"40 രാജ്യങ്ങളുടെ പിന്തുണയുണ്ട്"; റഷ്യയും ബലാറസുമുണ്ടെങ്കിൽ ഒളിമ്പിക്സ് ബഹിഷ്കരിക്കുമെന്ന് പോളണ്ട്

"40 രാജ്യങ്ങളുടെ പിന്തുണയുണ്ട്"; റഷ്യയും ബലാറസുമുണ്ടെങ്കിൽ ഒളിമ്പിക്സ് ബഹിഷ്കരിക്കുമെന്ന് പോളണ്ട്

യുകെയും അമേരിക്കയും ഉൾപ്പെടെ 40ഓളം രാജ്യങ്ങൾ തങ്ങൾക്കൊപ്പമുണ്ടെന്നും പോളണ്ട് കായിക മന്ത്രി പറഞ്ഞു.
Updated on
1 min read

യുക്രെയ്ൻ അധിനിവേശം തുടരുന്ന സാഹചര്യത്തിൽ റഷ്യയെ ഒളിമ്പിക്സിൽ പങ്കെടുപ്പിക്കുന്നതിനെതിരെ പോളണ്ടും ബാൾട്ടിക് രാജ്യങ്ങളും. റഷ്യയും അവരുടെ സഖ്യകക്ഷിയും അയൽരാജ്യവുമായ ബലാറസിനെയും ഒളിമ്പിക്സിൽ പങ്കെടുപ്പിക്കുകയാണെങ്കിൽ 2024ലെ പാരീസ് ഒളിമ്പിക്സ് ബഹിഷ്കരിക്കുമെന്ന് പോളണ്ടിന്റെ കായിക മന്ത്രി കാമിൽ ബോർട്ട്‌നിക്‌സുക്ക് പറഞ്ഞു. ഇരു രാജ്യങ്ങളെയും പങ്കെടുപ്പിക്കാനുള്ള അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐഒസി)യുടെ തീരുമാനം വന്നതിന് പിന്നാലെയാണ് പോളണ്ട് ഉൾപ്പെടെയുള്ള രാജ്യങ്ങൾ വിയോജിപ്പ് പ്രകടിപ്പിച്ച് രംഗത്തെത്തിയത്. യുകെയും അമേരിക്കയും ഉൾപ്പെടെ 40ഓളം രാജ്യങ്ങൾ തങ്ങൾക്കൊപ്പമുണ്ടെന്നും പോളണ്ട് കായിക മന്ത്രി പറഞ്ഞു.

യുക്രെയ്ൻ അധിനിവേശം ആരംഭിച്ചതിന് പിന്നാലെ, അന്താരാഷ്ട്ര കായിക അസോസിയേഷനുകള്‍ റഷ്യയ്ക്കും ബലാറസിനും മേൽ വിലക്ക് ഏർപ്പെടുത്തിയിരുന്നു

റഷ്യയെ പങ്കെടുപ്പിച്ചാൽ ഒളിമ്പിക്സ് ബഹിഷ്കരിക്കുമെന്ന് യുക്രെയ്നും നിലപാടെടുത്തു. എന്നാൽ റഷ്യ വിരുദ്ധ സഖ്യത്തിന്റെ തീരുമാനം വാസ്‌തവത്തിൽ സ്വന്തം രാജ്യങ്ങളിലെ കായിക താരങ്ങൾക്കാണ് ദോഷമാകുക എന്ന് ഒളിമ്പിക് കമ്മിറ്റി പ്രതികരിച്ചു. ഫെബ്രുവരി 10ന് നടക്കുന്ന യോഗത്തിന് മുൻപ് ഐഒസിയുടെ റഷ്യ പങ്കെടുപ്പിക്കാനുള്ള പദ്ധതികൾ തടയുന്നതിന് ബ്രിട്ടൺ, യുഎസ്, കാനഡ എന്നിവയുൾപ്പെടെ 40 രാജ്യങ്ങളുടെ സഖ്യം രൂപീകരിക്കും. ഈ സഖ്യം ഗെയിംസ് ബഹിഷ്‌കരിക്കുകയാണെങ്കിൽ, ഒളിമ്പിക്സിന്റെ നടത്തിപ്പ് തന്നെ അര്‍ഥശൂന്യമാകുമെന്നും ബോർട്ട്നിക്സുക്ക് പറഞ്ഞു.

റഷ്യ, ബലാറസ് രാജ്യങ്ങളിലെ അത്‌ലറ്റുകളെ നിഷ്പക്ഷ (സ്വന്തം രാജ്യത്തിൻറെ പതാകയ്ക്ക് കീഴിലല്ലാതെ) പതാകയിൽ പാരീസിൽ മത്സരിക്കാൻ അനുവദിക്കുന്നതിനെ കുറിച്ച് കഴിഞ്ഞ ആഴ്ച ഐഒസി പറഞ്ഞിരുന്നു. ഒരു അത്‍ലറ്റിന്റെ പൗരത്വം അയാളെ ബഹിഷ്കരിക്കാൻ കാരണമാകരുതെന്നും ഐഒസി പറഞ്ഞു. തീരുമാനം വന്നതിന് തൊട്ട് പിന്നാലെ തീരുമാനത്തെ അപലപിച്ച് യുകെ രംഗത്തെത്തി. അധിനിവേശത്തിൽ ആഗോള സമൂഹത്തിന്റെ റഷ്യയോടുള്ള സമീപനം മാറാൻ ഇതുകാരണമാകുമെന്നും യുകെ പറഞ്ഞു.

"റഷ്യൻ, ബലാറഷ്യൻ കായിക താരങ്ങളെ ഒരു നിഷ്പക്ഷ പതാകയ്ക്ക് കീഴിൽ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ ഏത് ശ്രമവും എതിർക്കേണ്ടതാണ്. നിഷ്പക്ഷതയുടെ മറവിൽ അന്തർദേശീയ കായിക മത്സരങ്ങളിൽ ഈ താരങ്ങളെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ ഇരു രാജ്യങ്ങളുടെയും രാഷ്ട്രീയ തീരുമാനങ്ങളും വ്യാപകമായ പ്രചാരണവും നിയമാനുസൃതമാക്കും" ലാത്വിയ, ലിത്വാനിയ, എസ്റ്റോണിയ, പോളണ്ട് എന്നീ രാജ്യങ്ങളുടെ കായിക മന്ത്രിമാർ പറഞ്ഞു, അധിനിവേശം അവസാനിപ്പിക്കും വരെ ഇരു രാജ്യങ്ങളെയും അന്താരാഷ്ട്ര മത്സരങ്ങളിലൊന്നും പങ്കെടുപ്പിക്കരുതെന്നും സഖ്യം ആഹ്വാനം ചെയ്തു.

യുക്രെയ്ൻ അധിനിവേശം ആരംഭിച്ചതിന് പിന്നാലെ, അന്താരാഷ്ട്ര കായിക അസോസിയേഷനുകള്‍ റഷ്യയ്ക്കും ബെലാറസിനും മേൽ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഫിഫ, യുവേഫ, ലോക അത്‌ലറ്റിക്‌സ് കൗൺസിൽ, ഫോർമുല വൺ മത്സരങ്ങൾ, 2022ൽ നടന്ന വിന്റർ പാരാലിമ്പിക്സ്‌ എന്നിവയിലെല്ലാം ഇരു രാജ്യങ്ങൾക്കും വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്.

logo
The Fourth
www.thefourthnews.in