പെഷവാര്‍ കോടതിയില്‍ വെടിവെപ്പ്; പാക് മനുഷ്യാവകാശ പ്രവര്‍ത്തകനും അഭിഭാഷകനുമായ അബ്ദുല്‍ ലത്തീഫ് അഫ്രിദി കൊല്ലപ്പെട്ടു
പാക് മനുഷ്യാവകാശ പ്രവര്‍ത്തകനും സൈന്യത്തിന്റേയും തീവ്ര ഇസ്ലാമിക സംഘടനകളുടേയും കടുത്ത വിമര്‍ശനകനുമായ അഭിഭാഷകന്‍ അബ്ദുല്‍ ലത്തീഫ് അഫ്രിദി വെടിയേറ്റ് മരിച്ചു. പെഷവാര്‍ ഹൈക്കോടതി പരിസരത്താണ് അബ്ദുല്‍ ലത്തീഫ് അഫ്രിദിയെ ലക്ഷ്യമിട്ട് വെടിവെപ്പുണ്ടായത്. പാകിസ്താന്‍ സുപ്രീംകോടതി ബാര്‍ അസോസിയേഷന്റെ മുന്‍ പ്രസിഡന്റ് കൂടിയാണ് കൊല്ലപ്പെട്ട അഫ്രിദി. കൊലയാളിയായ അദ്‌നാൻ സമിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി. ഒന്നിലേറെ തവണയാണ് അദ്‌നാൻ സമി അഫ്രിദിക്ക് നേരെ വെടിയുതിര്‍ത്തത്. കൊലപാതകത്തിന് പ്രകോപനമെന്തായിരുന്നെന്ന് പ്രതി പോലീസിനോട് വെളിപ്പെടുത്തിയിട്ടില്ല.
അഫ്രിദിയെ ലക്ഷ്യമിട്ട് വക്കീല്‍ വേഷത്തിലാണ് അദ്‌നാൻ സമി കോടതിക്ക് അകത്ത് പ്രവേശിച്ചത്. അഭിഭാഷക വേഷത്തിലെത്തുന്നവരെ പെഷവാര്‍ കോടതിയില്‍ ദേഹപരിശോധനയ്ക്ക് വിധേയമാക്കാറില്ല. വെടിയുതിര്‍ത്ത ശേഷം അദ്‌നാൻ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചില്ലെന്ന് ദൃക്സാക്ഷികള്‍ വ്യക്തമാക്കി.
പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് അഫ്രീദിയുടെ മരണത്തില്‍ അനുശോചനം അറിയിച്ചു.
2020ൽ മതനിന്ദ കേസില്‍ വിചാരണയിലായിരുന്ന പാക് വംശജനായ യുഎസ് പൗരനെ കോടതിമുറിക്കുള്ളിൽ വെച്ച് കൗമാരക്കാരൻ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. ഈ സംഭവം മുതല്‍ പാക് കോടതികളിലെ സുരക്ഷാ ക്രമീകരണം അന്താരാഷ്ട്ര സമൂഹം പോലും ചോദ്യം ചെയ്തിരുന്നു.