'രാജ്യദ്രോഹക്കുറ്റം ചുമത്തി 10 വർഷം ജയിലിലടയ്ക്കാൻ പദ്ധതിയിട്ടു'; പാക് സൈന്യത്തിനെതിരെ ഇമ്രാൻ ഖാൻ
പാക് സൈന്യത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. രാജ്യദ്രോഹക്കുറ്റം ചുമത്തി 10 വർഷത്തേക്ക് തന്നെ തടവിലാക്കാനാണ് സൈന്യത്തിന്റെ പദ്ധതിയെന്ന് ഇമ്രാൻഖാൻ. താൻ ജയിലിലായിരുന്നപ്പോൾ അക്രമം നടത്തി നിയമം കയ്യിലെടുക്കാനാണ് അവർ ശ്രമിച്ചതെന്നും അദ്ദേഹം ആരോപിച്ചു. ലാഹോറിലെ വസതിയിൽ നടന്ന പാകിസ്താൻ തെഹ്‌രീക് ഇ ഇൻസാഫ് (പി ടി ഐ) നേതാക്കളുടെ യോഗത്തിന് പിന്നാലെ പങ്കുവച്ച ട്വീറ്റുകളിലൂടെയാണ് ഈ ആരോപണം.
"ലണ്ടൻ പ്ലാൻ ഇപ്പോൾ ഇതാ പുറത്തുവന്നിരിക്കുന്നു. ഞാൻ ജയിലായിരുന്നപ്പോൾ അക്രമത്തിന്റെ മറവിൽ അവർ ജഡ്ജിയുടെയും ജൂറിയുടെയും ആരാച്ചാരുടെയും ജോലികൾ ഏറ്റെടുത്തു. ബുഷ്‌റ ബീഗത്തെ (ഭാര്യ) ജയിലിലടച്ച് എന്നെ അപമാനിക്കാനാണ് അവർ ശ്രമിക്കുന്നത്. രാജ്യദ്രോഹക്കുറ്റം ചുമത്തി അടുത്ത 10 വർഷത്തേക്ക് എന്നെ ജയിലിൽ അടക്കാനുമാണ് അവരുടെ പദ്ധതി," ഇമ്രാൻ ഖാന്റെ ഒരു ട്വീറ്റിൽ പറയുന്നു.
"പൊതു പ്രതികരണമില്ലെന്ന് ഉറപ്പാക്കാൻ അവർ രണ്ട് കാര്യങ്ങളാണ് ചെയ്തത്. ആദ്യം ബോധപൂർവമായ അക്രമമഴിച്ച് വിട്ടു. പിടിഐ പ്രവർത്തകർക്കുനേരെ മാത്രമല്ല, സാധാരണക്കാർക്ക് നേരെയും. ശേഷം മാധ്യമങ്ങളെ പൂർണമായും നിയന്ത്രിച്ചു. ജനങ്ങളിൽ ഭയം വളർത്താനുള്ള ബോധപൂർവ്വമായ ശ്രമമാണിത്. എന്നെ അറസ്റ്റ് ചെയ്യുമ്പോൾ പ്രതികരണങ്ങൾ ഇല്ലാതാക്കുകയെന്നതാണ് അവരുടെ ലക്ഷ്യം. നാളെ അവർ വീണ്ടും ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ച് സാമൂഹമാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തും. അവർ വീടുകൾ തകർക്കുകയും ലജ്ജയില്ലാതെ സ്ത്രീകളെ കയ്യേറ്റം ചെയ്യുകയും ചെയ്യും," ട്വീറ്റുകളിൽ പറയുന്നു.
പാകിസ്താനിലെ ജനങ്ങൾക്കുള്ള തന്റെ സന്ദേശമായി അവസാന തുള്ളി രക്തം വരെ ഹഖീഖി ആസാദിക്കായി പോരാടും. ഈ വഞ്ചകരുടെ അടിമത്തത്തേക്കാൾ മരണമാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.
അൽ ഖാദിർ ട്രസ്റ്റ് ഉപയോഗിച്ച് ഇമ്രാൻ ഖാനും അദ്ദേഹത്തിന്റെ സർക്കാരിലെ മറ്റ് ചില മന്ത്രിമാരും ബ്രിട്ടനിലെ നാഷണൽ ക്രൈം ഏജൻസി (എൻസിഎ) സർക്കാരിന് അയച്ച 5000 കോടി രൂപ തട്ടിയെടുത്തെന്ന ആരോപണത്തിൽ ഇമ്രാൻ ഖാനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇസ്ലാമബാദ് ഹൈക്കോടതി വളപ്പിൽ ഏറെ നാടകീയമായിട്ടായിരുന്നു അറസ്റ്റ്. പിന്നാലെ പാകിസ്ഥാനിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടു. സുപ്രീംകോടതി അറസ്റ് നിയമവിരുദ്ധമെന്ന് ഉത്തരവിട്ടതോടെ ഇമ്രാൻ ഖാന് ഇസ്ലാമാബാദ് ഹൈക്കോടതി രണ്ടാഴ്ചത്തേയ്ക്ക് ജാമ്യം അനുവദിച്ചിരിക്കുകയാണ്.