'എന്റെ കുഞ്ഞുങ്ങളുടെ കണ്ണിലേക്ക് നോക്കാനാകുന്നില്ല, നിസഹായാവസ്ഥയില്‍ മരണമാണ് നല്ലതെന്ന് തോന്നും'; ദുരിതക്കയത്തില്‍ ഗാസ

'എന്റെ കുഞ്ഞുങ്ങളുടെ കണ്ണിലേക്ക് നോക്കാനാകുന്നില്ല, നിസഹായാവസ്ഥയില്‍ മരണമാണ് നല്ലതെന്ന് തോന്നും'; ദുരിതക്കയത്തില്‍ ഗാസ

ഗാസയിലെ 2.3 ദശലക്ഷത്തോളം വരുന്ന ജനങ്ങള്‍ മതിയായ ആഹാരവും മരുന്നും ലഭിക്കാതെ ജീവിതത്തോട് മല്ലിടുകയാണ്
Updated on
2 min read

"എനിക്ക് എന്റെ വീടും ഏക വരുമാന മാർഗമായിരുന്ന കടയും നഷ്ടപ്പെട്ടു. എന്റെ കുഞ്ഞുങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ പോലും നിറവേറ്റി കൊടുക്കാന്‍ എനിക്ക് കഴിയുന്നില്ല," ഇസ്രയേലിന്റെ ആക്രമണത്തെ തുടർന്ന് ഗാസയില്‍ നിന്ന് കുടിയിറക്കപ്പെട്ട രണ്ട് കുട്ടികളുടെ പിതാവായ മുഹമ്മദ് അല്‍ ഖല്‍ദിയുടെ വാക്കുകളാണിത്. ചോദ്യ ചിഹ്നമായി മാത്രം അവശേഷിക്കുന്ന ഭാവിയും തുടരുന്ന അരക്ഷിതാവസ്ഥയും ഉള്‍പ്പെടെ പ്രതിസന്ധികളുടെ ദുരിതക്കയത്തില്‍ കഴിയുന്ന പലസ്തീനികളുടെ ജീവിതത്തിലെ ഒരു ഏട് മാത്രമാണ് മുഹമ്മദ് അല്‍ ഖല്‍ദി.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഖാന്‍ യൂനിസില്‍ ഇസ്രയേല്‍ സൈന്യം ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. ഇതേതുടർന്ന് നാസർ ആശുപത്രിയുടെ പരിസരത്ത് അഭയം പ്രാപിച്ചിരുന്നവർ ഒഴിഞ്ഞു തുടങ്ങി. ഗാസയിലെ 2.3 ദശലക്ഷത്തോളം വരുന്ന ജനങ്ങള്‍ മതിയായ ആഹാരവും മരുന്നും ലഭിക്കാതെ ജീവിതത്തോട് മല്ലിടുകയാണ്.

"ഗാസയിലുണ്ടായ വന്‍ നാശത്തിന് കാരണം ഇസ്രയേലിന്റെ അധിനിവേശം തന്നെയാണ്. പക്ഷേ, ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ഹമാസിനുമാകില്ല. യുദ്ധത്തിന് മുന്‍പുതന്നെ സാഹചര്യങ്ങള്‍ കഠിനമായിരുന്നു, ഇപ്പോഴത് കൂടുതല്‍ വഷളായിരിക്കുന്നു. സാധനങ്ങളുടെ വില പതിന്‍മടങ്ങ് വർധിച്ചു, അവശ്യ സാധനങ്ങളുടെ ലഭ്യതക്കുറവുണ്ട്. എന്റെ കുഞ്ഞുങ്ങളുടെ കണ്ണുകളിലേക്ക് നോക്കുമ്പോള്‍, അവർക്ക് ഭക്ഷണം പോലും നല്‍കാനാകുന്നില്ലെന്ന നിസഹായ അവസ്ഥ ഒർക്കുമ്പോള്‍, മരണമാണ് നല്ലതെന്ന് തോന്നും," മുഹമ്മദ് അല്‍ ഖല്‍ദി ബിബിസിയോട് പ്രതികരിക്കവെ കൂട്ടിച്ചേർത്തു.

'എന്റെ കുഞ്ഞുങ്ങളുടെ കണ്ണിലേക്ക് നോക്കാനാകുന്നില്ല, നിസഹായാവസ്ഥയില്‍ മരണമാണ് നല്ലതെന്ന് തോന്നും'; ദുരിതക്കയത്തില്‍ ഗാസ
'കൊടും തണുപ്പില്‍ നഗ്നരാക്കി മർദനം'; പലസ്തീനികള്‍ക്ക് ഇസ്രയേല്‍ തടവറയില്‍ കൊടും പീഡനം

ഭൂമിക്ക് മുകളിലേക്കാള്‍ ഭൂമിക്കടിയിലാണ് ഇസ്രയേല്‍ സൈന്യത്തിന്റെ പ്രവർത്തനമെന്ന് ഗാസയില്‍ നിന്ന് കുടിയിറക്കപ്പെട്ട നാജി മഹമ്മൂദ് പറഞ്ഞു. വടക്കന്‍ ഗാസയിലെ ഇസ്രയേലിന്റെ ആക്രമണത്തിന് സാക്ഷ്യം വഹിച്ച നാജി മഹമ്മൂദ് നവംബറില്‍ ഒരു വാരം നീണ്ടു നിന്ന വെടിനിർത്തലിലാണ് ഖാന്‍ യൂനിസിലേക്ക് എത്തിയത്.

"ഞങ്ങള്‍ക്ക് താഴെയുള്ള ഭൂമി കുലുങ്ങുന്നതായി തോന്നും. ഭൂകമ്പം പോലെ. ഇത് എല്ലാ ദിവസവും വൈകുന്നേരം ആവർത്തിക്കും. തുരങ്കങ്ങളെ ലക്ഷ്യമാക്കിയുള്ള ബോംബാക്രമണമാണെന്നാണ് തോന്നുന്നത്. ഞങ്ങള്‍ ഗാസയിലുണ്ടായിരുന്നപ്പോള്‍ കൂടുതല്‍ ആക്രമണവും ആകാശമാർഗമായിരുന്നു," നാജി മഹമ്മൂദ് പറഞ്ഞു.

യുദ്ധത്തെ തുടർന്നുണ്ടായ മാനുഷിക പ്രശ്നങ്ങള്‍ മാത്രമല്ല ജനങ്ങള്‍ അഭിമുഖീകരിക്കുന്നത്, സുരക്ഷാ പ്രശ്നങ്ങളും നിലനില്‍ക്കുന്നുണ്ട്. ആയുധം ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയുള്ള മോഷണം വ്യാപകമായിട്ടുണ്ടെന്നാണ് പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത മാധ്യമ പ്രവർത്തകന്റെ പ്രതികരണത്തില്‍ നിന്ന് വ്യക്തമാകുന്നത്.

"റാഫയിലെ ജോലി സ്ഥലത്ത് നിന്ന് ഞാന്‍ തിരികെ വരികയായിരുന്നു. മുഖംമൂടി ധരിച്ച മൂന്ന് ആയുധ ധാരികള്‍ എന്നെ തടഞ്ഞു നിർത്തി. അവരുടെ കയ്യില്‍ കത്തിയും തോക്കുമുണ്ടായിരുന്നു. മൂല്യമുള്ള എന്തെങ്കിലും കിട്ടാനായി അവർ കാർ മുഴുവന്‍ അരിച്ചുപെറുക്കി. അതിലൊരാള്‍ ഞാന്‍ മാധ്യമപ്രവർത്തകനാണെന്ന് മനസിലാക്കിയതോടെ വിട്ടയക്കാന്‍ തയാറായി," മാധ്യമപ്രവർത്തകന്‍ വ്യക്തമാക്കി.

'എന്റെ കുഞ്ഞുങ്ങളുടെ കണ്ണിലേക്ക് നോക്കാനാകുന്നില്ല, നിസഹായാവസ്ഥയില്‍ മരണമാണ് നല്ലതെന്ന് തോന്നും'; ദുരിതക്കയത്തില്‍ ഗാസ
അമേരിക്കയുടെ നിർദേശം പരസ്യമായി തള്ളി ഇസ്രയേൽ; പലസ്തീൻ രാഷ്ട്ര രൂപീകരണം അംഗീകരിക്കാനാകില്ലെന്ന് നെതന്യാഹു

റാഫയിലെ തെരുവുകളില്‍ മുഖം മൂടി ധരിച്ച പോലീസ് ഉദ്യോഗസ്ഥരെ കാണാം. വ്യാപാരികള്‍ സാധനങ്ങളുടെ വില വർധിപ്പിക്കുന്നതില്‍ ഒന്നും ചെയ്യാന്‍ പോലീസ് ഉദ്യോഗസ്ഥർക്ക് സാധിക്കുന്നില്ലെന്നാണ് ജനങ്ങള്‍ പറയുന്നത്.

"ഞാന്‍ കഴിഞ്ഞ ദിവസം ഗോതമ്പ് വാങ്ങി. യഥാർഥ വിലയുടെ പത്ത് മടങ്ങ് കൊടുത്താണ് വാങ്ങിയത്. അതില്‍ പലസ്തീന്‍ അഭയാർഥികള്‍ക്കായുള്ള ഐക്യരാഷ്ട്ര സഭയുടെ ഏജന്‍സിയായ യുഎന്‍ആഡബ്ല്യുഎയുടെ അടയാളമുണ്ടായിരുന്നു. യുഎന്‍ ഏജന്‍സിയുടെ സാധനങ്ങള്‍ മോഷ്ടിച്ച് വില്‍ക്കുന്നവരെ എന്തുകൊണ്ടാണ് പോലീസ് തടയാത്തത്," മുഹമ്മദ് ഷെയ്‌ഖ് ഖലീല്‍ ചോദിച്ചു.

"എന്റെ കുഞ്ഞിന് പാല് കണ്ടെത്താന്‍ എനിക്കാവുന്നില്ല. എന്റെ മകന് ഓട്ടിസം ഉണ്ട്, മാസങ്ങളായി അവന് ചികിത്സ ലഭിച്ചിട്ട്. അവനെ സമാധാനപ്പെടുത്താന്‍ എനിക്കാകുന്നില്ല, യുദ്ധത്തിന് ശേഷം എല്ലാം തകിടം മറിഞ്ഞിരിക്കുകയാണ്," മുഹമ്മദ് ഷെയ്‌ഖ് ഖലീല്‍ കൂട്ടിച്ചേർത്തു.

"സുസ്ഥിരമായ പരിഹാരത്തോടെ യുദ്ധം അവസാനിക്കണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ഞങ്ങള്‍ക്ക് എന്താണ് സംഭവിച്ചിരിക്കുന്നതെന്ന് നോക്കു. ഞങ്ങളുടെ വസ്ത്രങ്ങള്‍ മുതല്‍ സോളാർ പാനല്‍ വരെ കള്ളന്മാർ മോഷ്ടിച്ചിരിക്കുന്നു. ഞങ്ങള്‍ക്കിപ്പോള്‍ പണവും വീടുമില്ല. ഹമാസും ഇസ്രയേലും തമ്മിലുള്ള യുദ്ധം ഞങ്ങളുടെ ജീവിതം തകർത്തു,'' നെവീന്‍ ഇമാദീന്‍ നിരാശ പ്രകടിപ്പിച്ചു.

യുദ്ധത്തില്‍ ഇതുവരെ 24,762 പലസ്തീനികളാണ് മരിച്ചത്. 62,108ലധികം പേർക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

logo
The Fourth
www.thefourthnews.in