ഹമാസ് ആക്രമണത്തിന് പ്രതികാരം; പലസ്തീന്‍ വംശജനായ ആറ് വയസുകാരനെ യുഎസിൽ കുത്തിക്കൊന്നു, വയോധികൻ അറസ്റ്റില്‍

ഹമാസ് ആക്രമണത്തിന് പ്രതികാരം; പലസ്തീന്‍ വംശജനായ ആറ് വയസുകാരനെ യുഎസിൽ കുത്തിക്കൊന്നു, വയോധികൻ അറസ്റ്റില്‍

ആക്രമണത്തെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അപലപിച്ചു
Updated on
1 min read

ഇസ്രയേൽ - ഹമാസ് സംഘർഷത്തിന്റെ പേരിൽ പലസ്തീൻ വംശജനായ ആറ് വയസുകാരനെ അമേരിക്കയിൽ എഴുപത്തിയൊന്നുകാരൻ കുത്തിക്കൊന്നു. കുട്ടിയുടെ അമ്മയ്ക്ക് ഗുരുതരമായി പരുക്കേറ്റു. ചിക്കാഗോയ്ക്ക് സമീപമുള്ള പ്ലയിൻഫീൽഡ് ടൗൺഷിപ്പിൽ ശനിയാഴ്ചയാണ് സംഭവം നടന്നത്. യു എസ് പൗരനായ പ്രതി ജോസഫ് സൂബയെ പോലീസ് അറസ്റ്റ് ചെയ്തു.

26 കുത്തേറ്റ കുട്ടി ആശുപത്രിയിലെത്തിക്കുന്നതിന് മുൻപേ മരണത്തിന് കീഴടങ്ങി. കുട്ടിയുടെ മുപ്പത്തി രണ്ടുകാരിയായ അമ്മ സാരമായ പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ ശരീരത്തിൽ പന്ത്രണ്ടോളം മുറിവുകളുണ്ട്. ഇരുവർക്കും നെഞ്ചിലുൾപ്പടെ കുത്തേറ്റു.

ക്രൂരമായ ആക്രമണത്തിനിരയായ രണ്ടുപേരും മുസ്ലിമാണെന്നും ഹമാസിനോടുള്ള പ്രതികാരമെന്നോണമാണ് പ്രതി ആക്രമണം നടത്തിയതെന്നുമാണ് പൊലീസ് പറയുന്നത്. കൊലപാതകം, വിദ്വേഷ കുറ്റകൃത്യം എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്. പ്രതിയെക്കുറിച്ചുള്ള വിവരവും ആക്രമണത്തിനു പിന്നിലെ ലക്ഷ്യവും വിൽ കൗണ്ടി ഷെരിഫ് ഓഫീസ് സമൂഹമാധ്യമത്തിൽ പങ്കുവച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

പ്ലയിൻഫീൽഡ് ടൗൺഷിപ്പിൽ വാടകയ്ക്ക് കഴിയുകയായിരുന്ന യുവതിയുടെ വീട്ടിലേക്കെത്തിയാണ് പ്രതി ആക്രമണം നടത്തിയത്. 12 ഇഞ്ച് നീളമുള്ള കത്തിയുപയോഗിച്ചാണ് പ്രതി ആക്രമണം നടത്തിയതെന്നാണ് പോലീസ് റിപ്പോർട്ടിൽ പറയുന്നത്. ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവതിയെ പിന്നാലെയെത്തിയ പ്രതി വീണ്ടും ആക്രമിക്കുകയായിരുന്നു. തുടർന്നാണ് കുട്ടിയെ ആക്രമിച്ചത്. പ്ലയിൻഫീൽഡ് ടൗൺഷിന്റെ സമീപത്തുനിന്നു തന്നെ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

"നിങ്ങൾ മുസ്ലീങ്ങൾ, മരിക്കണം", എന്ന് പറഞ്ഞു കൊണ്ട് ശ്വാസംമുട്ടിച്ച് കൊല്ലാൻ ശ്രമിച്ചുവെന്നാണ് യുവതി നൽകിയ മൊഴിയെന്ന് കൗണ്‍സിൽ ഓൺ അമേരിക്കൻ - ഇസ്ലാമിക് റിലേഷൻസ് മേധാവി അഹമ്മദ് റിഹാബ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ആക്രമണത്തെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അപലപിച്ചു. ''വിദ്വേഷത്തിന്റെ ഭയാനകമായ പ്രവൃത്തിയാണിത്. വെറുപ്പിന് അമേരിക്കയിൽ സ്ഥാനമില്ല. എങ്ങനെ പ്രാർത്ഥിക്കുന്നു, എന്തിൽ വിശ്വസിക്കുന്നു, എന്നിങ്ങനെയുള്ള അടിസ്ഥാന മൂല്യങ്ങൾക്കെതിരെ പ്രവർത്തിക്കുന്നവർക്കൊന്നും ഇവിടെ സ്ഥാനമില്ല,'' അദ്ദേഹം പറഞ്ഞു. ഇസ്‌ലാമോഫോബിയയും എല്ലാത്തരം മതഭ്രാന്തും വിദ്വേഷവും വെടിയാനും ഒരുമിച്ച് നിൽക്കാനും അദ്ദേഹം അമേരിക്കക്കാരോട് ആവശ്യപ്പെട്ടു.

അതിനിടെ, പലസ്തീനെതിരായ ഇസ്രയേൽ ആക്രമണം രൂക്ഷമായി തുടരുകയാണ്. ഗാസയ്‌ക്കെതിരെ കരയുദ്ധത്തിന് തയാറെടുക്കുകയാണ് ഇസ്രയേൽ സൈന്യം. ആക്രമണത്തിൽ ഇരകളായിക്കൊണ്ടിരിക്കുന്നത് ഭൂരിഭാഗവും സാധാരണക്കാരാണ്. നിരന്തര ബോംബാക്രമണവും യുദ്ധവുമെല്ലാം ഗാസ മുനമ്പിലെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ഇരുപക്ഷത്തും ഇതുവരെ 4500ല്‍ അധികം പേരാണ് കൊല്ലപ്പെട്ടത്.

logo
The Fourth
www.thefourthnews.in