പാക് വിദേശ വിനിമയ മൂല്യം 10 വര്‍ഷത്തിനിടയിലെ കുറഞ്ഞ നിരക്കില്‍; ഐഎംഎഫ് ഉപാധികള്‍ അംഗീകരിക്കുമെന്ന് പ്രധാനമന്ത്രി
പാകിസ്താനില്‍ മാസങ്ങളായി കടുത്ത സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനിടെ തിരിച്ചടിയായി രാജ്യത്തിന്റെ വിദേശ വിനിമയ മൂല്യത്തിലും ഇടിവ്. വ്യാഴാഴ്ച 16.1 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ 10 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് വിനിമയ മൂല്യം എത്തി. സ്‌റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്താന്‍ കൈവശം വച്ചിരിക്കുന്ന വിദേശനാണ്യ കരുതൽ ശേഖരത്തിലൂടെ ഏകദേശം മൂന്നാഴ്ചത്തെ ഇറക്കുമതി നടത്താനാകുമെന്ന് സാമ്പത്തിക വിശകലന വിദഗ്ധർ പറയുന്നു. എന്നാല്‍, വിദേശ കടബാധ്യതകൾ കാരണം കരുതൽ ധനം 592 മില്യൺ ഡോളർ കുറഞ്ഞതായി സെൻട്രൽ ബാങ്ക് അറിയിച്ചിട്ടുണ്ട്.
ഐഎംഎഫിന്റെ പ്രതിനിധി സംഘം ചർച്ചയ്ക്കായി രാജ്യത്തെത്തിയിട്ടുണ്ട്
അതേസമയം, വായ്പ നല്‍കുന്നതിനായി ഐഎംഎഫ് മുന്നോട്ടുവെച്ച ഉപാധികള്‍ ചിന്തിക്കാവുന്നതിനുമപ്പുറമാണെന്നും എന്നാല്‍ ഇവ അംഗീകരിക്കാതെ മറ്റ് വഴിയില്ലെന്നും പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പറഞ്ഞു. ധനമന്ത്രി ഇഷാഖ് ദറിന് കഠിനപരീക്ഷണമാണ് ഐഎംഎഫ് നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നഥാന്‍ പോര്‍ട്ടറിന്റെ നേതൃത്വത്തിലുള്ള ഐഎംഎഫിന്റെ പ്രതിനിധി സംഘം സഹായ പദ്ധതികൾക്കൊപ്പമുള്ള വ്യവസ്ഥകൾ സംബന്ധിച്ചുള്ള ചർച്ചയ്ക്കായി രാജ്യത്തെത്തിയിട്ടുണ്ട്. ഫെബ്രുവരി ഒൻപത് വരെ സംഘം ഇസ്ലാമാബാദിലുണ്ടാകും. 700 കോടി ഡോളറിന്റെ വായ്പയാണ് ഐഎംഎഫിനോട് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.
48 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ പണപ്പെരുപ്പത്തിനാണ് പാകിസ്താൻ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ഭക്ഷണമുള്‍പ്പെടെയുള്ള അടിസ്ഥാന ആവശ്യങ്ങള്‍ക്ക്, വഴി കണ്ടെത്താനാകാതെ ജനങ്ങള്‍ കഷ്ടത നേരിടുകയാണ്. ഇതിനിടെ, പെട്രോള്‍ വില 16 ശതമാനം വർധിപ്പിച്ചു, പാചകവാതക വില 30 ശതമാനവും കൂട്ടി. സാമ്പത്തിക പ്രതിസന്ധിയില്‍ നടുവൊടിഞ്ഞ ജനങ്ങള്‍ക്ക് ഇരുട്ടടി കിട്ടിയ അവസ്ഥയാണിതുണ്ടാക്കിയത്. കടബാധ്യതകളും രാഷ്ട്രീയ പ്രതിസന്ധിയും സുരക്ഷാഭീഷണികളും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി അപകടകരമായ അവസ്ഥയിലെത്തിച്ചെന്നാണ് വിലയിരുത്തലുകള്‍.
ഐഎംഎഫ് സഹായം പുനരാരംഭിച്ചില്ലെങ്കില്‍ പാകിസ്താന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീഴുമെന്ന റിപ്പോർട്ടുകൾ നേരത്തേ പുറത്തുവന്നിരുന്നു. 2019ൽ ഇമ്രാൻ ഖാൻ സർക്കാരിന്റെ കാലത്ത് ഐഎംഎഫ് 600 കോടി ഡോളറും, 2022ല്‍ 110 കോടി ഡോളറും ധനസഹായം നല്‍കിയിരുന്നു. സാമ്പത്തിക സഹായം നല്‍കിയിരുന്ന സൗദി അറേബ്യയും യുഎഇയും സൗജന്യങ്ങള്‍ തുടരില്ലെന്ന് പാകിസ്താന് മുന്നറിയിപ്പ് നല്‍കിയിരുന്നു.