വെള്ളത്തുണിയില്‍ പൊതിഞ്ഞ ഡമ്മിയുമായി മോഡല്‍; ഗാസയിലെ ദുരിതത്തെ പരിഹസിച്ചെന്ന് വിമര്‍ശനം, വിവാദമായി സാറയുടെ പരസ്യം
പ്രശസ്ത ഫാഷന്‍ ബ്രാന്‍ഡ് സാറയുടെ പുതിയ കളക്ഷന്‍സിന്റെ പരസ്യത്തിന് എതിരെ വ്യാപക പ്രതിഷേധം. ഇസ്രയേല്‍-ഹമാസ് യുദ്ധത്തെ ഓര്‍മിപ്പിക്കും വിധമുള്ള പരസ്യത്തിന് എതിരെ രൂക്ഷ വിമര്‍ശനവുമായി പലസ്തീനെ അനുകൂലിക്കുന്നവര്‍ രംഗത്തെത്തി. 'ദ ജാക്കറ്റ്' എന്ന സാറയുടെ പുതിയ പ്രൊമോഷണല്‍ ക്യാമ്പയിന്റെ ഭാഗമായി പുറത്തിറക്കിയ ക്രിസ്റ്റെന്‍ മക്‌മെനാമി മോഡലായ ചിത്രങ്ങളാണ് വിവാദമായിരിക്കുന്നത്. സാറയെ ബഹിഷ്‌കരിക്കണമെന്ന് നിരവധിപേരാണ് സമൂഹമാധ്യമങ്ങളില്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.
ഈ ചിത്രങ്ങളില്‍ ഗാസയിലെ നിലവിലെ ദുരവസ്ഥ പുനരാവിഷ്‌കരിച്ചിരിക്കുകയാണെന്നും യുദ്ധത്തെ ബ്രാന്‍ഡിന്റെ പ്രൊമോഷന് വേണ്ടി ഉപയോഗിക്കുന്നത് ശരിയല്ലെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.
പലസ്തീന്‍ ഭൂപടത്തിന് സമാനമായി നിര്‍മ്മിച്ച പ്ലെയ്‌വുഡ് ബോര്‍ഡില്‍ മോഡല്‍ ഇരിക്കുന്നതാണ് ഒരു ചിത്രത്തിലുള്ളത്. മറ്റൊന്നില്‍, വെള്ള തുണികൊണ്ട് ചുറ്റിയ ഡമ്മിയുമായി നില്‍ക്കുന്ന മോഡലിനെ കാണാം. ഗാസയില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ വെള്ളത്തുണികള്‍ കൊണ്ട് പൊതിഞ്ഞു കൊണ്ടുപോകുന്നതിന് സമാനമാണ് ഈ ചിത്രമെന്ന് വിമര്‍ശനമുണ്ട്.
തകര്‍ന്ന കെട്ടിടമാണെന്ന് തോന്നിക്കുന്ന പശ്ചാത്തലത്തില്‍ എടുത്തതാണ് മറ്റൊരു ചിത്രം.ചിത്രങ്ങള്‍ വിവാദമായതിന് പിന്നാലെ, സാറയുടെ ഡിസൈനര്‍ ഹെഡ് വനേസ പെര്‍ലിമാന്‍ മുന്‍പ് പലസ്തീന്‍ മോഡര്‍ ഖഹര്‍ ഹര്‍ഹാഷിന് അയച്ച മെസ്സേജും സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നുണ്ട്. 'നിങ്ങളുടെ ആളുകള്‍ വിദ്യാഭ്യാമുള്ളവരായിരുന്നെങ്കില്‍, ഗാസയെ സഹായിക്കാനായി ഇസ്രയേല്‍ പണം ചെലവഴിച്ച ആശുപത്രികളും സ്‌കൂളുകളും അവര്‍ തകര്‍ക്കില്ലായിരുന്നു. നിങ്ങളുടെ ആളുകള്‍ ചെയ്യുന്നതുപോലെ, സൈനികര്‍ക്ക് നേരെ കല്ലെറിയാന്‍ ഇസ്രയേല്‍ കുട്ടികളെ പഠിപ്പിക്കുന്നില്ല' എന്നായിരുന്നു 20021ല്‍ പലസ്തീന്‍ മോഡലിന് വനേസ ഇന്‍സ്റ്റഗ്രാമില്‍ അയച്ച സന്ദേശം. ചിത്രങ്ങള്‍ക്ക് എതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിട്ടും, സാറ ഇതുവരേയും വിഷയത്തോട് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.
ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ പലസ്തീനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 18,000 കടന്നിരിക്കുകയാണ്. ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും കനത്ത ആക്രമണമാണ് ഇസ്രയേല്‍ ഗാസ മുനമ്പില്‍ നടത്തുന്നത്. തെക്കന്‍ ഗാസയിലേക്കും ഇസ്രയേല്‍ ആക്രമണം വ്യാപിച്ചിട്ടുണ്ട്. ആശുപത്രികളെ അടക്കം ലക്ഷ്യം വെച്ചാണ് ആക്രമണം. ഗാസയില്‍ ആക്രമണം അവസാനിപ്പിക്കണം എന്ന് ലോകമൊട്ടാകെ ആവശ്യമുയരുമ്പോഴാണ്, പ്രശസ്ത ബ്രാന്‍ഡ് ആയ സാറ ഇത്തരമൊരു പരസ്യവുമായി രംഗത്തെത്തിയത്.