'നമ്മള്‍ ജീവിക്കുന്നത് പാപ്പരായ രാജ്യത്ത്'; സ്വയം പരിഹാരം കാണേണ്ടതുണ്ടെന്ന് പാക് ജനതയോട് പ്രതിരോധമന്ത്രി
രാജ്യം ഇതിനോടകം തന്നെ പാപ്പരായെന്ന് സമ്മതിച്ച് പാകിസ്താൻ പ്രതിരോധ മന്ത്രി ഖ്വാജാ ആസിഫ്. രാജ്യത്തെ ഉദ്യോഗസ്ഥവൃന്ദവും രാഷ്ട്രീയക്കാരും ഉള്‍പ്പെടെയുള്ള മുഴുവന്‍ സംവിധാനങ്ങളും ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണക്കാരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിയാൽകോട്ടിൽ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്യവെയാണ് പ്രതിരോധമന്ത്രിയുടെ പ്രസ്താവന. അന്താരാഷ്ട്ര നാണയ നിധിക്ക് രാജ്യത്തെ സാമ്പത്തിക പ്രശ്നങ്ങളിൽ ഒന്നും ചെയ്യാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
"രാജ്യത്ത് വീഴ്ച സംഭവിച്ച് കഴിഞ്ഞു. നമ്മള്‍ പാപ്പരായി കഴിഞ്ഞ രാജ്യത്താണ് ജീവിക്കുന്നത്. ഇവിടുത്തെ സംവിധാനവും ബ്യൂറോക്രസിയും രാഷ്ട്രീയക്കാരും ഈ സ്ഥിതിക്ക് ഉത്തരവാദികളാണ്. നിലവിലെ പ്രശ്നങ്ങൾക്കുള്ള പരിഹാരം രാജ്യത്തിനകത്ത് തന്നെയാണ്. ഐഎംഎഫിന് അതിലൊന്നും ചെയ്യാനാകില്ല. " - ഖ്വാജാ ആസിഫിന്റെ വാക്കുകള്‍ ഇങ്ങനെ.
സർക്കാർ ഭൂമിയിലുള്ള രണ്ട് ഗോൾഫ് ക്ലബ്ബുകള്‍ വില്‍ക്കാനുള്ള നടപടികളിലേക്ക് പാക് സര്‍ക്കാര്‍ കടന്നു. രാജ്യത്തെ കടത്തിനറെ നാലിലൊന്ന് വെട്ടികുറയ്ക്കാന്‍ ഇത് സഹായകമാകുമെന്നാണ് വിലയിരുത്തല്‍. ''പാകിസ്താന് വീഴ്ച സംഭവിച്ചുവെന്നതാണ് സത്യം. സംഭവിച്ച് കഴിഞ്ഞ കാര്യങ്ങളെ കുറിച്ച് പറയുന്നതില്‍ കാര്യമില്ല. നിലനില്‍പ്പാണ് ഇപ്പോഴത്തെ പ്രശ്നം. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. പാൽ , റൊട്ടി പോലുള്ള അവശ്യവസ്തുക്കളുടെ വില പോലും കുതിച്ചുയരുകയാണ്. പാകിസ്താനിൽ പ്രതിസന്ധി നിലനിൽക്കുന്നു എന്ന യാഥാര്‍ഥ്യം ജനങ്ങളിലേക്കെത്തണം'' - പ്രതിരോധമന്ത്രി വ്യക്തമാക്കി. പാകിസ്താനില്‍ തീവ്രവാദം വളര്‍ത്തിയത് ഇമ്രാന്‍ ഖാന്‍ സര്‍ക്കാരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പാകിസ്താനില്‍ പെട്രോൾ, ഡീസൽ എന്നിവയ്ക്ക് പുറമെ ആവശ്യസാധനങ്ങളുടെ വിലയും ഇരട്ടിയായി വർധിച്ചിട്ടുണ്ട്. പാല്‍ വില ലിറ്ററിന് 210 പാക് രൂപയാണ് വർധിച്ചത്. കൂടാതെ ഒരു കിലോഗ്രാം കോഴിയിറച്ചി വില 780 രൂപയാണ്. ഒരു ലിറ്റർ പെട്രോളിന് 272 പാക് രൂപ നല്‍കണം. ഡീസലിന് ലിറ്ററിന് 280 രൂപയായി. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയ്ക്ക് പരിഹാരം കാണുക ലക്ഷ്യമിട്ട് ഒരാഴ്ച മുൻപ് ഷെഹബാസ് ഷെരീഫ് സർക്കാർ ബജറ്റ് അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സാധനങ്ങളുടെ വില കുത്തനെ കൂടിയത്.
കഴിഞ്ഞ വർഷം 1,739 പേർ മരിക്കുകയും 20 ലക്ഷം വീടുകൾ നശിക്കുകയും ചെയ്ത വെള്ളപ്പൊക്കവും രാഷ്ട്രീയ അനിശ്ചിതാവസ്ഥയുമാണ് പാകിസ്താന് തിരിച്ചടിയായത്. ഈ വർഷം പകുതിയോടെ രാജ്യത്തിന്റെ പണപ്പെരുപ്പം ശരാശരി 33 ശതമാനമാകുമെന്നും റിപ്പോർട്ടുകളുണ്ട്.
കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ ജനങ്ങള്‍ക്ക് മേല്‍ 17,000 രൂപയുടെ അധിക നികുതി ചുമത്തുമെന്ന് പാകിസ്താന്‍ ധനമന്ത്രി ഇഷാഖ് ദാര്‍ വ്യക്തമാക്കിയിരുന്നു. സമ്പദ് വ്യവസ്ഥ തിരിച്ചു പിടിക്കാന്‍ 700 കോടി വായ്പ ആവശ്യപ്പെട്ട പാകിസ്താന് മുന്നില്‍ ഐഎംഎഫ് കര്‍ശന ഉപാധികള്‍ വച്ചതോടെയാണ് സര്‍ക്കാര്‍ നികുതി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. പാകിസ്താനും ഐഎംഎഫ് പ്രതിനിധികളും തമ്മില്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു ധനമന്ത്രിയുടെ പ്രസ്താവന.