ഗാസയില്‍ അഴുകിയ മൃതദേഹങ്ങളുടെ കുഴിമാടങ്ങള്‍, ഇത് ഇസ്രയേലിന്റെ വംശഹത്യയുടെ തെളിവ്; അന്വേഷണം ആവശ്യപ്പെട്ട് പലസ്തീന്‍
ഗാസയില്‍ പലസ്തീന്‍ തടവുകാരുടെ അഴുകിയ മൃതദേഹങ്ങള്‍ അടങ്ങിയ കൂട്ടകുഴിമാടങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അന്താരാഷ്ട്ര അന്വേഷണം ആവശ്യപ്പെട്ട് പലസ്തീന്‍ അധികാരികള്‍. കൈകളില്‍ വിലങ്ങുവച്ച്, കണ്ണുകള്‍ മൂടപ്പെട്ട നിലയിലുള്ള തടവുകാരുടെ മൃതദേഹങ്ങളാണ് ഗാസയില്‍ കാണപ്പെട്ടത്.
വടക്കന്‍ ഗാസയിലെ ഹമാദ് സ്‌കൂളിന് സമീപമായാണ് ഏകദേശം 30 മൃതശീരങ്ങള്‍ കറുത്ത പ്ലാസ്റ്റിക് ബാഗിലായി കണ്ടെത്തിയത്. വധശിക്ഷയ്ക്ക് സമാനമായ രീതിയിലാണ് പലസ്തീന്‍ പൗരന്മാരെ ഇസ്രയേല്‍ സൈനികര്‍ കൊലപ്പെടുത്തിയതെന്ന് പലസ്തീന്‍ അധികാരികള്‍ കുറ്റപ്പെടുത്തി.
ഇസ്രയേലിന്റെ കൂട്ടക്കൊലയെന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് പലസ്തീന്‍ വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം അന്താരാഷ്ട്ര അന്വേഷണത്തിന് ആവശ്യപ്പെട്ടത്. ഗാസയിലേക്ക് സംഘം നേരിട്ട് വന്ന് സത്യാവസ്ഥ മനസിലാക്കണമെന്നും പലസ്തീന്‍ ജനത കാട്ടുന്ന വംശഹത്യയുടെ ആഴം തിരിച്ചറിയണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ഇസ്രയേല്‍ നടത്തുന്ന വംശഹത്യയ്ക്കുള്ള തെളിവാണെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
സ്‌കൂള്‍ പരിസരം വൃത്തിയാക്കുന്നതിനിടയില്‍ ഒരു കൂമ്പാരം കാണുകയും അത് പരിശോധിച്ചപ്പോള്‍ മൃതശരീരങ്ങളാണെന്ന് മനസിലായതായും സാക്ഷികളില്‍ ഒരാള്‍ അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ അല്‍ ജസീറയോട് പറഞ്ഞു.
''കറുത്ത പ്ലാസ്റ്റിക് ബാഗുകള്‍ കണ്ടു, അവ പരിശോധിച്ചപ്പോള്‍ അഴുകിയ നിലയിലുള്ള മൃതശരീരങ്ങളായിരുന്നു. അവരുടെ കണ്ണുകള്‍ മൂടപ്പെട്ട നിലയിലും കാലുകളും കൈകളും കെട്ടിയിട്ട നിലയിലുമായിരുന്നു. ഒരു പ്ലാസ്റ്റിക് കൈവിലങ്ങ് ഉപയോഗിച്ചാണ് കാലുകളും കൈകളും ബന്ധിച്ചിരുന്നത്. കണ്ണിലും തലയിലും തുണി ഉപയോഗിച്ച് മറച്ചിരിക്കുകായി രുന്നു'', സാക്ഷിയെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
ഈ കൂട്ട ശവക്കുഴികള്‍ മനുഷ്യാവകാശ സംഘടനകള്‍ രേഖപ്പെടുത്തണമെന്ന് ഹമാസും ആവശ്യപ്പെട്ടു. ''പലസ്തീന്‍ ജനതയോട് നിയോ നാസിസ്റ്റുകള്‍ നടത്തുന്ന നീചമായ കുറ്റകൃത്യവും മറ്റും അവരെ എപ്പോഴും വേട്ടയാടും'', ഹമാസ് പറയുന്നു.
നിലവില്‍ ജീര്‍ണിച്ച നിലയിലായതിനാല്‍തന്നെ മൃതശീരങ്ങളെ തിരിച്ചറിയാന്‍ സാധിക്കില്ല. മാത്രവുമല്ല, പല ശരീരങ്ങളും അസ്ഥികൂടങ്ങളായി മാറിയിട്ടുണ്ട്. പക്ഷേ ആളുകള്‍ ഇപ്പോഴും ഈ സ്ഥലത്ത് വന്ന് തിരച്ചില്‍ നടത്തുന്നുണ്ട്.
നേരത്തെ തന്നെ തടവിലാക്കപ്പെട്ട പലസ്തീന്‍ ജനതയെ ഇസ്രയേല്‍ സൈന്യം ദുരപയോഗം ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. തടവുകാരോടുള്ള ഇസ്രയേലിന്റെ മോശം പെരുമാറ്റം അവസാനിപ്പിക്കണമെന്ന് കഴിഞ്ഞ മാസം ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ആവശ്യപ്പെട്ടിരുന്നു. നിലവില്‍ 26,900ത്തോളം പേരാണ് ഇസ്രയേല്‍ ആക്രമണത്തില്‍ ഗാസയില്‍ കൊല്ലപ്പെട്ടത്.