മൂന്ന് മാസത്തെ നിരാഹാരം; ഒടുവിന്‍ പലസ്തീന്‍ പൗരന്‍ ഇസ്രയേല്‍ ജയിലില്‍ മരണത്തിന് കീഴടങ്ങി
87 ദിവസത്തെ നിരാഹാര സമരത്തിനൊടുവില്‍ പലസ്തീന്‍ പൗരൻ ഇസ്രയേല്‍ ജയിലില്‍ മരണത്തിന് കീഴടങ്ങി. വിചാരണപോലുമില്ലാതെ അനിശ്ചിതമായി തടവിലിട്ടതിനെതിരെ പ്രതിഷേധിച്ച ഖാദര്‍ അദ്‌നാനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. പലസ്തീന്‍ ഇസ്ലാമിക് ജിഹാദ് ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്നും ഭീകരപ്രവര്‍ത്തനത്തില്‍ പങ്കാളിയായെന്നും ചൂണ്ടിക്കാട്ടിയാണ് ഖാദര്‍ അദ്‌നാനെ ഇസ്രയേല്‍ സര്‍ക്കാര്‍ ജയിലിലടച്ചത്.
ഫെബ്രുവരി അഞ്ചിനാണ് അദ്‌നാന്‍ നിരാഹാര സമരം ആരംഭിച്ചത്. ഇസ്രയേലിലെ റാംല ജയിലില്‍ കഴിയുകയായിരുന്ന അദ്നാനെ മെഡിക്കല്‍ സംഘത്തിന്റെ മേല്‍നോട്ടത്തിലേക്ക് മാറ്റിയിരുന്നു. ആരോഗ്യം മോശമായപ്പോഴും അദ്‌നാന്‍ വൈദ്യപരിശോധന നടത്താനോ മരുന്ന് കഴിക്കാനോ സമ്മതിച്ചില്ലെന്ന് ഇസ്രയേല്‍ സര്‍ക്കാര്‍ അറിയിച്ചു.
കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ വടക്കന്‍ വെസ്റ്റ്ബാങ്കിലെ അറാബെയില്‍ വീട്ടില്‍ നിന്നാണ് അദ്‌നാനെ ഇസ്രയേല്‍ സൈനികര്‍ പിടികൂടുന്നത്. 2004 മുതല്‍ അഞ്ച് നിരാഹാര സമരങ്ങളാണ് അദ്‌നാന്‍ ഇതുവരെ നടത്തിയിട്ടുള്ളത്. അനധികൃതമായി തടങ്കലില്‍ പാര്‍പ്പിച്ചതിന് 2015ല്‍ നടത്തിയ നിരാഹാര സമരം 55 ദിവസം നീണ്ടുപോയിരുന്നു. വിചാരണ കൂടാതെ ഇസ്രയേല്‍ ഭരണകൂടം തടങ്കലില്‍ വയ്ക്കുന്നതിനെതിരെയായിരുന്നു അന്നും 45കാരനായ അദ്‌നാന്റെ നിരാഹാര സമരം.
പലസ്തീന്‍ പ്രിസണേഴ്‌സ് അസോസിയേഷന്‍ പറയുന്നതിനനുസരിച്ച് അദ്‌നാനെ ഇതുവരെ 12 തവണയാണ് ഇസ്രയേല്‍ സര്‍ക്കാര്‍ തടവില്‍ വച്ചത്. എട്ട് വര്‍ഷത്തോളം ജയിലിലും കഴിഞ്ഞു. 2023 ലെ കണക്കുകള്‍ പ്രകാരം 4900 പലസ്തീനുകളെയാണ് ഇസ്രയേല്‍ സര്‍ക്കാര്‍ ഇപ്പോഴും മതിയായ കാരണങ്ങളില്ലാതെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത്.
അദ്നാന്റെ മരണത്തെ തുടര്‍ന്ന് വെസ്റ്റ്ബാങ്കില്‍ പലസ്തീനികളുടെ നേതൃത്വത്തില്‍ പ്രതിഷേധം ശക്തമായി. ഇസ്രയേല്‍ നടപ്പാക്കിയ ഭരണകൂട കൊലപാതകമാണിതെന്ന് ഹമാസ് വ്യക്തമാക്കി. മൃതദേഹം വിട്ടുകിട്ടണമെന്ന ആവശ്യവുമായി അദ്നാന്റെ ഭാര്യ രംഗത്തെത്തി.
2023 ലെ കണക്കുകള്‍ പ്രകാരം 4,900 പലസ്തീനികളെയാണ് ഇസ്രയേല്‍ സര്‍ക്കാര്‍ ഇപ്പോഴും മതിയായ കാരണങ്ങളില്ലാതെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത്. അതില്‍ 1,016 പേരെ വിചാരണപോലുമില്ലാതെയാണ് തടവിലാക്കിയിരിക്കുന്നത്. 160 കുട്ടികളും 30 സ്ത്രീകളും ഇതിലുള്‍പ്പെടും. 554 പേര്‍ ജീവപര്യന്തം തടവിനും വിധിക്കപ്പെട്ടിട്ടുണ്ട്.
തീവ്രവാദത്തെ തടയാനാണ് ഭരണകൂട തടങ്കലെന്ന ആശയം നടപ്പാക്കുന്നതെന്നാണ് ഇസ്രയേല്‍ സര്‍ക്കാര്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഈ വ്യവസ്ഥ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നാണ് പലസ്തീനികളും പറയുന്നു. എല്ലാ മനുഷ്യാവകാശങ്ങളും നിഷേധിക്കപ്പെട്ടാണ് പലരും ജയിലിലില്‍ കഴിയുന്നത്.