ച ആശയങ്ങളെയും സാരമായി ബാധിച്ചുവെന്നും അദ്ദേഹം ട്വിറ്ററിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു. തീവ്രവാദത്തിന്റെ വക്താവെന്ന എസ് ജയശങ്കറിന്റെ പ്രസ്താവനയെ ബിലാവല്‍ തമാശയായിട്ടാണ് കണ്ടതെന്ന് ഡോൺ റിപ്പോർട്ട് ചെയ്തു.
'' പാകിസ്താന് എന്നെ അറിയാം. രാഷ്ട്രീയ ജീവിതത്തിൽ ആകസ്മികമായി പോലും ഒരു തീവ്രവാദിക്കൊപ്പം ഇരുന്നിട്ടില്ല. ഒരു പൗരനും തീവ്രവാദത്തിന്റെ ഇരയാകരുത്. എല്ലാവരും ഒന്നായി ഭീകരതയ്‌ക്കെതിരെ പോരാടണം. ലക്ഷ്യത്തിൽ നിന്നും വ്യതിചലിച്ചാൽ ഭീകരതയുടെ ഇരകളായി തുടരേണ്ടി വരും'' - ബിലാവൽ ഭൂട്ടോ സർദാരി വ്യക്തമാക്കി.
പാകിസ്താനിൽ തീവ്രവാദം വ്യവസായമാണെന്ന് എസ് ജയശങ്കര്‍ കുറ്റപ്പെടുത്തിയിരുന്നു. തീവ്രവാദത്തിന്‌റെ സ്‌പോണ്‍സര്‍മാര്‍ക്കൊപ്പം ഇരകള്‍ക്ക് ഇരിക്കാനാകില്ലെന്ന് പറഞ്ഞ ജയശങ്കര്‍, ഇന്ത്യ- പാക് ഉഭയകക്ഷി ചര്‍ച്ചയ്ക്കുള്ള സാധ്യതയും തള്ളിക്കളഞ്ഞിരുന്നു. ''എസ്‌സിഒ അംഗരാജ്യത്തിന്റെ വിദേശകാര്യ മന്ത്രിയായാണ് ബിലാവൽ ഭൂട്ടോ സർദാരി ഇന്ത്യയിൽ വന്നത്; അത് ബഹുമുഖ നയതന്ത്രത്തിന്റെ ഭാഗമാണ്, അതിൽ കൂടുതൽ പ്രാധാന്യം ഞങ്ങൾ കാണുന്നില്ല," - ജയശങ്കർ പറഞ്ഞു. തീവ്രവാദ പ്രവർത്തനങ്ങൾ മൂലം പാകിസ്താന്റെ വിശ്വാസ്യത അവരുടെ വിദേശനാണയ വിനിമയ നിരക്കിനേക്കാൾ വേഗത്തിൽ ഇടിയുകയാണെന്നും അദ്ദേഹം പരിഹസിച്ചിരുന്നു.
പാകിസ്താനുമായി ബന്ധപ്പെട്ട് ഒറ്റ വിഷയം മാത്രമാണ് ചർച്ചചെയ്യാനുള്ളതെന്നും എസ് ജയശങ്കര്‍ വ്യക്തമാക്കിയിരുന്നു. പാക് അധീന കശ്മീരിലെ അനധികൃത കൈയേറ്റം പാകിസ്താൻ എന്നവസാനിപ്പിക്കും അദ്ദേഹം ചോദിച്ചിരുന്നു.