പാക് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ചോർന്ന ശബ്ദരേഖകള്‍ ലേലത്തിന്; 
ഡാർക്ക് വെബ്ബിൽ വില 350,000 ഡോളറെന്ന് പ്രതിപക്ഷം

പാക് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ചോർന്ന ശബ്ദരേഖകള്‍ ലേലത്തിന്; ഡാർക്ക് വെബ്ബിൽ വില 350,000 ഡോളറെന്ന് പ്രതിപക്ഷം

115 മണിക്കൂർ ദൈർഘ്യമുള്ള ഓഡിയോ ക്ലിപ്പാണ് കഴിഞ്ഞ ദിവസങ്ങളിൽ ചോർന്നത്
Updated on
1 min read

പാകിസ്താന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പോലും സുരക്ഷിതമല്ലെന്ന ആരോപണവുമായി പ്രതിപക്ഷമായ തെഹ്‌രീക്-ഇ-ഇൻസാഫ്. പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ ഓഫീസില്‍നിന്ന് ചോര്‍ന്ന ശബ്ദരേഖകള്‍ ഡാര്‍ക്ക് വെബ്ബില്‍ ലേലത്തിന് വെച്ചിരിക്കുകയാണെന്ന് തെഹ്‌രീക്-ഇ-ഇൻസാഫ് നേതാവ് ഫവാദ് ചൗധരി മാധ്യമങ്ങളോട് പറഞ്ഞു. ചോര്‍ന്ന ഓഡിയോ ക്ലിപ്പുകള്‍ക്ക് 350,000 ഡോളറാണ് വിലയിട്ടിരിക്കുന്നതെന്നും ഫവാദ് ചൗധരി മാധ്യമങ്ങളോട് പറഞ്ഞു.

115 മണിക്കൂർ ദൈർഘ്യമുള്ള ഓഡിയോ ക്ലിപ്പാണ് പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്ന് കഴിഞ്ഞ ദിവസങ്ങളിൽ ചോർന്നത്. ഷഹബാസ് ഷെരീഫ് മന്ത്രിമാര്‍, പിഎംഎൽ-എൻ നേതാക്കള്‍, ധനമന്ത്രി മിഫ്താ ഇസ്മയില്‍ എന്നിവരുമായി സംസാരിക്കുന്നതിന്റെ രേഖകളാണ് ചോര്‍ന്നത്. രാജ്യത്ത് പ്രധാനമന്ത്രിയുടെ ഓഫീസ് പോലും സുരക്ഷിതമല്ലെന്നാണ് ഫവാദ് ചൗധരിയുടെ ആരോപണം.

പാകിസ്താൻ മുസ്ലീം ലീഗ് (എൻ) വൈസ് പ്രസിഡന്റ് മറിയം, പ്രതിരോധ മന്ത്രി ഖവാജ ആസിഫ്, നിയമമന്ത്രി അസം തരാർ, ആഭ്യന്തര മന്ത്രി റാണാ സനാഉല്ല, മുൻ സ്പീക്കർ അയാസ് സാദിഖ് എന്നിവരുമായി ഷെഹ്ബാസ് ഷെരീഫ് നടത്തിയ സംഭാഷണങ്ങളാണ് ആദ്യത്തെ ക്ലിപ്പിലുള്ളത്. ഇതേ ക്ലിപ്പിൽ പാകിസ്താൻ തെഹ്‌രീക്-ഇ-ഇൻസാഫ് (പിടിഐ) അംഗങ്ങളുടെ ദേശീയ അസംബ്ലിയിൽ നിന്നുള്ള രാജിയെ കുറിച്ചും പറയുന്നുണ്ട്.

ഓഡിയോ ചോർന്നത് പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്
ആഭ്യന്തര മന്ത്രി റാണ സനാഉല്ല

സർക്കാരിനെ പ്രതിരോധത്തിലാക്കാനുള്ള ആയുധമായി ഉപയോഗിക്കുകയാണ് പ്രതിപക്ഷ പാർട്ടിയായ തെഹ്‌രീക്-ഇ- ഇൻസാഫ്. മുൻപ് ഇന്ധന വർധനവിനെതിരെ പരസ്യമായി രംഗത്തുവന്ന പിഎംഎൽ-എൻ വൈസ് പ്രസിഡന്റ് മറിയം, ഇന്ധന വില ഉയർത്താൻ ചോർന്ന ക്ലിപ്പിൽ ആവശ്യപ്പെടുന്നതായി ഫവാദ് ചൗധരി ചൂണ്ടികാട്ടി. പെട്രോൾ, വൈദ്യുതി വില വർധിപ്പിക്കാനുള്ള തീരുമാനത്തോട് യോജിപ്പില്ലെന്നും തന്റെ പാർട്ടി സർക്കാരിൽ ഉണ്ടായിരുന്നാലും ഇല്ലെങ്കിലും അത്തരം തീരുമാനങ്ങൾ ഇല്ലെന്നും മറിയം നേരത്തെ പറഞ്ഞിരുന്നു. മൂന്ന് തവണ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫിന്റെ മകളാണ് മറിയം.

ഇന്ത്യയിൽ നിന്ന് കുറച്ച് യന്ത്രസാമഗ്രികൾ ഇറക്കുമതി ചെയ്യാൻ മരുമകനെ അനുവദിക്കണമെന്ന മറിയത്തിന്റെ ആഗ്രഹത്തെക്കുറിച്ച് ഷെഹബാസ് ഷെരീഫും അജ്ഞാത ഉദ്യോഗസ്ഥനും സംസാരിക്കുന്ന ക്ലിപ്പുകളും പുറത്തുവന്നിരുന്നു. ഭരിക്കുന്ന പാർട്ടിക്ക് കുടുംബ കാര്യങ്ങളിലാണ് കൂടുതൽ ശ്രദ്ധയെന്ന് സംഭാഷണശകലം പങ്കുവെച്ചുകൊണ്ട് ചൗധരി പറഞ്ഞു. ഇത് നമ്മുടെ രഹസ്യാന്വേഷണ ഏജൻസികളുടെ, പ്രത്യേകിച്ച് ഇന്റലിജൻസ് ബ്യൂറോയുടെ പരാജയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം, ഓഡിയോ ചോർന്നത് പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും ആഭ്യന്തര മന്ത്രി റാണ സനാഉല്ല പറഞ്ഞു. എല്ലാ ഏജൻസികളിലെയും ഉന്നത ഉദ്യോഗസ്ഥരെ ചുറ്റിപ്പറ്റി അന്വേഷണം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞതായി എആർവൈ ന്യൂസ് റിപ്പോർട്ട് ചെയ്തു. പ്രധാനമന്ത്രിയുടെ വസതിയിൽ നടക്കുന്ന സംഭാഷണങ്ങളെല്ലാം റെക്കോർഡ് ചെയ്‌ത് പുറത്തുവിട്ടാലും അവയിൽ മോശമായി ഒന്നും തന്നെ ഉണ്ടാകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

logo
The Fourth
www.thefourthnews.in